'ദേശാഭിമാനിയിൽ നിന്നും രണ്ടുപേർ വന്ന് വിവരങ്ങൾ ശേഖരിച്ചു'; സ്വരാജിന്റെ അവകാശവാദത്തിനെതിരെ നാടകപ്രവർത്തകൻ വിജയൻ

'എന്നോട് കാര്യങ്ങളെല്ലാം തിരക്കുകയും ഞാന്‍ പറഞ്ഞുകൊടുക്കുകയും ചെയ്തു. ഫോട്ടോ ആവശ്യപ്പെട്ടിരുന്നു'

'ദേശാഭിമാനിയിൽ നിന്നും രണ്ടുപേർ വന്ന് വിവരങ്ങൾ ശേഖരിച്ചു'; സ്വരാജിന്റെ അവകാശവാദത്തിനെതിരെ നാടകപ്രവർത്തകൻ വിജയൻ
dot image

തിരുവനന്തപുരം: 'കള്ളന്‍ വിജയന്‍' എന്ന ലേഖനമോ വാര്‍ത്തയോ വാരാന്ത്യപ്പതിപ്പില്‍ ഇല്ലെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ദേശാഭിമാനി റെസിഡന്റ് എഡിറ്ററുമായ എം സ്വരാജിന്റെ അവകാശവാദത്തിനെതിരെ നാടക പ്രവര്‍ത്തകന്‍ വിജയന്‍. ഫീച്ചര്‍ ചെയ്യുന്നതിനായി ദേശാഭിമാനിയില്‍ നിന്നും രണ്ടുപേര്‍ വീട്ടില്‍ വന്നിരുന്നുവെന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞാണ് മടങ്ങിയതെന്നും വിജയന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. 'കള്ളന്‍ വിജയന്‍ ധന്യ നാടകഗ്രാമം, മുത്തിപ്പാറ പിഒ' എന്ന പേരില്‍ വാരാന്ത്യപ്പതിപ്പിന്റെ അവസാനപേജില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പറയപ്പെടുന്ന ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത് പുല്ലമ്പാറയിലുള്ള ഒരു നാടക ഗ്രാമത്തേയും അതിന്റെ ഉടമ എസ് വിജയകുമാറിനേയും കുറിച്ചാണ്. നാട്ടില്‍ കള്ളന്‍ വിജയന്‍ എന്ന പേരിലാണ് എസ് വിജയന്‍ അറിയപ്പെട്ടത്.

'ഒരാഴ്ചയാവും വന്നിട്ട്. രണ്ടുപേരാണ് വന്നത്. എന്നോട് കാര്യങ്ങളെല്ലാം തിരക്കുകയും ഞാന്‍ പറഞ്ഞുകൊടുക്കുകയും ചെയ്തു. ഫോട്ടോ ആവശ്യപ്പെട്ടിരുന്നു. രണ്ടുദിവസത്തിനിടെ അതും അയച്ചുകൊടുത്തു. ഗ്രൂപ്പ് ഫോട്ടോയാണ് അയച്ചുകൊടുത്തത്', എസ് വിജയന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ഇതോടെ ദേശാഭിമാനി എസ് വിജയന്റെ ജീവിതം ലേഖനമാക്കാനുള്ള ശ്രമം നടത്തിയിരുന്നതായി വ്യക്തമാവുകയാണ്.

ദേശാഭിമാനി ഞായറാഴ്ചകളില്‍ പ്രസിദ്ധികരിക്കാറുള്ള വാരാന്ത്യപ്പതിപ്പ് ഇന്ന് പുറത്തിറക്കാത്തതാണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. സാങ്കേതിക കാരണങ്ങളാല്‍ വാരാന്ത്യപ്പതിപ്പ് പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് മാനേജര്‍ അറിയിച്ചതെങ്കിലും 'കള്ളന്‍ വിജയന്‍' എന്ന പേരില്‍ ഒരു ഫീച്ചര്‍ ഉള്‍പ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് അസാധാരണ തീരുമാനം എന്ന വിമര്‍ശനം ഉയര്‍ന്നു. ഫീച്ചര്‍ എഴുതിയ മാധ്യപ്രവര്‍ത്തകന്‍ ടി സി രാജേഷ് സിന്ധു പിഴവ് തന്റേതാണ്, ശ്രദ്ധിക്കേണ്ടിയിരുന്നു എന്ന് പറഞ്ഞ് ഫെയ്‌സബുക്ക് പോസ്റ്റും ഇട്ടിട്ടുണ്ട്.

അതിനിടെ വി എസ് അച്യുതാനന്ദനെക്കുറിച്ച് ഒന്നാം പേജില്‍ പ്രസിദ്ധികരിക്കാനിരുന്ന ലേഖനവും വെളിച്ചം കണ്ടില്ല. വി എസ് മരിച്ചിട്ട് ഒരു വര്‍ഷം തികയുന്ന നാളെ ലേഖനം പുറത്തിറക്കുമെന്ന് ദേശാഭിമാനി എം സ്വരാജ് അറിയിച്ചു. വീണ്ടും മുഴങ്ങുന്നു ആ കടലിരമ്പം എന്ന തലക്കെട്ടില്‍ ഒന്നാം പേജില്‍ വിഎസിനെക്കുറിച്ചുള്ള ലേഖനമായിരുന്നു ഇന്ന് പുറത്തിറങ്ങേണ്ടിയിരുന്നത്. മുന്‍ പ്രസ് സെക്രട്ടറി കെ വി സുധാകരന്റേതായിരുന്നു എഴുത്ത്.

Content Highlights: kallan vijayan Deshabhimani article controversy m swaraj vijayan response

dot image
To advertise here,contact us
dot image