

പ്രളയം നാശം വരുത്തിയ നേപ്പാളിനെ കൈവിടാതെ യുഎഇ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീം. നേപ്പാളിലെ റസുവ ഏരിയയില്‍ യുഎഇ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീമിന്റെ ഫീല്‍ഡ് ഓപ്പറേഷന്‍ ആരംഭിച്ചു. റസുവ പ്രദേശത്തെ തിരച്ചില്‍, രക്ഷാപ്രവര്‍ത്തനം എന്നിവയ്ക്കായി വിന്യസിച്ച നേപ്പാള്‍ സംഘത്തിനൊപ്പമാണ് യുഎഇ ടീമും പ്രവര്‍ത്തിക്കുന്നത്.
നൂതന- സാങ്കേതിക ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ക്കാണ് യുഎഇ സംഘം പ്രാധാന്യം നല്‍കുന്നത്. ഏരിയല്‍ ഫോട്ടോഗ്രഫിക്കും സര്‍വേയ്ക്കുമായി ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ട്. നേപ്പാളില്‍ ദുരിതം ബാധിക്കുന്നവരെ സഹായിക്കുന്നതിനായുള്ള പ്രതിബദ്ധത യുഎഇ സംഘത്തിനുണ്ടെന്ന് യുഎഇ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഡയറക്ടര്‍ ഹമൂദ് അല്‍ അഫാരി പറഞ്ഞു.
നേപ്പാളില്‍ ദുരിതം ബാധിച്ചത് മുതല്‍ വിവിധ പ്രദേശങ്ങളില്‍ യുഎഇ സംഘം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിക്കടുത്ത് മഞ്ഞും പാറയും ഇടിഞ്ഞുവീണതിനെത്തുടര്‍ന്നുണ്ടായ പെട്ടെന്നുള്ള മിന്നല്‍ പ്രളയം ഓഗസ്റ്റ് 26-ന് നേപ്പാളിന്റെ വടക്കന്‍, മധ്യ മേഖലകളിലെ പട്ടണങ്ങളെയും ഗ്രാമങ്ങളെയും തകര്‍ത്തെറിയുകയായിരുന്നു.
ഹിമാലയന്‍ അതിര്‍ത്തി മേഖലയില്‍ നിന്ന് തെക്കോട്ട് ഒഴുകുന്ന ഭോട്ടെകോശി നദി വെള്ളപ്പൊക്കജലം താഴേക്ക് ഒഴുക്കുകയും, വീടുകള്‍, വാഹനങ്ങള്‍, റോഡുകള്‍, പാലങ്ങള്‍ എന്നിവ ഒഴുക്കിക്കളയുകയും ജലവൈദ്യുത പദ്ധതികള്‍ക്ക് നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്യുകയായിരുന്നു.
അതേസമയം മിന്നല്‍ പ്രളയത്തില്‍ 1300നടുത്താണ് മരണം. 4000 ഓളം പേര്‍ ഇപ്പോഴും കാണാമറയത്താണ്. കാണാതായവരില്‍ 583 പേര്‍ വിദേശ പൗരന്മാരാണെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ 11,993 പേരെ രക്ഷപ്പെടുത്തിയതായാണ് നേപ്പാള്‍ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിരിക്കുന്നത്. പ്രളയം രൂക്ഷമായി ബാധിച്ച എട്ട് ജില്ലകളില്‍ നിന്നാണ് ഭൂരിഭാഗം മൃതദേഹങ്ങളും കണ്ടെടുത്തിരിക്കുന്നത്.
Content Highlights: The UAE Search and Rescue Team has started field operations in Nepal’s Rasuwa area following devastating floods