

പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു. കുവൈറ്റിന് നേരെ തുടർച്ചയായ രണ്ടാം ദിവസവും ഇറാന്റെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ഉണ്ടായി. അതേസമയം, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ഫോണിൽ സംസാരിച്ച് മേഖലയിലെ സുരക്ഷാ സാഹചര്യം ചർച്ച ചെയ്തു.
വ്യാഴാഴ്ച പുലർച്ചെ നാലരയോടെയാണ് കുവൈറ്റിന് നേരെ ഇറാൻ വീണ്ടും ആക്രമണം നടത്തിയത്. ആക്രമണത്തിന് മുന്നോടിയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. അതിർത്തി കടന്നെത്തിയ മിസൈലുകളും ഡ്രോണുകളും തങ്ങളുടെ വ്യോമ പ്രതിരോധ സേന വിജയകരമായി തടഞ്ഞതായി കുവൈറ്റ് സൈന്യം അറിയിച്ചു.
തുടർച്ചയായ രണ്ടാം ദിവസമാണ് കുവൈറ്റിന് നേരെ ഇറാൻ ആക്രമണം നടത്തുന്നത്. ആക്രമണത്തെ "ഹീനമായ നടപടി" എന്ന് കുവൈറ്റ് വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചു. തങ്ങളുടെ പരമാധികാരവും പൗരന്മാരുടെ സുരക്ഷയും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ജനങ്ങൾ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും സൈന്യം ആവശ്യപ്പെട്ടു.
അമേരിക്ക–ഇറാൻ സംഘർഷം രൂക്ഷമായതോടെ ഗൾഫ് മേഖലയിലാകെ സുരക്ഷാ ആശങ്ക ശക്തമായിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ടെലിഫോൺ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തെക്കുറിച്ചും പശ്ചിമേഷ്യയിലെ സൈനിക സംഭവവികാസങ്ങളെക്കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു.
Content Highlights: Kuwait reportedly faced attacks for the second consecutive day amid escalating tensions in West Asia. US President Donald Trump also held discussions with the UAE President regarding regional developments and security concerns.