പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ; എണ്ണക്കപ്പൽ ആക്രമണത്തിന് പിന്നാലെ ഇറാന്റെ തിരിച്ചടി, ജാഗ്രത തുടരുന്നു

അമേരിക്കൻ വ്യോമാക്രമണങ്ങൾക്ക് തിരിച്ചടിയായി ബഹ്‌റൈനിലെയും കുവൈറ്റിലെയും യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ കടുത്ത ഡ്രോൺ-മിസൈൽ പ്രത്യാക്രമണം അഴിച്ചുവിട്ടു

പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ; എണ്ണക്കപ്പൽ ആക്രമണത്തിന് പിന്നാലെ ഇറാന്റെ തിരിച്ചടി, ജാഗ്രത തുടരുന്നു
dot image

പശ്ചിമേഷ്യൻ മേഖലയെ വീണ്ടും കടുത്ത യുദ്ധഭീതിയിലാഴ്ത്തിക്കൊണ്ട് അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം രൂക്ഷമാകുന്നു. ഹോർമുസ് കടലിടുക്കിൽ വെച്ച് ഖത്തറിന്റെയും സൗദി അറേബ്യയുടെയും എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന് ആരോപിച്ച് യുഎസ് സെൻട്രൽ കമാൻഡ് കഴിഞ്ഞ ദിവസം ഇറാന്റെ തീരദേശ മേഖലകളിൽ ശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു. ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ഐലൻഡ്, ഹോർമോസ്ഗാൻ പ്രവിശ്യ, മഹ്ഷഹർ തുറമുഖ നഗരം എന്നിവടങ്ങളിലാണ് യു.എസ് പ്രധാനമായും ബോംബാക്രമണം നടത്തിയത്. ഇറാന്റെ മണ്ണിൽ യുഎസ് നടത്തിയത് നഗ്നമായ നിയമലംഘനമാണെന്നും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് ഇതിനോട് പ്രതികരിച്ചു.

അമേരിക്കൻ വ്യോമാക്രമണങ്ങൾക്ക് തിരിച്ചടിയായി ബഹ്‌റൈനിലെയും കുവൈറ്റിലെയും യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ കടുത്ത ഡ്രോൺ-മിസൈൽ പ്രത്യാക്രമണം അഴിച്ചുവിട്ടു. ബഹ്‌റൈനിലെ യുഎസ് അഞ്ചാം നാവിക വ്യൂഹത്തിന് നേരെയും കുവൈറ്റിലെ അലി അൽ സാലം എയർ ബേസിന് നേരെയുമായിരുന്നു ഇറാന്റെ നീക്കം. ഇതിന്റെ ഭാഗമായി മൊത്തം 85 അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ഇറാൻ പ്രത്യാക്രമണം നടത്തിയത്. കൂടാതെ, ആക്രമണങ്ങൾക്കിടെ അമേരിക്കയുടെ അത്യാധുനിക MQ-9 ഡ്രോൺ വെടിവെച്ചിട്ടതായും ഇറാൻ അവകാശപ്പെട്ടു. ഇതോടെ പശ്ചിമേഷ്യയിൽ നിലനിന്നിരുന്ന താൽക്കാലിക വെടിനിർത്തൽ ധാരണകൾ പൂർണ്ണമായും തകരുകയും മേഖല വീണ്ടും അശാന്തിയിലാവുകയും ചെയ്തു.

ഇന്ന് പുലർച്ചെ കുവൈറ്റ് വ്യോമാതിർത്തി ലക്ഷ്യമിട്ട് എത്തിയ ഇറാന്റെ രണ്ട് ബാലിസ്റ്റിക് മിസൈലുകളും 13 ഡ്രോണുകളും കുവൈറ്റിന്റെ വ്യോമപ്രതിരോധ സംവിധാനം വിജയകരമായി വെടിവെച്ചിട്ടതായി കുവൈറ്റ് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. കൃത്യസമയത്തെ പ്രതിരോധം കാരണം സംഭവത്തിൽ ആളപായമോ ഭൗതിക നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. എന്നാൽ, ഇറാന്റെ കടുത്ത ആക്രമണ ഭീഷണിയെത്തുടർന്ന് ഇന്ന് പുലർച്ചെ കുവൈറ്റിലും ബഹ്റൈനിലും ഉടനീളം അപായ സൈറണുകൾ മുഴങ്ങിയിരുന്നു. ഇതേത്തുടർന്ന് പശ്ചിമേഷ്യൻ മേഖലയിലുടനീളം അതീവ സുരക്ഷാ ജാഗ്രതയാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്.

അതിനിടെ, ഇറാന്റെ തീരങ്ങളിൽ അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങളെ നാറ്റോ സഖ്യം പൂർണ്ണമായി പിന്തുണച്ചു. ഇറാനെതിരെ അമേരിക്ക നടത്തിയ പുതിയ സൈനിക നടപടികൾ ആഗോള സുരക്ഷയ്ക്ക് "തികച്ചും അനിവാര്യമായിരുന്നു" എന്ന് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ പ്രതികരിച്ചു. എന്നാൽ ബഹ്‌റൈനിലും കുവൈത്തിലും ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവായ ഡോ. അൻവർ ഗർഗാഷ് ശക്തമായി വിമർശിച്ചു. പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാനായി ഇരുരാജ്യങ്ങളും ഒപ്പുവെച്ചിരുന്ന 60 ദിവസത്തെ സമാധാന കരാറാണ് പുതിയ സംഭവവികാസങ്ങളോടെ പൂർണ്ണമായും അനിശ്ചിതത്വത്തിലായിരിക്കുന്നത്.

ഹോർമുസ് കടലിടുക്കിലെ എണ്ണക്കപ്പൽ ആക്രമണങ്ങൾക്ക് പിന്നാലെ ഇറാന് മേൽ ഏർപ്പെടുത്തിയിരുന്ന എണ്ണവില്പന ഇളവുകൾ അമേരിക്ക പൂർണ്ണമായും റദ്ദാക്കി. പശ്ചിമേഷ്യയിലെ യുദ്ധാന്തരീക്ഷവും അമേരിക്കൻ ഉപരോധവും ശക്തമായതോടെ രാജ്യാന്തര വിപണിയിൽ വലിയ ചലനങ്ങളാണുണ്ടായത്. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില പെട്ടെന്ന് തന്നെ മൂന്ന് ശതമാനത്തിലധികം ഉയർന്നു. വരും ദിവസങ്ങളിലും സംഘർഷം തുടർന്നാൽ ആഗോള സാമ്പത്തിക രംഗത്തെയും എണ്ണ വിപണിയെയും ഇത് ദോഷകരമായി ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ.

Content Highlights: Kuwait's Ministry of Defence has announced that it foiled an attempted aerial attack in the country's airspace. Authorities said the situation was brought under control and security measures remain in place.

dot image
To advertise here,contact us
dot image