യുദ്ധഭീതിയിൽ പശ്ചിമേഷ്യ;: യു.എസ് തിരിച്ചടിക്ക് പിന്നാലെ ഗൾഫ് രാജ്യങ്ങളിൽ ഇറാൻ്റെ ആക്രമണം

രാജ്യത്തെ പൗരന്മാരെയും കുട്ടികളെയും ലക്ഷ്യമിട്ടാണ് അമേരിക്കൻ ആക്രമണമെന്നാണ് ഇറാൻ്റെ ആരോപണം

യുദ്ധഭീതിയിൽ പശ്ചിമേഷ്യ;: യു.എസ് തിരിച്ചടിക്ക് പിന്നാലെ ഗൾഫ് രാജ്യങ്ങളിൽ ഇറാൻ്റെ ആക്രമണം
dot image

പശ്ചിമേഷ്യയിൽ യുഎസ്-ഇറാൻ സംഘർഷം അതിരൂക്ഷമാകുന്നു. ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണങ്ങളിൽ സൈനികർ ഉൾപ്പെടെ 18 പേർ കൊല്ലപ്പെട്ടു. ദക്ഷിണ ഇറാനിലെ സിരികിൽ വിവാഹച്ചടങ്ങ് നടക്കുകയായിരുന്ന വീടിനുനേരെയുണ്ടായ മിസൈൽ ആക്രമണമുണ്ടായി. ഇതിൽ ഒരു കുട്ടിയുൾപ്പെടെ നാല് പേർ മരിക്കുകയും 50-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

രാജ്യത്തെ പൗരന്മാരെയും കുട്ടികളെയും ലക്ഷ്യമിട്ടാണ് അമേരിക്കൻ ആക്രമണമെന്നാണ് ഇറാൻ്റെ ആരോപണം. എന്നാൽ മേഖലയിൽ വാണിജ്യ കപ്പലുകൾക്കും യുഎസ് സൈന്യത്തിനും എതിരെ ഇറാൻ നടത്തിയ നീക്കങ്ങൾക്ക് മറുപടിയാണ് തിരിച്ചടിയെന്നാണ് യുഎസ് സെൻട്രൽ കമാൻഡിന്റെ നിലപാട്.

അമേരിക്കൻ ആക്രമണങ്ങൾക്ക് പിന്നാലെ വിപുലമായ തിരിച്ചടിയാണ് ഇറാൻ നടത്തുന്നത്. ജോർദാനിലെ പ്രിൻസ് ഹസൻ എയർബേസിന് നേർക്ക് ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി. ഇതിന് പുറമെ ബഹ്‌റൈൻ, ഇറാഖ്, കുവൈറ്റ്, യുഎഇ എന്നിവിടങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടും ആക്രമണങ്ങൾ ഉണ്ടായി. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ ഇറാൻ വിതച്ച മൈനുകളിൽ തട്ടി രണ്ട് കപ്പലുകൾക്ക് തീപിടിക്കുകയും ചെയ്തു.

കുവൈറ്റിൽ ഇറാൻ ഡ്രോൺ ആക്രമണം; താമസ സമുച്ചയത്തിൽ തീപിടിത്തം

കുവൈറ്റ് തലസ്ഥാനത്തെ താമസ സമുച്ചയത്തിന് നേരെ ബുധനാഴ്ച പുലർച്ചെ ഉണ്ടായ ഇറാനിയൻ ഡ്രോൺ ആക്രമണത്തെ തുടർന്ന് വൻ തീപിടിത്തമുണ്ടായി. വിവരമറിഞ്ഞ ഉടൻ അൽ-ഹിലാലി, അൽ-മദീന സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാ സംഘങ്ങൾ സ്ഥലത്തെത്തി തീയണയ്ക്കുകയും സ്ഥിതിഗതികൾ വേഗത്തിൽ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. സംഭവത്തിൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കെട്ടിടത്തിന് മാത്രമാണ് നാശനഷ്ടങ്ങൾ സംഭവിച്ചതെന്നും കുവൈറ്റ് ഫയർ ഫോഴ്‌സ് വക്താവ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ-ഗരീബ് വ്യക്തമാക്കി.

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം; രണ്ട് ഫിലിപ്പീൻ നാവികർ കൊല്ലപ്പെട്ടു

ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന സൗദി അറേബ്യയുടെ ദേശീയ ഷിപ്പിങ് കമ്പനിയായ ബഹ്‌രിയുടെ ‘എസ്ഐഡിആർ’ എന്ന കപ്പലിന് നേരെയുണ്ടായ സുരക്ഷാ ആക്രമണത്തിൽ രണ്ട് ഫിലിപ്പീൻ നാവികർ കൊല്ലപ്പെട്ടു. ഓഗസ്റ്റ് 31-നായിരുന്നു സംഭവം നടന്നതെന്ന് കപ്പൽ കമ്പനി പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു. അജ്ഞാത പ്രോജക്റ്റൈലുകൾ പതിച്ചാണ് അപകടമുണ്ടായതെന്ന റിപ്പോർട്ടുകളുണ്ടെങ്കിലും ആക്രമണത്തിന് പിന്നിൽ ആരാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ആഗോള എണ്ണ ഗതാഗതത്തിന്റെ നാഡിഞരമ്പായ ഹോർമുസിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഈ സംഘർഷങ്ങൾ വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.

Content Highlights: Tensions are rising across West Asia following Iranian attacks on Gulf countries after US retaliation. The developments have intensified fears of a wider regional conflict and increased security concerns across the Gulf.

dot image
To advertise here,contact us
dot image