ഇന്ത്യൻ ഓൺലൈൻ വിപണിയിൽ വൻ വിപ്ലവം; 2030-ഓടെ വിപണി മൂല്യം 345 ബില്യൺ ഡോളറിലെത്തും

ആമസോൺ, ഫ്ലിപ്കാർട്ട് പോലുള്ള പരമ്പരാഗത ഇ-കൊമേഴ്‌സ് കമ്പനികൾക്കും ക്വിക്ക് ഡെലിവറി സേവനങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകേണ്ട സാഹചര്യമാണുള്ളത്

ഇന്ത്യൻ ഓൺലൈൻ വിപണിയിൽ വൻ വിപ്ലവം; 2030-ഓടെ വിപണി മൂല്യം 345 ബില്യൺ ഡോളറിലെത്തും
dot image

ഇന്ത്യയിലെ ഇ-കോമേഴ്‌സ്, ക്വിക്ക് കോമേഴ്‌സ് പ്ലാറ്റുഫോമുകൾ ഉത്സവ സീസണിനായി ഒരുങ്ങുകയാണ്. പച്ചക്കറികൾക്കും നിത്യോപയോഗ സാധനങ്ങൾക്കും അപ്പുറം വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ്, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവ വേഗത്തിൽ ഡെലിവറി ചെയ്യുന്നതിലേക്ക് ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ ( ബ്ലിങ്കിറ്റ്, സെപ്റ്റോ, സ്വിഗ്ഗി, ഇൻസ്റ്റാമാർട്ട് ) വളരുന്നു. ഈ ഉത്സവകാലത്ത് ഈ മേഖലയിൽ വലിയ മുന്നേറ്റമുണ്ടാകും.

ഉത്സവകാലത്ത് ഉപഭോക്താക്കളുടെ അവസാന നിമിഷത്തെ വാങ്ങലുകൾ വർധിക്കുന്നതാണ് ക്വിക്ക് കൊമേഴ്‌സ് കമ്പനികൾക്ക് വലിയ അവസരമാകുന്നത്. പലചരക്ക് സാധനങ്ങൾക്ക് പുറമെ ഫാഷൻ, ഇലക്ട്രോണിക്സ്, ബ്യൂട്ടി ഉൽപ്പന്നങ്ങൾ എന്നിവയിലേക്കും ക്വിക്ക് കൊമേഴ്‌സ് വിപണി അതിവേഗം വ്യാപിക്കുകയാണ്. മിനിറ്റുകൾക്കുള്ളിൽ ഉൽപ്പന്നങ്ങൾ വീട്ടിലെത്തിക്കാമെന്ന സൗകര്യം ഉപഭോക്താക്കളെ ഇത്തരം പ്ലാറ്റ്‌ഫോമുകളിലേക്ക് കൂടുതൽ ആകർഷിക്കുന്നുണ്ട്. ഇതോടെ ആമസോൺ, ഫ്ലിപ്കാർട്ട് പോലുള്ള പരമ്പരാഗത ഇ-കൊമേഴ്‌സ് കമ്പനികൾക്കും ക്വിക്ക് ഡെലിവറി സേവനങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകേണ്ട സാഹചര്യമാണുള്ളത്.

റിസർച്ച് കൺസൾട്ടൻസി ഇൻഫിസം റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഇ-കൊമേഴ്‌സ് വിപണി 2024-ലെ 125 ബില്യൺ ഡോളറിൽ നിന്ന് 2030-ഓടെ 345 ബില്യൺ ഡോളറായി മൂന്നിരട്ടി വർദ്ധിക്കുമെന്ന് വ്യക്തമാക്കുന്നു.

മെട്രോ നഗരങ്ങളിൽ ആളുകൾ വേഗത്തിലുള്ള ഡെലിവറിക്കായി ക്വിക്ക് കൊമേഴ്‌സിനെ ആശ്രയിക്കുമ്പോൾ, ചെറുകിട നഗരങ്ങളിലും [ ടയർ 1, ടയർ 2 ] ഗ്രാമങ്ങളിലും ഇ-കൊമേഴ്‌സ് വഴിയുള്ള ഉത്സവകാല വിൽപന ശക്തമാണ്. സ്നാപ്ഡീലിന്റെ 80 ശതമാനത്തിലധികം വിൽപനയും മീഷോയുടെ 73 ശതമാനം ഓർഡറുകളും ഇത്തരം ചെറുകിട നഗരങ്ങളിൽ നിന്നാണ്. ഇവിടെയുള്ളവർ ബ്രാൻഡ് പ്രീമിയത്തേക്കാൾ കുറഞ്ഞ വിലയിൽ മികച്ച ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ വാങ്ങാനാണ് താല്പര്യപ്പെടുന്നത്.

ഉപഭോക്താക്കൾക്ക് അനുയോജ്യമായ ഉൽപ്പന്നങ്ങൾ നിർദ്ദേശിക്കുന്നതിനും ട്രെൻഡുകൾ കണ്ടെത്തുന്നതിനും പ്ലാറ്റ്‌ഫോമുകൾ ഇപ്പോൾ വലിയ തോതിൽ എ ഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. സ്നാപ്ഡീലിന്റെ 76 ശതമാനം ഓർഡറുകളും ആർട്ടിഫിഷ്യൽ ഇന്റീലിജൻസ് സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് നടക്കുന്നത്. ഉപഭോക്താക്കളുടെ താല്പര്യങ്ങൾ തിരിച്ചറിഞ്ഞ് ഉൽപ്പന്നങ്ങൾ നിർദ്ദേശിക്കാൻ മീഷോയും AI ഉപയോഗിക്കുന്നു.

ഈ ഉത്സവ സീസണിൽ വലിയ തോതിലുള്ള താൽക്കാലിക തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ഈ ഉത്സവകാലത്ത് ആമസോൺ ഇന്ത്യ 1.6 ലക്ഷത്തിലധികം താൽക്കാലിക തൊഴിലവസരങ്ങൾ ഒരുക്കിയിട്ടുണ്ട്. ലോജിസ്റ്റിക്സ്, പാക്കേജിംഗ് മേഖലകളിലായി ഏകദേശം 10 ലക്ഷത്തിലധികം പരോക്ഷ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് മീഷോ പ്രതീക്ഷിക്കുന്നത്. എന്നാൽ മറ്റ് കമ്പനികളിൽ നിന്ന് വ്യത്യസ്തമായി താൽക്കാലിക ജീവനക്കാരെ വെക്കുന്നതിന് പകരം സ്ഥിരമായ ജീവനക്കാരെ നിലനിർത്താനാണ് സെപ്റ്റോ താല്പര്യപ്പെടുന്നത്.

Content Highlights: India’s e-commerce market is projected to grow from $125 billion in 2024 to $345 billion by 2030, according to a report by Infism. Quick-commerce platforms are expanding beyond groceries into fashion, electronics and beauty products ahead of the festive season. Quick commerce is gaining traction in metro cities, while e-commerce festive sales remain strong in smaller cities and rural markets.

dot image
To advertise here,contact us
dot image