

സൗദി അറേബ്യയുടെ ആണവോർജ്ജ പദ്ധതിയുടെ ഭാഗമായി രാജ്യത്തിനകത്തുതന്നെ യുറേനിയം സമ്പുഷ്ടീകരിക്കാൻ അനുമതി നൽകുന്ന കരാർ അമേരിക്ക തയ്യാറാക്കിയതായി റിപ്പോർട്ട്. അന്താരാഷ്ട്ര മാധ്യമമായ സിഎൻഎൻ ആണ് ഈ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ ട്രംപ് ഭരണകൂടം ഇതുവരെ കരാറിൽ ഒപ്പുവെക്കാത്തതിനാൽ ഇത് ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നിട്ടില്ല. സൗദിയുടെ ആണവ പദ്ധതിക്ക് അമേരിക്കയുടെ പിന്തുണ ഉറപ്പാക്കുന്ന ഈ കരാറിന്റെ കരട് രൂപം 2025 ഒക്ടോബറിലാണ് അന്തിമമാക്കിയത്. ട്രംപിന്റെ അംഗീകാരം വൈകുന്നതാണ് കരാർ നിലവലിൽ വരുന്നതിനുള്ള ഏക തടസ്സം.
ഇറാനുമായുള്ള സമീപകാല സംഘർഷങ്ങളും യുഎസ് കോൺഗ്രസ് (പാർലമെന്റ്) ഈ കരാർ തടഞ്ഞേക്കുമെന്ന ആശങ്കയുമാണ് കരാർ വൈകാൻ പ്രധാന കാരണമെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ അണുബോംബ് നിർമ്മിച്ചാൽ സൗദി അറേബ്യയും സ്വന്തമായി ആണവായുധം നിർമ്മിക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ മുൻപ് വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിൽ സൗദിക്ക് യുറേനിയം സമ്പുഷ്ടീകരണത്തിന് അനുമതി നൽകുന്നത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
ആണവോർജ്ജ ഉത്പാദനത്തിനാണ് സാധാരണയായി യുറേനിയം ഉപയോഗിക്കുന്നത്. എന്നാൽ ഉയർന്ന അളവിൽ യുറേനിയം സമ്പുഷ്ടീകരിച്ചാൽ അത് അണുബോംബ് നിർമ്മാണത്തിന് ഉപയോഗിക്കാം. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ കർശനമായ സുരക്ഷാ പരിശോധനകൾക്ക് വിധേയമായി മാത്രമേ രാജ്യങ്ങൾക്ക് ഇതിന് അനുമതി നൽകുകയുള്ളൂ. എന്നാൽ സൗദിയുമായി തയ്യാറാക്കിയിരിക്കുന്ന പുതിയ കരാറിൽ സുരക്ഷാ മാനദണ്ഡങ്ങളിൽ ചില ഇളവുകൾ വരുത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
'123 കരാർ' (123 Agreement) എന്നറിയപ്പെടുന്ന ഈ നിയമപരമായ ഉടമ്പടി ഒപ്പുവെച്ചാലും സൗദിക്ക് പെട്ടെന്ന് ആണവ സാങ്കേതികവിദ്യയോ യുറേനിയമോ ലഭിക്കില്ല. സമാധാനപരമായ ആവശ്യങ്ങൾക്കായി ആണവ സാങ്കേതികവിദ്യ കൈമാറുന്നതിന് മുന്നോടിയായുള്ള ഒരു നിയമ ചട്ടക്കൂട് മാത്രമാണിത്. ഇതിന് ശേഷം ഓരോ തവണയും ആണവ സാമഗ്രികൾ കൈമാറുന്നതിന് പ്രത്യേകം അനുമതി വാങ്ങേണ്ടതുണ്ട്.
അതേസമയം, സൗദിക്ക് സ്വന്തം മണ്ണിൽ യുറേനിയം സമ്പുഷ്ടീകരിക്കാൻ അനുമതി നൽകുന്നത് ഒട്ടും സുരക്ഷിതമല്ലെന്ന് ആണവ വിദഗ്ധയായ ആൻഡ്രിയ സ്ട്രിക്കർ പറയുന്നു. ഈ ആണവ നിലയം തുടക്കത്തിൽ അമേരിക്കയുടെ നിയന്ത്രണത്തിലാണെങ്കിൽ പോലും ഭാവിയിൽ ഇതിന്റെ പൂർണ്ണ നിയന്ത്രണം സൗദി ഏറ്റെടുത്തേക്കാം. സൗദി ആണവായുധം നിർമ്മിക്കുന്നത് തടയാൻ പിൽക്കാലത്ത് വരാവുന്ന അമേരിക്കൻ പ്രസിഡന്റുമാർക്ക് ഈ ആണവ നിലയം ബോംബിട്ട് തകർക്കേണ്ടി വരുന്ന സാഹചര്യം വരെ ഉണ്ടായേക്കാമെന്നും അവർ ആശങ്ക പ്രകടിപ്പിച്ചു.
എന്നാൽ ഈ നീക്കത്തെ അനുകൂലിക്കുന്ന വിദഗ്ധരും ഉണ്ട്. അമേരിക്ക ഈ കരാറിന് തയ്യാറായില്ലെങ്കിൽ സൗദി അറേബ്യ റഷ്യയുമായോ ചൈനയുമായോ കൂടുതൽ ലളിതമായ കരാറുകളിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്നും അത് അമേരിക്കയുടെ താല്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും അവർ വാദിക്കുന്നു. എങ്കിലും, മേഖലയിലെ പ്രധാന ശത്രുവായ ഇറാൻ അണുബോംബ് നിർമ്മിച്ചാൽ തങ്ങളും ആണവായുധം സ്വന്തമാക്കുമെന്ന് സൗദി കിരീടാവകാശി മുൻപ് വ്യക്തമാക്കിയിട്ടുള്ളതിനാൽ, ഈ കരാറിന്മേലുള്ള അന്തിമ തീരുമാനം മിഡിൽ ഈസ്റ്റിലെ സുരക്ഷയിൽ വലിയ നിർണ്ണായകമാകും.
Content Highlights: According to reports, Saudi Arabia and the United States have finalised a civil nuclear cooperation agreement. The deal is now awaiting approval from US President Donald Trump before it can move to the next stage of implementation.