അമേരിക്ക-ചൈന വ്യാപാരയുദ്ധം വീണ്ടും ചൂടുപിടിക്കുന്നു; പോളിസിലിക്കണിന് 15% തീരുവ ചുമത്തി ട്രംപ്

ചിപ്പുകളും സോളാർ പാനലുകളും നിർമ്മിക്കുന്നതിൽ ഉപയോഗിക്കുന്ന പ്രധാന വസ്തുവായ പോളിസിലിക്കണിന്റെ ലോകത്തിലെ ഏറ്റവും വലിയ ഉത്പാദകരാണ് ചൈന

അമേരിക്ക-ചൈന വ്യാപാരയുദ്ധം വീണ്ടും ചൂടുപിടിക്കുന്നു; പോളിസിലിക്കണിന് 15% തീരുവ ചുമത്തി ട്രംപ്
dot image

ചൈനയെ നേരിടാന്‍ പ്രധാന ചിപ്പ് മെറ്റീരിയലുകള്‍ക്ക് 15% തീരുവ ചുമത്തി ഡൊണാള്‍ഡ് ട്രംപ്. പോളിസിലിക്കണ്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ക്കാണ് തീരുവ. സെമികണ്ടക്ടറുകളുടെയും സോളാര്‍ പാനലുകളുടെയും നിര്‍മാണത്തില്‍ നിര്‍ണായകമായി ഉപയോഗിക്കുന്ന വസ്തുവാണിത്.

പോളിസിലിക്കണിനും ഇതുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ക്കും കുറഞ്ഞ ഇറക്കുമതി വിലയും ഉത്തരവിലൂടെ നിശ്ചയിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിലെ പോളിസിലിക്കണ്‍ ഉല്‍പ്പാദനത്തെക്കുറിച്ച് നടത്തിയ ദേശീയ സുരക്ഷാ അന്വേഷണത്തിന് പിന്നാലെയാണ് ഈ നടപടി. ചൈനീസ് ചിപ്പ് വ്യവസായത്തില്‍ നിന്നുള്ള വര്‍ധിച്ചുവരുന്ന മത്സരത്തെ നേരിടുന്ന അമേരിക്കന്‍ നിര്‍മാതാക്കളെ സംരക്ഷിക്കുകയാണ് നടപടിയുടെ ലക്ഷ്യം. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്വ്യവസ്ഥകളായ അമേരിക്കയും ചൈനയും തമ്മിലുള്ള സംഘര്‍ഷത്തിലെ പ്രധാന വിഷയങ്ങളിലൊന്നാണ് ചിപ്പ് വ്യവസായം.

ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തെ ഗുരുതരമായി തടസ്സപ്പെടുത്തുന്ന നടപടിയാണിതെന്ന് അമേരിക്കയിലെ ചൈനീസ് എംബസി പ്രതികരിച്ചു. ചൈനീസ് കമ്പനികളെ സംരക്ഷിക്കുന്നതിനായി ബീജിങ് നടപടിയെടുക്കുമെന്നും എംബസി വ്യക്തമാക്കി. പോളിസിലിക്കണിനും അനുബന്ധ ഇറക്കുമതികള്‍ക്കും 15% തീരുവ ഏര്‍പ്പെടുത്തുന്നതിനൊപ്പം കുറഞ്ഞ ഇറക്കുമതി വില നിശ്ചയിക്കണമെന്ന വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക്കിന്റെ ശുപാര്‍ശ താന്‍ അംഗീകരിച്ചതായി ട്രംപ് ഉത്തരവില്‍ പറഞ്ഞു.ഈ നടപടികള്‍ ഡിസംബര്‍ മുതല്‍ പ്രാബല്യത്തില്‍ വരും. അമേരിക്കയിലെ പോളിസിലിക്കണ്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനായി വിവിധ പ്രോത്സാഹനങ്ങളും നല്‍കുമെന്നും ഉത്തരവില്‍ പറയുന്നു. പതിറ്റാണ്ടുകളായി വിദേശ കമ്പനികള്‍ അമേരിക്കന്‍ പോളിസിലിക്കണ്‍ നിര്‍മാതാക്കളെ ദുര്‍ബലപ്പെടുത്തുകയാണ്. ഇതുവരെ അമേരിക്ക അത് അനുവദിച്ചു, ട്രംപ് പറഞ്ഞു. അമേരിക്കന്‍ തൊഴിലുകള്‍ സംരക്ഷിക്കാനും സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താനും ഇനി തീരുവകള്‍ ഉപയോഗിക്കുമെന്നതാണ് ട്രംപിന്റെ നിലപാട്.

സൈനിക ഉപകരണങ്ങളിലും ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളിലും നിര്‍ണായകമായ വസ്തുവാണ് പോളിസിലിക്കണ്‍. എന്നാല്‍ ഇറക്കുമതി വര്‍ധിച്ചതോടെ ആഗോള പോളിസിലിക്കണ്‍ ഉല്‍പ്പാദനത്തിലെ അമേരിക്കയുടെ വിഹിതം 2005ലെ 50%ല്‍ നിന്ന് 2024ല്‍ 2%ല്‍ താഴെയായി കുറഞ്ഞുവെന്ന് ട്രംപ് ചൂണ്ടിക്കാട്ടി.

പുതിയ ഉത്തരവ് അമേരിക്കയിലെ പ്രധാന പോളിസിലിക്കണ്‍ നിര്‍മാതാക്കളായ എന്നിവയ്ക്ക് നേട്ടമാകാന്‍ സാധ്യതയുണ്ട്. കമ്പ്യൂട്ടര്‍ ചിപ്പ് നിര്‍മാണം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വികസിപ്പിക്കുന്നതില്‍ അമേരിക്കയും ചൈനയും തമ്മിലുള്ള മത്സരത്തിലെ പ്രധാന മേഖലയാണ്. 2025 മെയ് മുതല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര തീരുവയുദ്ധം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

ചൈനയില്‍ നിന്നുള്ള ഡ്രോണുകള്‍, ഹ്യൂമനോയ്ഡ് റോബോട്ടുകള്‍ തുടങ്ങിയ സാങ്കേതിക ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയില്‍ അമേരിക്ക ഏര്‍പ്പെടുത്തിയ മറ്റ് നിയന്ത്രണങ്ങള്‍ക്ക് പിന്നാലെയാണ് പുതിയ നടപടി.

അതേസമയം, ഈ ആഴ്ച ചൈനയും നിരവധി തിരിച്ചടി നടപടികള്‍ പ്രഖ്യാപിച്ചു. ഡ്രോണുകളുടെ കയറ്റുമതിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും ഇതില്‍ ഉള്‍പ്പെടുന്നു. ഇറക്കുമതി ചെയ്യുന്ന പ്രിന്ററുകളും കോപ്പിയറുകളും സംബന്ധിച്ച് ചൈന ദേശീയ സുരക്ഷാ പരിശോധനയും ആരംഭിച്ചിട്ടുണ്ട്.

Content Highlights: Donald Trump imposes a 15% tariff on imported polysilicon, targeting China’s dominance in the semiconductor supply chain and boosting US domestic production

dot image
To advertise here,contact us
dot image