

പ്രവാസി ഇൻഷുറൻസുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പ്രശ്നങ്ങൾ അടിയന്തരമായി മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. പ്രവാസികളുടെ ആശങ്കകൾ പരിഹരിക്കാൻ ആവശ്യമായ ഇടപെടൽ നടത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി. ദോഹയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രവാസികൾ ഇല്ലാതെ കേരളത്തിന് മുന്നോട്ടുപോകാനാകില്ലെന്നും അവരുടെ പ്രശ്നങ്ങൾ യുഡിഎഫ് സർക്കാർ ഗൗരവത്തോടെ കാണുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. പ്രവാസികളുടെ കൂടി സർക്കാരാണ് ഇപ്പോൾ കേരളം ഭരിക്കുന്നത്. നിരവധി പ്രവാസികൾ നാട്ടിലെത്തി വോട്ട് ചെയ്തതിന്റെ കൂടി ഫലമായാണ് ഈ സർക്കാർ അധികാരത്തിലെത്തിയത്. അതിനാൽ പ്രവാസികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന നിലപാടായിരിക്കും സർക്കാർ സ്വീകരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മരണാർത്ഥം രൂപീകരിച്ച ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ ഖത്തർ ചാപ്റ്ററിന് ചാണ്ടി ഉമ്മൻ എംഎൽഎ തുടക്കം കുറിച്ചു. ഉമ്മൻ ചാണ്ടി ഉയർത്തിപ്പിടിച്ച ജനസേവന മാതൃകയും ജീവകാരുണ്യ പ്രവർത്തനങ്ങളും ഖത്തറിലെ പ്രവാസി സമൂഹത്തിലേക്കും വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.
Content Highlights: Chandy Oommen has said he will bring the expatriate insurance issue to the attention of the Kerala Chief Minister and seek a solution.