പ്രതിസന്ധികൾക്കിടയിലും നിർമ്മാണം അതിവേഗം; ജിസിസി റെയിൽവേ 2030-ൽ യാഥാർത്ഥ്യമാകും

കുവൈറ്റിൽ നിന്ന് ആരംഭിച്ച് സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങളിലൂടെ കടന്നുപോയി ഒമാനിൽ അവസാനിക്കുന്ന രീതിയിലാണ് ഈ പാത രൂപകൽപ്പന ചെയ്തിരിക്കുന്നത്

പ്രതിസന്ധികൾക്കിടയിലും നിർമ്മാണം അതിവേഗം; ജിസിസി റെയിൽവേ 2030-ൽ യാഥാർത്ഥ്യമാകും
dot image

പശ്ചിമേഷ്യൻ മേഖലയിൽ നിലനിൽക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും സംഘർഷങ്ങൾക്കും ഇടയിലും ഗൾഫ് രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ബൃഹത്തായ 'ജിസിസി റെയിൽവേ' പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം മുന്നേറുന്നു. 2030-ഓടെ പദ്ധതി പൂർത്തിയാക്കി ട്രെയിൻ ഗതാഗതം യാഥാർത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിർമ്മാണ ജോലികൾ പുരോഗമിക്കുന്നത്. ആറ് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളെ തമ്മിൽ കോർത്തിണക്കുന്ന ഈ കൂറ്റൻ റെയിൽ ശൃംഖല ഗൾഫ് മേഖലയുടെ ഭാവി ഗതാഗത രംഗത്ത് വൻ വിപ്ലവത്തിനാണ് വഴിതുറക്കുന്നത്.

കുവൈറ്റിൽ നിന്ന് ആരംഭിച്ച് സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങളിലൂടെ കടന്നുപോയി ഒമാനിൽ അവസാനിക്കുന്ന രീതിയിലാണ് ഈ പാത രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആകെ 2,177 കിലോമീറ്റർ നീളത്തിലാണ് ഈ റെയിൽവേ ശൃംഖല നിർമ്മിക്കുന്നത്. കുവൈറ്റിൽ നിന്ന് സൗദിയിലെ ദമാമിലേക്കും അവിടെ നിന്ന് പുതിയ കടൽപാലം വഴി ബഹ്‌റൈൻ തലസ്ഥാനമായ മനാമയിലേക്കും പാത നീളും. ദമാമിൽ നിന്ന് സൽവ അതിർത്തി വഴി ഖത്തർ തലസ്ഥാനമായ ദോഹയുമായും റെയിൽവേ ബന്ധിപ്പിക്കും. തുടർന്ന് സൗദിയിൽ നിന്ന് യുഎഇയിലെ അബുദാബി, അൽ ഐൻ വഴി ഒമാനിലെ സൊഹാറിലൂടെ തലസ്ഥാനമായ മസ്‌കറ്റിൽ എത്തി അവസാനിക്കുന്ന രീതിയിലാണ് ഇതിന്റെ റൂട്ട് തയ്യാറാക്കിയിട്ടുള്ളത്.

ഏകദേശം 250 ബില്യൺ യുഎസ് ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഗൾഫ് രാജ്യങ്ങൾക്കിടയിലുള്ള യാത്ര അതിവേഗത്തിലാകും. വിമാനത്താവളങ്ങളിലെ നീണ്ട കാത്തിരിപ്പും തിരക്കുകളും ഒഴിവാക്കി കുറഞ്ഞ ടിക്കറ്റ് നിരക്കിൽ രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് കരമാർഗ്ഗം യാത്ര ചെയ്യാമെന്നത് പ്രവാസികൾക്ക് വലിയ ആശ്വാസമാകും. ഇതിനുപുറമേ, മേഖലയിലെ വിനോദസഞ്ചാര രംഗത്തും വലിയ മുന്നേറ്റം സൃഷ്ടിക്കാൻ ഈ തീവണ്ടിപ്പാതയ്ക്ക് കഴിയും.

വ്യാപാരം, സാമ്പത്തികം, നിർമ്മാണം, ലോജിസ്റ്റിക്സ്, മെയിന്റനൻസ് തുടങ്ങിയ വിവിധ മേഖലകളിൽ ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങളാണ് പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെടാൻ പോകുന്നത്. തുടക്കത്തിൽ തന്നെ 20 കോടി ടൺ ചരക്കുനീക്കം ലക്ഷ്യമിടുന്ന ഈ റെയിൽവേ സംവിധാനം, റോഡുകളിലെ ട്രക്കുകളുടെ തിരക്ക് കുറയ്ക്കാനും വേഗത്തിലും സുരക്ഷിതമായും ചരക്കുകൾ എത്തിക്കാനും സഹായിക്കും. പ്രവാസി മലയാളി സമൂഹത്തിനും ബിസിനസ് മേഖലയ്ക്കും ഒരുപോലെ പ്രതീക്ഷ നൽകുന്ന ഒന്നാണ് ഈ സ്വപ്ന പദ്ധതി.

Content Highlights: The GCC Railway project is moving ahead at a fast pace despite various challenges, with plans to make the regional rail network a reality by 2030. The project aims to improve connectivity, trade, and passenger transport among Gulf countries.

dot image
To advertise here,contact us
dot image