ഹോർമുസിൽ വീണ്ടും മിസൈലാക്രമണം; അഡ്‌നോക് എണ്ണക്കപ്പലിന് നേരെ ഇറാൻ മിസൈൽ പതിച്ചു

അഡ്‌നോക് കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ യുഎഇ രൂക്ഷമായി വിമർശിച്ചു

ഹോർമുസിൽ വീണ്ടും മിസൈലാക്രമണം; അഡ്‌നോക് എണ്ണക്കപ്പലിന് നേരെ ഇറാൻ മിസൈൽ പതിച്ചു
dot image

ഹോർമുസ് കടലിടുക്കിൽ അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ എണ്ണക്കപ്പലിന് നേരെ വീണ്ടും മിസൈൽ ആക്രമണം. ആക്രമണത്തെ യുഎഇ, സൗദി അറേബ്യ, ജോർദാൻ എന്നീ രാജ്യങ്ങളും ശക്തമായി അപലപിച്ചു. ആഗോള ഊർജ്ജ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഇത്തരം നീക്കങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് യുഎഇ വ്യക്തമാക്കി.

ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുമ്പോഴാണ് അഡ്‌നോക്കിന്റെ ടാങ്കർ കപ്പലിന് നേരെ ഇറാൻ നിർമ്മിത മിസൈൽ പതിച്ചത്. ശനിയാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ കപ്പൽ തകർന്നെങ്കിലും ആളപായമൊന്നുമില്ല. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും അഡ്‌നോക്ക് കമ്പനി അറിയിച്ചു. പ്രതികൂല സാഹചര്യത്തിലും ഉപഭോക്തൃ സേവനങ്ങൾ തുടരുന്നതിനിടെയാണ് കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണമുണ്ടാകുന്നത്. സംഘർഷം ആരംഭിച്ചതിനുശേഷം ഹോർമുസ് വഴി കടന്നുപോയ അഡ്‌നോക്കിന്റെ 15 കപ്പലുകളാണ് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്ക് ഇരയായത്. ഈ ആഴ്ച മാത്രം മൂന്ന് ആക്രമണങ്ങളുണ്ടായെന്നും ഒരു ജീവനക്കാരൻ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് അഡ്‌നോക് സ്ഥിരീകരിച്ചു.

അഡ്‌നോക് കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ യുഎഇ രൂക്ഷമായി വിമർശിച്ചു. സ്വതന്ത്രമായ കടൽയാത്ര ഉറപ്പുനൽകുന്ന ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ പ്രമേയത്തിന്റെ ലംഘനമാണിതെന്ന് യുഎഇ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര കപ്പൽ ഗതാഗതം തടസ്സപ്പെടുത്തുന്നതും സാമ്പത്തിക ഭീഷണി ഉയർത്തുന്നതുമായ ഇറാൻ നിലപാട് സമുദ്ര കടൽക്കൊള്ളയാണെന്നും, ഇത് ആഗോളതലത്തിലെ ഊർജ്ജ വിതരണത്തിന് നേരിട്ടുള്ള ഭീഷണിയാണെന്നും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

കപ്പലിന് നേരെയുണ്ടായ ആക്രമണം അപകടകരവും അസ്വീകാര്യവുമാണെന്ന് ജിസിസി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദൈവി വ്യക്തമാക്കി. തന്ത്രപ്രധാനമായ ജലപാതയെ സമ്മർദ്ദങ്ങൾക്കായി ഉപയോഗിക്കുന്ന ഇറാൻ നീക്കം അംഗീകരിക്കാനാകില്ല. സമുദ്ര നിയമങ്ങൾ പാലിച്ചുകൊണ്ട് കടൽയാത്ര സ്വാതന്ത്ര്യം സംരക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം ഉറച്ച നിലപാട് സ്വീകരിക്കണമെന്ന് ജിസിസി സെക്രട്ടറി ആവശ്യപ്പെട്ടു.

സംഭവത്തിൽ സൗദി അറേബ്യയും ജോർദാനും കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. അന്താരാഷ്ട്ര വാണിജ്യ ഗതാഗതത്തിനും ഊർജ്ജ വിതരണ സുരക്ഷയ്ക്കും ഭീഷണിയാകുന്ന ഇത്തരം ശത്രുതാപരമായ നീക്കങ്ങളെ അംഗീകരിക്കാനാവില്ലെന്ന് സൗദി വ്യക്തമാക്കി. അതേസമയം സ്ഥിരീകരിക്കാത്ത വാർത്തകളും കിംവദന്തികളും പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും അഡ്‌നോക് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Content Highlights: A missile reportedly struck an ADNOC oil tanker in the Strait of Hormuz, raising fresh concerns over maritime security and shipping through the strategic waterway.

dot image
To advertise here,contact us
dot image