

യുഎസ്-ഇറാൻ സംഘർഷത്തിൽ നയതന്ത്ര പരിഹാരത്തിനായുള്ള ചർച്ചകൾ ഊർജ്ജിതമാക്കി ഖത്തർ. ഇരുപക്ഷവും തമ്മിലുള്ള ചർച്ചകൾക്കും നിർദ്ദേശങ്ങൾ കൈമാറുന്നതിനുമുള്ള നീക്കങ്ങൾ സജീവമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം, ചർച്ചകൾ തുടരുമ്പോഴും ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണമുണ്ടായതും സമുദ്ര ഗതാഗതം കുത്തനെ കുറഞ്ഞതും പശ്ചിമേഷ്യയിൽ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.
യുഎസ്-ഇറാൻ സംഘർഷം അവസാനിപ്പിക്കാൻ മധ്യസ്ഥ ശ്രമങ്ങൾ തുടരുകയാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അൽ-അൻസാരി വ്യക്തമാക്കി. ഖത്തറിന് പുറമെ ഒമാനും പാകിസ്താനും പ്രധാന പങ്കാണ് വഹിക്കുന്നത്. കരാറിലെത്താൻ കൃത്യമായ സമയപരിധിയില്ലെങ്കിലും എത്രയും വേഗം ധാരണയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നയതന്ത്ര ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ സാധാരണ നിലയിലേക്ക് മടങ്ങാനും ഖത്തർ ആഹ്വാനം ചെയ്തു.
എന്നാൽ, രാജ്യം അതിർത്തികൾ സംരക്ഷിക്കുമെന്നും യുദ്ധം വ്യാപിപ്പിക്കാൻ ഇറാൻ ആഗ്രഹിക്കുന്നില്ലെന്നും പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ പ്രതികരിച്ചു. ബാഹ്യശക്തികൾക്ക് കടന്നുകയറാൻ കഴിയാത്തവിധം ഇറാന്റെ ആഭ്യന്തര ശക്തിയും ഐക്യവും ഉറപ്പിക്കുകയാണ് പ്രധാനമെന്നും ഇറാൻ പ്രസിഡൻ്റ് വ്യക്തമാക്കി.
അതേസമയം, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നത് സംബന്ധിച്ച് ഇറാനുമായി ഒരു കരാറിലെത്താൻ സാധ്യതയുണ്ടെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പറഞ്ഞു. ഇറാനുമായി ചർച്ചകൾ നടത്തിവരികയാണ്, കടലിടുക്ക് തുറക്കുന്നതിനും ഈ സംഘർഷത്തിൽ കൂടുതൽ സാധാരണ നിലയിലേക്ക് നീങ്ങുന്നതിനും ഇന്നോ നാളെയോ ഒരു കരാർ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ടെവിവിഷൻ അഭിമുഖത്തിൽ ബെസെന്റ് പറഞ്ഞു.
നയതന്ത്ര ചർച്ചകൾ ഒരുവശത്ത് നടക്കുമ്പോഴും സംഘർഷം സമുദ്രമേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ഒമാൻ തീരത്തിന് സമീപം ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ലൈബീരിയൻ പതാകയുള്ള കപ്പലിൽ അജ്ഞാത പ്രൊജക്‌ടൈൽ ഇടിച്ചു. കപ്പലിന് തീപിടിച്ച് ഒരു എഞ്ചിനീയറെ കാണാതായി.
അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ ഹോർമുസ്, ബാബ് അൽ-മന്ദേബ് കടലിടുക്കുകളിലൂടെയുള്ള കപ്പൽ ഗതാഗതം കുത്തനെ കുറഞ്ഞു. മുൻപ് പ്രതിദിനം 130 കപ്പലുകൾ കടന്നുപോയിരുന്ന ഹോർമുസ് കടലിടുക്കിലൂടെ തിങ്കളാഴ്ച വെറും ആറ് കപ്പലുകൾ മാത്രമാണ് സഞ്ചരിച്ചത്. സൗദിക്കെതിരെ സമുദ്ര ഉപരോധം പ്രഖ്യാപിച്ച ഹൂത്തികളുടെ ആക്രമണ ഭീഷണിയെ തുടർന്ന് ബാബ് അൽ-മന്ദേബിൽ മുൻപുണ്ടായിരുന്ന 41 കപ്പലുകളിൽ നിന്ന് ഗതാഗതം പ്രതിദിനം 20 കപ്പലുകളായി ചുരുങ്ങി.
Content Highlights: An Air India flight travelling from Thailand to Delhi was affected by severe turbulence, resulting in injuries to seven passengers. The incident occurred during the flight, causing distress among travellers.