

പശ്ചിമേഷ്യയെ പ്രതിസന്ധിയിലാക്കി തുടര്‍ച്ചയായ ഒമ്പതാം ദിവസവും അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക നടപടികള്‍ തുടരുന്നു. ഇറാന്റെ ഭാഗത്തുനിന്നുണ്ടായ മിസൈല്‍ ആക്രമണങ്ങളെ പ്രതിരോധിച്ചതായി ജോര്‍ദ്ദാന്‍ അറിയിച്ചു. മൂന്ന് ഇറാന്‍ മിസൈലുകളാണ് ജോര്‍ദ്ദാന്‍ അതിര്‍ത്തി കടന്നെത്തിയത്. നാലാമതൊരു മിസൈല്‍ വിജനമായ പ്രദേശത്ത് പതിച്ചതായും സംഭവത്തില്‍ ആര്‍ക്കും പരിക്കേല്‍ക്കുകയോ നാശനഷ്ടങ്ങള്‍ ഉണ്ടാവുകയോ ചെയ്തിട്ടില്ലെന്നും ഇറാന്‍ സൈനിക വക്താവ് വ്യക്തമാക്കി.
ഗൾഫ് മേഖലയിൽ കുവൈറ്റിന് നേരെയാണ് ഇന്ന് ഇറാന്റെ സൈനിക നടപടികളുണ്ടായത്. കുവൈറ്റിലെ പ്രധാന വൈദ്യുതി-ജല ശുദ്ധീകരണ കേന്ദ്രത്തിന് നേരെ രണ്ട് ദിവസത്തിനിടെ രണ്ടാം തവണയും ഇറാന്റെ ആക്രമണമുണ്ടായി. ആക്രമണത്തെ തുടർന്ന് പ്ലാന്റിന്റെ ചില ഭാഗങ്ങളിൽ വലിയ രീതിയിൽ തീപിടിത്തമുണ്ടാവുകയും നിരവധി ഉത്പ്പാദന യൂണിറ്റുകളുടെ പ്രവർത്തനം തടസ്സപ്പെടുകയും ചെയ്തു. ഇതിനിടെ, ഇറാന് നേരെയും തിരിച്ചടിയുണ്ടായതായാണ് റിപ്പോർട്ടുകൾ. ഖുസെസ്താൻ പ്രവിശ്യയിൽ നിർമ്മാണത്തിലിരിക്കുന്ന ഡാർഖോവിൻ ആണവനിലയത്തിന് നേരെ ഒന്നിലധികം മിസൈലുകൾ പതിച്ചതായി ഇറാന്റെ ആണവോർജ്ജ സംഘടന സ്ഥിരീകരിച്ചിട്ടുണ്ട്.
മേഖലയിലെ സംഘർഷം ആഗോളതലത്തിലും വലിയ ചലനങ്ങൾ ഉണ്ടാക്കുന്നുണ്ട്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ ഏർപ്പെടുത്തിയിട്ടുള്ള ഉപരോധ ബില്ലിൽ ഇറാനെക്കൂടി ഉൾപ്പെടുത്തണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റിപ്പബ്ലിക്കൻ പാർട്ടിയോട് ആവശ്യപ്പെട്ടു. ഇതിലൂടെ ഇറാന്റെ സാമ്പത്തിക സ്രോതസ്സുകൾ കൂടുതൽ കർശനമായി തടയാനാണ് യുഎസ് ലക്ഷ്യമിടുന്നത്.
മിഡിൽ ഈസ്റ്റിലെ പുതിയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയും ഇറാഖ് പ്രധാനമന്ത്രി അലി അൽ സെയ്ദിയും ദോഹയിൽ അടിയന്തര കൂടിക്കാഴ്ച നടത്തി. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കാൻ ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകളും നയതന്ത്രപരമായ നീക്കങ്ങളും അനിവാര്യമാണെന്ന് ഇരുനേതാക്കളും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
Content Highlights: Tensions remain high across West Asia amid continuing security concerns. A power generation and water desalination facility in Kuwait was reportedly attacked for the second straight day, prompting authorities to assess the damage and monitor the impact on essential services.