

ശ്രീലങ്കയ്ക്കെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്ക് മുന്നില്‍ വെല്ലുവിളിയാകുന്നത് പരിക്കാണ്. ഇപ്പോള്‍ പുതുതായെത്തിയ വാര്‍ത്ത മൂന്നാം നമ്പറിലെ മുന്‍നിര ബാറ്റ്‌സ്മാനായ സായ് സുദര്‍ശന്‍ പരിക്കിനെ തുടര്‍ന്ന് പരമ്പരയില്‍ നിന്ന് പുറത്തായി എന്നതാണ്. അതേസമയം, ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് വിരലിന് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
കാല്‍വിരലിനേറ്റ പരിക്കിനെ തുടര്‍ന്ന് സായ് സുദര്‍ശന്‍ ബി.സി.സി.ഐയുടെ ബെംഗളൂരുവിലുള്ള സെന്റര്‍ ഓഫ് എക്സലന്‍സില്‍ ചികിത്സയിലായിരുന്നു. ആദ്യ ടെസ്റ്റ് ആരംഭിക്കുന്നതിന് മുന്‍പ് താരം കായികക്ഷമത കൈവരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ടീം മാനേജ്മെന്റ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പരമ്പരയില്‍ കളിക്കാന്‍ താരത്തിന് മെഡിക്കല്‍ ടീമിന്റെ അനുമതി ലഭിച്ചില്ല. സായ് സുദര്‍ശന് പകരക്കാരനായി ഷെയ്ഖ് റഷീദ് അല്ലെങ്കില്‍ സര്‍ഫറാസ് ഖാന്‍ എന്നിവരില്‍ ഒരാളെ ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് വിവരം. ഫിറ്റ്നസ് പരിശോധനകള്‍ക്കായി സര്‍ഫറാസ് ഖാന്‍ കഴിഞ്ഞ ഒരാഴ്ചയായി ബെംഗളൂരുവിലെ സെന്റര്‍ ഓഫ് എക്സലന്‍സിലുണ്ട്. ഇതിന് പുറമെ ഞായറാഴ്ച ബെംഗളൂരുവിലെ ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഷെയ്ഖ് റഷീദിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞമാസം ശ്രീലങ്കയില്‍ നടന്ന രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 'എ' ടീമിനായി കളിച്ച ഷെയ്ഖ് റഷീദ് 45, 63, 20 എന്നിങ്ങനെ റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. സെലക്ടര്‍മാരുടെ ശ്രദ്ധയിലുള്ള 21-കാരന്‍, വരും ആഴ്ചകളില്‍ സെന്റര്‍ ഓഫ് എക്സലന്‍സില്‍ നടക്കാനിരിക്കുന്ന സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ ക്യാമ്പില്‍ പങ്കെടുക്കേണ്ട പട്ടികയിലുമുണ്ട്.
പ്രത്യേക ബാറ്റ്‌സ്മാന്‍മാരുടെ കുറവിനെക്കുറിച്ച് ഇന്ത്യന്‍ ടീം മാനേജ്മെന്റിന് ആശങ്കയുണ്ടെന്നും ഇക്കാര്യം അവര്‍ സെലക്ടര്‍മാരെ അറിയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കൂടുതല്‍ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍മാരെ ടീമില്‍ പരീക്ഷിക്കാന്‍ സെലക്ടര്‍മാര്‍ക്ക് താല്പര്യമുണ്ടായിരുന്നെങ്കിലും, ദേവ്ദത്ത് പടിക്കല്‍, സായ് സുദര്‍ശന്‍, ധ്രുവ് ജുറെല്‍ എന്നിവര്‍ ഇന്ത്യ 'എ' മത്സരങ്ങളില്‍ കളിച്ചതിനാല്‍ അതിന് സാധിച്ചിരുന്നില്ല. ഭാവി സാധ്യതകള്‍ മുന്‍നിര്‍ത്തി ആഭ്യന്തര മത്സരങ്ങളില്‍ ബാറ്റിങ് ഓര്‍ഡറില്‍ ഉയര്‍ന്ന സ്ഥാനത്ത് ബാറ്റ് ചെയ്യാന്‍ മുംബൈ താരമായ സര്‍ഫറാസ് ഖാനോട് നിര്‍ദ്ദേശിച്ചതായും വിവരമുണ്ട്. സ്പിന്‍ ബൗളിങ്ങിനെ മികച്ച രീതിയില്‍ നേരിടുന്ന സര്‍ഫറാസ് ഖാന്‍, തന്റെ ഫിറ്റ്നസില്‍ വലിയ പുരോഗതി വരുത്തിയിട്ടുണ്ട്. കൂടാതെ അന്താരാഷ്ട്ര മത്സരങ്ങളിലെ അനുഭവസമ്പത്തും താരത്തിന് അനുകൂല ഘടകമാണ്. സായ് സുദര്‍ശന്റെ പകരക്കാരനെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ഉടന്‍ പ്രഖ്യാപിച്ചേക്കും.
content highlights: Sai Sudharsan Replacement: Shaik Rasheed and Sarfaraz Khan Under Consideration