

ഹോർമുസ് കടലിടുക്കിൽ തൽക്കാലത്തേക്ക് കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാൻ ഒമാനുമായി ധാരണയിലെത്തിയതായി ഇറാൻ. അമേരിക്ക കരാറുകൾ ലംഘിച്ച പശ്ചാത്തലത്തിലാണ് ഒമാനുമായി ചേർന്ന് പുതിയ നീക്കം നടത്തുന്നതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. അതേസമയം, തങ്ങളുടെ നിബന്ധനകൾ പൂർണ്ണമായി അംഗീകരിച്ചാൽ മാത്രമേ കടലിടുക്ക് പൂർണ്ണമായി തുറന്നുകൊടുക്കൂ എന്ന് ഇറാനിയൻ റവല്യൂഷണറി ഗാർഡും മുന്നറിയിപ്പ് നൽകി.
ഹോർമുസ് കടലിടുക്കിൽ താത്കാലിക കപ്പൽ പാത ഒരുക്കാൻ ഇറാനും ഒമാനും തമ്മിൽ ചർച്ചകൾ അന്തിമഘട്ടത്തിലാണ്. ഇരു രാജ്യങ്ങളിലെയും നാവികസേനാ ഉദ്യോഗസ്ഥരാണ് ചർച്ചകൾ നടത്തുന്നത്. അമേരിക്ക മുൻ കരാറുകൾ ലംഘിച്ചതുകൊണ്ടാണ് ഒമാനെ കൂട്ടുപിടിച്ച് ഇറാൻ പുതിയ പാത ഒരുക്കുന്നത്.
രാജ്യത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ നയതന്ത്ര ചർച്ചകൾക്ക് തയ്യാറാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. എന്നാൽ ഒരു ഭീഷണിക്കും വഴങ്ങില്ല. അമേരിക്ക വാഗ്ദാനങ്ങൾ പാലിച്ചാൽ മാത്രം സഹകരിക്കും. ഭരണകൂടത്തിൽ ഭിന്നതയുണ്ടെന്ന വാദങ്ങളും രാജി അഭ്യൂഹങ്ങളും ഇറാൻ പ്രസിഡന്റ് തള്ളി.
അതേസമയം, അമേരിക്ക ഇറാനിന്റെ വ്യവസ്ഥകൾ അംഗീകരിച്ചാൽ മാത്രമേ ഹോർമുസ് കടലിടുക്ക് പൂർണ്ണമായി തുറക്കൂ എന്ന് റിവല്യൂഷണറി ഗാർഡ് വ്യക്തമാക്കി. ഹോർമുസ് വെറുമൊരു സാമ്പത്തിക പാതയല്ലെന്നും, ഇറാന്റെ തന്ത്രപ്രധാനമായ ശക്തികേന്ദ്രമാണെന്നും വക്താവ് ബ്രിഗേഡിയർ ജനറൽ ഹുസൈൻ മൊഹെബി ഓർമ്മിപ്പിച്ചു.
ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഹോർമുസിലൂടെയുള്ള കപ്പൽ ഗതാഗതം ഇപ്പോഴും നിലച്ച മട്ടാണ്. പ്രതിദിനം 130 മുതൽ 140 വരെ കപ്പലുകൾ കടന്നുപോയിരുന്ന സ്ഥാനത്ത് കഴിഞ്ഞ വെള്ളിയാഴ്ച എട്ട് കപ്പലുകൾ മാത്രമാണ് കടന്നുപോയതെന്ന് മറൈൻ ഇന്റലിജൻസ് ഏജൻസിയായ കെപ്ലർ വ്യക്തമാക്കുന്നു. പ്രതിസന്ധി തുടരുന്നത് ആഗോളതലത്തിൽ എണ്ണവില കുതിച്ചുയരാൻ ഇടയാക്കുമെന്നാണ് വിലയിരുത്തൽ.
Content Highlights: Iran and Oman have reached an understanding concerning ship traffic through the Strait of Hormuz. The development is expected to provide temporary relief for maritime movement and ease concerns over regional shipping.