

മാസംതോറുമുള്ള നിക്ഷേപത്തിൽ ഓരോ വർഷവും വെറും 1,000 രൂപ കൂടി ചേർത്താൽ, 25 വർഷം കൊണ്ട് നിങ്ങളുടെ സമ്പാദ്യത്തിൽ കോടികളുടെ വ്യത്യാസം ഉണ്ടാക്കാൻ കഴിഞ്ഞാലോ ? ചെറിയൊരു മാറ്റം ദീർഘകാലത്ത് എത്ര വലിയ നേട്ടമായി മാറുമെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വൈറ്റ്‌ഓക്ക് ക്യാപിറ്റൽ നടത്തിയ ഏറ്റവും പുതിയ പഠനത്തിലാണ് വിവരങ്ങൾ ഉള്ളത്.
പ്രതിമാസം 10,000ൽ തുടങ്ങി, ഓരോ വർഷവും 1,000 വീതം കൂട്ടിയാൽ 25-ാം വർഷം മാസനിക്ഷേപം 34,000 ആകും. എന്നാൽ 25 വർഷവും പ്രതിമാസം 10,000 വീതം മാത്രം നിക്ഷേപിച്ചാൽ ആകെ നിക്ഷേപിക്കുന്ന തുക 30 ലക്ഷം ആയിരിക്കും. ശരാശരി 13.81 ശതമാനം വാർഷിക വളർച്ച കണക്കാക്കിയാൽ, 25 വർഷം കഴിയുമ്പോൾ ഏകദേശം 2.30 കോടി ലഭിക്കാം.
അതേസമയം, ഓരോ വർഷവും 1,000 വീതം നിക്ഷേപം വർധിപ്പിച്ചാൽ ആകെ നിക്ഷേപം 66 ലക്ഷം ആകും. ഇതേ വളർച്ചാനിരക്ക് കണക്കാക്കിയാൽ സമ്പാദ്യം ഏകദേശം 3.49 കോടി വരെയെത്താം. അതായത്, ഒരേ 10,000 മാസനിക്ഷേപം തുടരുന്നതുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 1.18 കോടി അധിക സമ്പത്ത് ഉണ്ടാകാം.
ആദ്യ വർഷങ്ങളിൽ ഈ വ്യത്യാസം വളരെ ചെറുതായിരിക്കും. അഞ്ച് വർഷം കഴിയുമ്പോൾ ഏകദേശം 1.25 ലക്ഷം മാത്രമായിരുന്ന വ്യത്യാസം, 10 വർഷം കഴിയുമ്പോൾ 7.38 ലക്ഷമായി ഉയരും. 15 വർഷം കഴിയുമ്പോൾ ഇത് 22.59 ലക്ഷവും 20 വർഷം കഴിയുമ്പോൾ 53.47 ലക്ഷവുമായി മാറും. 25 വർഷം പൂർത്തിയാകുമ്പോഴേക്കും വ്യത്യാസം 1.18 കോടിയായി ഉയരുന്നു.
ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, അധികമായി നിക്ഷേപിക്കുന്ന തുക മാത്രം കൊണ്ടല്ല ഈ വലിയ വ്യത്യാസം ഉണ്ടാകുന്നത് എന്നതാണ്. 25 വർഷത്തിനിടെ അധികമായി നിക്ഷേപിക്കുന്ന തുക ഏകദേശം 36 ലക്ഷമാണ്. എന്നാൽ അവസാന സമ്പത്തിലെ അധികം 1.18 കോടിയാണ്. അതായത് ഏകദേശം 82.48 ലക്ഷം നിക്ഷേപത്തിലൂടെ ലഭിക്കുന്ന വളർച്ചയാണ്.
ദീർഘകാല നിക്ഷേപത്തിൽ കൂട്ടുപലിശയ്ക്കുള്ള ശക്തിയാണ് ഇതിലൂടെ വ്യക്തമാകുന്നത്. നേരത്തെ നിക്ഷേപിക്കുന്ന അധിക തുകയ്ക്ക് വളരാൻ കൂടുതൽ സമയം ലഭിക്കുന്നതിനാൽ ചെറിയ വർധന പോലും വർഷങ്ങൾ കഴിയുമ്പോൾ വലിയ സമ്പത്തായി മാറാം.
വരുമാനം ഓരോ വർഷവും കൂടുന്നതിനനുസരിച്ച് നിക്ഷേപത്തിലും ചെറിയ വർധന വരുത്തുന്നത് അതുകൊണ്ടുതന്നെ പ്രധാനമാണ്.
ഒരേസമയം വലിയ തുക കൂട്ടേണ്ടതില്ല. വർഷത്തിൽ വെറും 1,000 വീതം കൂട്ടിയാലും ദീർഘകാലത്ത് വലിയ വ്യത്യാസം സൃഷ്ടിക്കാനാകുമെന്ന് ഈ കണക്ക് വ്യക്തമാക്കുന്നു. എന്നാൽ ഇവിടെ നൽകിയിരിക്കുന്ന തുകകൾ ഒരു നിശ്ചിത വാർഷിക വളർച്ചാനിരക്ക് കണക്കാക്കിയുള്ള ഉദാഹരണങ്ങളാണ്. യഥാർത്ഥ നിക്ഷേപ വരുമാനം വിപണി സാഹചര്യങ്ങൾക്കനുസരിച്ച് മാറാം. അതിനാൽ ഈ കണക്കുകളെ ഉറപ്പായ വരുമാനമായി കാണരുത്. നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് കൃത്യമായ പഠനം അനിവാര്യമാണ്
Content Highlights :Start with a monthly investment of 10,000 and increase it by just 1,000 every year.
This small annual increase could make a significant difference to your wealth over 25 years.