കുവൈറ്റിന് നേരെ ഉണ്ടായ ആക്രമണശ്രമം; മിസൈലുകളും 13 ഡ്രോണുകളും വെടിവെച്ചിട്ടതായി പ്രതിരോധ മന്ത്രാലയം

ഇറാന്റെ ഭാഗത്തുനിന്നുള്ള കടുത്ത ആക്രമണ ഭീഷണിയെ തുടർന്ന് ഇന്ന് പുലർച്ചെ കുവൈറ്റിലും അയൽരാജ്യമായ ബഹ്റൈനിലും ജാഗ്രതാ സൈറണുകൾ മുഴങ്ങിയിരുന്നു

കുവൈറ്റിന് നേരെ ഉണ്ടായ ആക്രമണശ്രമം; മിസൈലുകളും 13 ഡ്രോണുകളും വെടിവെച്ചിട്ടതായി പ്രതിരോധ മന്ത്രാലയം
dot image

പശ്ചിമേഷ്യയിൽ ​യുദ്ധ സമാന സാഹചര്യം തുടരുന്നതിനിടെ ഇന്ന് കുവൈറ്റ് വ്യോമാതിർത്തിയിലേക്ക് കടന്നുകയറാൻ ശ്രമിച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകളും 13 ഡ്രോണുകളും കുവൈറ്റ് വ്യോമസേന വിജയകരമായി വെടിവെച്ചിട്ടു. ഇന്ന് പുലർച്ചെയുണ്ടായ ഈ ആക്രമണശ്രമത്തിൽ രാജ്യത്ത് എവിടെയും ആളപായമോ കാര്യമായ ഭൗതിക നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കുവൈറ്റ് പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ഇറാന്റെ ഭാഗത്തുനിന്നുള്ള കടുത്ത ആക്രമണ ഭീഷണിയെ തുടർന്ന് ഇന്ന് പുലർച്ചെ കുവൈറ്റിലും അയൽരാജ്യമായ ബഹ്റൈനിലും ജാഗ്രതാ സൈറണുകൾ മുഴങ്ങിയിരുന്നു. ഇതേത്തുടർന്ന് ജനങ്ങൾ ആശങ്കയിലായെങ്കിലും പ്രതിരോധ സംവിധാനങ്ങൾ കൃത്യസമയത്ത് പ്രവർത്തിച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലുടനീളം സുരക്ഷാ ജാഗ്രതയും സൈനിക നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

അതേസമയം, ഇറാനുമായുള്ള നിലവിലെ സമാധാന കരാർ അവസാനിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതോടെ മേഖലയിലെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമായി. തെഹ്റാനുമായി ഇനി യാതൊരുവിധ ചർച്ചകൾക്കുമില്ലെന്നും അത്തരം ചർച്ചകൾ വെറും “സമയം പാഴാക്കൽ” മാത്രമാണെന്നും ട്രംപ് കർശന ഭാഷയിൽ വ്യക്തമാക്കി. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ പൂർണ്ണമായും വഷളായിരിക്കുകയാണ്.

അമേരിക്ക തങ്ങൾക്കെതിരെ നടത്തിയ സൈനിക നീക്കങ്ങൾക്ക് ശക്തമായ തിരിച്ചടിയാണ് നൽകിയതെന്ന് ഇറാൻ അവകാശപ്പെട്ടു. ഹോർമോസ്ഗാൻ പ്രവിശ്യയിലും മഹ്ഷഹർ തുറമുഖ നഗരത്തിലും അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി, തങ്ങൾ 85 അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് വൻതോതിൽ ആക്രമണം നടത്തിയതായി ഇറാൻ വ്യക്തമാക്കി. ഇതാണ് ഗൾഫ് മേഖലയിലെ യുദ്ധാന്തരീക്ഷം വീണ്ടും വഷളാക്കിയത്.

അമേരിക്ക–ഇറാൻ സംഘർഷം മുറുകുമ്പോൾ കുവൈറ്റ് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളാണ് കൂടുതൽ ആശങ്കയിലാകുന്നത്. അമേരിക്ക നടത്തുന്ന ഓരോ സൈനിക നടപടിക്കും പകരമായി കുവൈറ്റിലും ബഹ്റൈനിലും നിലയുറപ്പിച്ചിട്ടുള്ള അമേരിക്കൻ സൈനിക താവളങ്ങളെയാണ് ഇറാൻ ലക്ഷ്യം വെക്കുന്നത്. ഈ സാഹചര്യത്തിൽ തങ്ങളുടെ രാജ്യത്തിന്റെ പരമാധികാരവും ജനങ്ങളുടെ സുരക്ഷയും ഉറപ്പാക്കാൻ അതീവ ജാഗ്രതയോടെയാണ് കുവൈത്ത് സൈന്യം നിലയുറപ്പിച്ചിരിക്കുന്നത്.

Content Highlights: Kuwait's Ministry of Defence has announced that it foiled an attempted aerial attack in the country's airspace. Authorities said the situation was brought under control and security measures remain in place.

dot image
To advertise here,contact us
dot image