

ആളുകള്‍ക്ക് മുട്ടയെക്കുറിച്ച് എപ്പോഴും സംശയമാണ്. മുട്ട ആരോഗ്യകരമായ പ്രോട്ടീന്റെ ഉറവിടമാണോ അതോ കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കുന്ന ഭക്ഷണമാണോ എന്നുളളത്. എന്നാല്‍ പുതിയ ഗവേഷണങ്ങളിലൂടെയും ആരോഗ്യ വിദഗ്ധരുടെ അഭിപ്രായങ്ങളിലൂടെയും മുട്ടയുടെ ഗുണങ്ങളെക്കുറിച്ച് ആളുകള്‍ ബോധവാന്മാരാണ്. കഴിക്കുന്ന ഭക്ഷണത്തിന്റെ ബാക്കി ഭാഗവും സന്തുലിതമാണെങ്കില്‍ ആരോഗ്യമുള്ള ആളുകള്‍ക്ക് ദിവസവും രണ്ട് മുട്ട കഴിക്കുന്നത് ദോഷകരമല്ല.

ഒരു വലിയ മുട്ടയില്‍ ഏകദേശം 70 മുതല്‍ 72 വരെ കലോറിയും 6 ഗ്രാം പ്രോട്ടീനും അടങ്ങിയിരിക്കുന്നു. തലച്ചോറിനും കണ്ണുകള്‍ക്കും നാഡീവ്യവസ്ഥയ്ക്കും അത്യാവശ്യമായ കോളിന്‍, ബി വിറ്റാമിനുകള്‍, ല്യൂട്ടിന്‍, സിയാക്‌സാന്തിന്‍ തുടങ്ങിയ പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് മുട്ട കഴിക്കുന്നത് കൂടുതല്‍ നേരം വയറു നിറഞ്ഞതായി തോന്നാന്‍ സഹായിക്കുന്നത്. ഹാര്‍വാര്‍ഡ് ഹെല്‍ത്തിന്റെ അഭിപ്രായത്തില്‍ പ്രോട്ടീന്‍ അടങ്ങിയ മുട്ടകള്‍ വിശപ്പ് നിയന്ത്രിക്കാനും ആസക്തി കുറയ്ക്കാനും സഹായിക്കും.

എല്ലാ ദിവസവും രാവിലെ രണ്ട് മുട്ട കഴിക്കുന്നത് ശീലമാക്കിയാല്‍ ആദ്യ ആഴ്ചയില്‍ വിശപ്പിലും ഊര്‍ജ്ജത്തിലുമുണ്ടാകുന്ന മാറ്റങ്ങള്‍ മനസിലാകാന്‍ തുടങ്ങും. മുട്ടകള്‍ സാവധാനത്തില്‍ ദഹിക്കുന്നതിനാല്‍ ഇടയ്ക്കിടെ ലഘുഭക്ഷണം കഴിക്കേണ്ടതിന്റെ ആവശ്യകത കുറയ്ക്കാന്‍ അവയ്ക്ക് കഴിയും.
രണ്ടാമത്തെയും മൂന്നാമത്തെയും ആഴ്ചയോടെ, ഫലങ്ങള്‍ കുറച്ചുകൂടി സ്ഥിരതയുള്ളതായി കാണപ്പെടുന്നു. പ്രഭാത ഭക്ഷണമായി മുട്ടകള്‍ ഉള്‍പ്പെടുത്തുമ്പോള്‍ കൂടുതല്‍ സ്ഥിരതയുള്ള ഊര്‍ജം ലഭിക്കുന്നതും മന്ദത കുറയുന്നതും അനുഭവപ്പെടും. മയോ ക്ലിനിക്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത് മുട്ടകളില്‍ അത്രയും ദോഷകരമായ കൊളസ്‌ട്രോള്‍, ട്രാന്‍സ് ഫാറ്റ്, ഉയര്‍ന്ന പൂരിത കൊഴുപ്പ് എന്നിവയില്ല എന്നാണ്.

മുട്ട കഴിക്കുമ്പോള്‍ അതിനോടൊപ്പം എന്തൊക്കെത്തരത്തിലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതാണ് ഗുണപ്രദം എന്നത് പലര്‍ക്കും സംശയമുള്ള കാര്യമാണ്. പഞ്ചസാര, , സോയ പാല്‍, ചായ, പാല്‍, പഴങ്ങള്‍, കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ ഇവയൊന്നും മുട്ടയോടൊപ്പം കഴിക്കരുത്. പകരം പച്ചക്കറികള്‍, ഓട്സ്, തവിടുപൊടി, ബീന്‍സ്, അവോക്കാഡോ എന്നിവയ്ക്കൊപ്പം മുട്ട കഴിക്കുന്നത് സമീകൃതവും ആരോഗ്യകരവുമായ ഭക്ഷണമായിരിക്കും.

ദിവസവും രണ്ട് മുട്ട കഴിക്കുന്നത് എല്ലാവര്‍ക്കും അനുയോജ്യമല്ല. പ്രമേഹം, ഉയര്‍ന്ന എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍, അല്ലെങ്കില്‍ ഹൃദ്രോഗത്തിന്റെ കുടുംബ ചരിത്രമുള്ള ആളുകള്‍ ഇവരൊക്കെ ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കേണ്ടതാണ്. ഇങ്ങനെയുളളവര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം മുട്ട ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.
(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് വളരെ അത്യാവശ്യമാണ്)
Content Highlights:What happens if you eat two eggs a day? Which foods are healthy to eat eggs with?