

ബഹ്‌റൈനും സൗദി അറേബ്യയ്ക്കുമിടയിലുള്ള യാത്രാമേഖലയിൽ ചരിത്രപരമായ പുതിയ മാറ്റത്തിന് തുടക്കമായി. ഇരുരാജ്യങ്ങളിലെയും ലൈസൻസുള്ള ടാക്സികൾക്ക് ഇനി കിങ് ഫഹദ് കോസ്‌വേ വഴി നേരിട്ട് യാത്രക്കാരെ കൊണ്ടുപോകാം. പുതിയ സംവിധാനം പ്രാബല്യത്തിൽ വന്നതോടെ അതിർത്തി കടന്നുള്ള റോഡ് ഗതാഗതം കൂടുതൽ എളുപ്പവും കാര്യക്ഷമവുമാകും. ബഹ്‌റൈൻ ഗതാഗത മന്ത്രാലയവും സൗദി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റിയും സംയുക്തമായാണ് ഈ നിർണ്ണായക പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.
നേരത്തെ പ്രത്യേക സാഹചര്യങ്ങളിൽ ചില ടാക്‌സികൾക്ക് താൽക്കാലികമായി കോസ്‌വേ വഴി സൗദിയിലേക്ക് യാത്രാനുമതി നൽകിയിരുന്നെങ്കിലും പുതിയ തീരുമാനത്തോടെ സർവീസുകൾക്ക് വിപുലമായ ഔദ്യോഗിക ചട്ടക്കൂട് നിലവിൽ വന്നു. ഇരുരാജ്യങ്ങളും അംഗീകരിച്ചിട്ടുള്ള കൃത്യമായ ചട്ടങ്ങളും വ്യവസ്ഥകളും അനുസരിച്ചായിരിക്കും ടാക്‌സികളുടെ അതിർത്തി കടന്നുള്ള പ്രവർത്തനം. സ്വദേശികൾ, പ്രവാസികൾ, സന്ദർശകർ എന്നിവരുടെ യാത്ര കൂടുതൽ എളുപ്പമാക്കാൻ ഈ തീരുമാനം സഹായിക്കും. കൂടാതെ, റോഡ് ഗതാഗതം മെച്ചപ്പെടുത്തുന്നതിനൊപ്പം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സഹകരണവും കൂടുതൽ ശക്തമാകാനും ഇത് വഴിവെക്കും.
സുരക്ഷ, സേവന ഗുണനിലവാരം, ട്രാഫിക് ക്രമീകരണങ്ങൾ എന്നിവ പൂർണ്ണമായി ഉറപ്പാക്കിയാണ് കോസ്‌വേ വഴിയുള്ള വാഹന കടത്തിവിടൽ ക്രമീകരിച്ചിരിക്കുന്നത്. സേവനം സുഗമമാക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങളും സാങ്കേതിക നിബന്ധനകളും മന്ത്രാലയം മുന്നോട്ടുവെച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളുടെയും ഔദ്യോഗിക ലൈസൻസുള്ള ടാക്‌സികൾക്ക് മാത്രമായിരിക്കും അതിർത്തി കടക്കാൻ അനുമതിയുണ്ടാവുക. കൂടാതെ, ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി അഞ്ച് വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾക്ക് അനുമതി നൽകില്ല.
യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമായ യാത്രാസൗകര്യം ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വരും ദിവസങ്ങളിൽ യാത്രക്കാരുടെ അനുഭവം കൂടുതൽ മെച്ചപ്പെടുത്താൻ സൗദി അധികൃതരുമായി ചേർന്ന് തുടർന്നുള്ള നടപടികൾ ഏകോപിപ്പിക്കുമെന്ന് ബഹ്‌റൈൻ ലാൻഡ് ട്രാൻസ്‌പോർട്ട് അണ്ടർസെക്രട്ടറി ഫാത്തിമ അബ്ദുള്ള അൽ ദാഇൻ വ്യക്തമാക്കിക്കഴിഞ്ഞു.
Content Highlights: A new transport policy in Bahrain has come into effect, allowing passengers to travel from Bahrain to Saudi Arabia by taxi. The move is expected to provide an additional and convenient option for people travelling between the two Gulf countries.