

മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തില്‍ തുടരെ ഹിറ്റുകള്‍ സമ്മാനിച്ച നടി പിന്നീട് തമിഴിലും തെലുങ്കിലുമെല്ലാം കയ്യടി നേടിയിട്ടുണ്ട്. അടുത്തിടെ ഐശ്വര്യ ഒരു ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ ധരിച്ച വസ്ത്രം ചിലരെ ചൊടിപ്പിച്ചിരുന്നു. മഞ്ഞ നിറത്തിലുള്ള സ്ട്രാപ്‌ലെസ്സ് സ്ലീവ്‌ലെസ്സ് വസ്ത്രം ധരിച്ചാണ് താരം പരിപാടിയിൽ എത്തിയത്. വസ്ത്രത്തിന്റെ പേരിൽ ഉയർന്ന വിമർശനങ്ങളോട് പ്രതികരിക്കുകയാണ് ഐശ്വര്യ. ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാൻ തനിക്ക് ആരുടെയും അനുവാദം ആവശ്യമില്ലെന്ന് ഐശ്വര്യ വ്യക്തമാക്കുന്നു. രഞ്ജിനി ഹരിദാസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ആ ഔട്ട്ഫിറ്റ് എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. ഞാൻ നെഗറ്റീവ് കമന്റുകളോ അല്ലെങ്കിൽ അത്തരം കാര്യങ്ങളിലൊന്നും ബോധവതിയല്ല. സത്യത്തിൽ എന്താണ് സംഭവിച്ചതെന്ന് ഞാൻ പറയാം. ഒന്നാമത്തെ കാര്യം ഇതൊരു വിശദീകരണമല്ല, താൻ ധരിക്കുന്ന വസ്ത്രത്തെക്കുറിച്ച് എനിക്കാരോടും വിശദീകരിക്കേണ്ട കാര്യമില്ല. ഞാൻ ആ വസ്ത്രം ഫിറ്റ് ചെയ്തിട്ടില്ലായിരുന്നു. ഏഴ് എട്ട് ദിവസത്തെ നൈറ്റ് ഷൂട്ട് കഴിഞ്ഞിട്ട് വരുമ്പോൾ എന്തെങ്കിലുമാകട്ടെ എന്നൊരു ചിന്തയിലാണ് നമ്മൾ. 'കുളിച്ചോണ്ടിരുന്നതിന്റെ ഇടയിൽ വന്ന് ഉദ്ഘാടനം ചെയ്തിട്ട് പോയി' എന്നൊക്കെയായിരുന്നു കമന്റുകൾ. അത് കറക്ടാണ്. സ്റ്റൈലിസ്റ്റ് എന്നോട് പറയുന്നുണ്ട്, 'നമുക്ക് മുടി അഴിച്ചിടാം അല്ലെങ്കിൽ ഒരു ചോക്കർ ഇട്ടു നോക്കാം' എന്നൊക്കെ. ഇത് ശരിക്കും കുളിക്കുന്ന ഡ്രസ് ആണ്.
എന്റെ സുഹൃത്തുക്കൾ വരെ എന്നെ കളിയാക്കി. 'അത് ധരിക്കണ്ട' എന്ന് എന്നോട് എല്ലാവരും പറഞ്ഞതാണ്. സുഹൃത്തുക്കളും സ്റ്റൈലിസ്റ്റും അത് ധരിക്കരുത് എന്ന് പറഞ്ഞിരുന്നു. പക്ഷേ ഞാനത് തന്നെ ധരിച്ചു. അത് വലിയ അബദ്ധമായിരുന്നു. ഞാൻ ഭയങ്കര കോൺഫിഡന്റ് ആണ്, ഇതാണ് ഫാഷൻ, നമ്മളെ പഴയകാലത്തിലേക്ക് കൊണ്ടു പോകുന്നു എന്നൊക്കെയുള്ള മട്ടിലായിരുന്നു.
അങ്ങനെ മുലക്കച്ച വീണ്ടും ട്രെൻഡിങ് ആയി. അത് ആദ്യം തിരിച്ചറിഞ്ഞതും ഞാൻ തന്നെയായിരുന്നു. കാറിൽ നിന്ന് പുറത്തിറങ്ങി കഴിഞ്ഞപ്പോഴാണ് 'അയ്യോ ഇത് വേണ്ടായിരുന്നു' എന്ന് തോന്നിയത്. അതിന് ശേഷം കൂട്ടുകാർ പറഞ്ഞതാണ് ശരി, എനിക്ക് തെറ്റി എന്ന സാധനത്തിലേക്ക് ഞാനെത്തി. അത് കഴിഞ്ഞാണ് ക്ലീവേജ് കാണുന്ന തരത്തിലുള്ള ആ ഡ്രസ് ഇട്ടത്. അതിന് മുൻപ് തന്നെ 'ഇത് ഇട്ടോട്ടെ' എന്ന് ഞാൻ എന്റെ സുഹൃത്തുക്കളോട് ചോദിച്ചു. പക്ഷേ അതെല്ലാവർക്കും ഇഷ്ടപ്പെട്ടു. പക്ഷേ ആ വസ്ത്രത്തിന് അത്രയും വലിയ കീഹോൾ ആയിരിക്കുമെന്ന് ഞാനും വിചാരിച്ചില്ല. ഡിസൈൻ ചെയ്യുന്ന സമയത്ത്. പക്ഷേ ഞാനത് ധരിച്ച് കഴിഞ്ഞപ്പോൾ ഒരു വ്യത്യസ്തമായി.
എന്റെ കൂടെ എപ്പോഴും സ്ത്രീകളുടെ ഒരു ക്രൂ ഉണ്ടാകും. ആ വസ്ത്രം ധരിച്ച്, ഡയമണ്ട് ഒക്കെ ഇട്ടതിന് ശേഷം കാണാനിപ്പോൾ ഇന്റർനാഷണൽ ലുക്ക് ഉണ്ട് എന്നൊക്കെ ആണ് നമ്മളെല്ലാവരും പറഞ്ഞത്. തിരുവനന്തപുരത്തായിരുന്നു ആ പരിപാടി. ഇന്റർനാഷണൽ ഡയമണ്ട് എക്സിബിഷൻ ആയിരുന്നു പരിപാടി. അന്ന് രാവിലെ വേറൊരു ഉദ്ഘാടനം കൂടി ഉണ്ടായിരുന്നു എനിക്ക്.
അപ്പോൾ അതുവഴി പോയപ്പോൾ ഞാൻ വെറുതെ ഒന്ന് കയറിയതാണ് അവിടെ, അല്ലാതെ അത് പെയ്ഡ് ആയിരുന്നില്ല. എന്റെ ഉള്ളിലെ ഫാഷൻ ദൈവങ്ങളെ മുഴുവൻ വിളിച്ചിട്ടാണ് ഞാൻ ആ ഔട്ട്ഫിറ്റ് ധരിച്ചത്. മേക്കപ്പും ഹെയർ സ്റ്റൈൽ ചെയ്തതുമൊക്കെ നമുക്കിഷ്ടപ്പെട്ടു. പക്ഷേ ചെന്നിറങ്ങിയത് പഴവങ്ങാടിയിൽ ആണെന്ന് മാത്രം നമ്മൾ പ്ലാൻ ചെയ്തില്ല. ആ ഒരു ദിവസം മുഴുവൻ ഞാൻ ചിരിയായിരുന്നു. വിഡിയോ കോൾ ചെയ്ത് എന്റെ സുഹൃത്തുക്കളെയൊക്കെ ഞാൻ ഔട്ട്ഫിറ്റ് കാണിച്ചു. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് തൊട്ടടുത്തുള്ള ഒരു കടയിലൊക്കെ ഞാൻ പോയി കാണിച്ചു. പക്ഷേ കാമറയും കൊണ്ട് ആളുകൾ വരുമെന്ന് ഞാൻ വിചാരിച്ചില്ല. അത് ഞാൻ ഒരു തരത്തിലും പ്രതീക്ഷിച്ചിരുന്നില്ല.
കാമറകൾ പെട്ടെന്ന് മുഖത്തിന് നേരെ വരുന്നതിന് പകരം ശരീരത്തിന് താഴേക്ക് ആകുമ്പോൾ ആർക്കായാലും അസ്വസ്ഥത തോന്നും. അപ്പോൾ ഞാൻ അസ്വസ്ഥയായി. അപ്പോൾ നമ്മുടെ ബോഡി ലാങ്വേജും മാറുമല്ലോ. വ്യക്തിപരമായ നമ്മുടെ അതിരിനപ്പുറമാണ് ആൾക്കാരും കാമറയുമൊക്കെ നിൽക്കുന്നത്. ആ വസ്ത്രത്തിൽ എനിക്ക് യാതൊരു കുഴപ്പവും തോന്നിയിരുന്നില്ല, എന്നാൽ ആളുകളുടെ കണ്ണുകൾ എവിടേക്കാണ് നോക്കുന്നത് എന്നതിലാണ് പ്രശ്‌നം. 'സംസ്കാരത്തിന് ചേർന്ന വസ്ത്രമല്ല' എന്നൊക്കെയാണ് ആളുകൾ പറയുന്നത്.
സംസ്കാരത്തിന് ചേരുന്ന ഭാഷയാണോ നിങ്ങൾ ഉപയോഗിക്കുന്നത് ?. സംസ്‌കാരം എന്നത് വസ്ത്രത്തിന്റെ നീളത്തിലോ ക്ലീവേജിലോ ആണോ ഇരിക്കുന്നത് ?. അല്ല, മറിച്ച് ഒരാൾ എങ്ങനെ പെരുമാറുന്നു എന്നതിലാണ്. അതിനൊന്നും പൊലീസിങ് ഇല്ല, അതിൽ നിയന്ത്രണങ്ങളില്ലാ. ആളുകൾക്ക് തോന്നുന്നത് പറയാം". - ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
Content Highlights: Aishwarya has responded to criticism surrounding her clothing, emphasizing that culture should be understood through a person's behavior rather than their choice of attire. Her remarks have sparked discussion on social media about culture, personal choices and societal expectations.