
ദുബായിലേക്ക് ഒരു യാത്ര ചെയ്യാനും കുറച്ച് ദിവസം അവിടെ താമസിക്കാനും ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്ത. ദുബായിൽ വിനോദസഞ്ചാരത്തിനായി വെറും 40,00 രൂപ മാത്രമാണ് ചെലവ്. ആഡംബരത്തിനും ഷോപ്പിംഗ് മാളുകൾക്കും അംബരചുംബികളായ കെട്ടിടങ്ങൾക്കും പേരുകേട്ട ദുബായ് ഒറ്റനോട്ടത്തിൽ ചെലവേറിയതായാണ് യാത്രകളെ ഇഷ്ടപ്പെടുന്നവർക്ക് തോന്നുന്നത്. എങ്കിലും ഒരൽപ്പം കൃത്യതയോടെ പ്ലാൻ ചെയ്താൽ 40,000ൽ താഴെ ചെലവിൽ ദുബായിൽ പോയി വരാം. ദുബായെന്ന നഗരത്തിന്റെ ആകർഷണീയതയും ചരിത്രവും സംസ്കാരവും കുറഞ്ഞ ബഡ്ജറ്റിൽ ആസ്വദിക്കാം. അതിനുള്ള സാധ്യതകൾ ഇപ്രകാരമാണ്.
ദുബായിൽ ബഡ്ജറ്റ് ഫ്രണ്ട്‌ലി താമസസൗകര്യങ്ങൾ ലഭ്യമാണ്. മികച്ച സൗകര്യങ്ങളും ഒപ്പം സഞ്ചാരികൾക്ക് ആസ്വദിക്കാൻ കഴിയുന്ന ലൊക്കേഷനുകൾ അടുത്തുള്ളതുമായ താമസസൗകര്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
ദേര, അൽ ബർഷ, ബർ ദുബായ് പോലുള്ള സ്ഥലങ്ങളിലെ ഹോസ്റ്റലുകൾ അല്ലെങ്കിൽ 2-സ്റ്റാർ ഹോട്ടലുകൾ തിരഞ്ഞെടുക്കുന്നതിലൂടെ യാത്രകൾ കൂടുതൽ ലാഭകരമാക്കാം. ഈ പ്രദേശങ്ങൾ മെട്രോ വഴി മികച്ച കണക്റ്റിവിറ്റി നൽകുന്നു. കൂടാതെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളുടെ അടുത്താണ് ഈ സ്ഥലങ്ങൾ. എയർബൻബ് (Airbnb) പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ സ്വന്തമായി ഭക്ഷണം പാചകം ചെയ്യാൻ കഴിയുന്ന ബഡ്ജറ്റ് അപ്പാർട്ട്‌മെന്റുകളും ലഭ്യമാണ്. ഇത് ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു വഴിയാണ്.
2. യാത്രസൗകര്യങ്ങൾ
ദുബായിലെ പൊതുഗതാഗത സംവിധാനം മികച്ചതും സുരക്ഷിതവും ചെലവ് കുറഞ്ഞതുമാണ്. ദുബായ് നഗരത്തിൽ യാത്ര ചെയ്യാൻ കഴിയുന്ന പ്രത്യേക മെട്രോ, ബസ് യാത്ര പാസുകൾ (Nol Card) ഉണ്ടെങ്കിൽ അഞ്ച് ദിവസം യാത്ര ചെയ്യുന്നതിന് 1,000 - 1,200 രൂപ മാത്രമെ ചെലവാകൂ. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കെത്താനും ഇത് ഗുണകരമാകും. ഇത്തരം പാസുകൾ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുമായി ബന്ധപ്പെട്ടാൽ സ്വന്തമാക്കാം.
3. സൗജന്യമായി സന്ദർശിക്കാൻ കഴിയുന്ന സ്ഥലങ്ങൾ
ദുബായ് ഫൗണ്ടനും ബുർജ് ഖലീഫയും (പുറത്ത് നിന്ന്), ജുമൈറ കടൽ, അൽ സീഫ്, അൽ ഫഹീദി ചരിത്ര നഗരങ്ങൾ, ദുബായ് മറീന, മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ എന്നിവടങ്ങൾ വിനോദസഞ്ചാരികൾക്ക് സൗജന്യമായി സന്ദർശിക്കാം. ഗ്ലോബൽ വില്ലേജ് 400 രൂപയ്ക്കും ഡേസേർട്ട് സഫാരി 2,000 മുതൽ 2,500 രൂപയ്ക്കും ദുബായ് ഫ്രെയിം 1,200 രൂപയ്ക്കും സന്ദർശിക്കാൻ കഴിയും.
4. മികച്ചതും ചെലവ് കുറഞ്ഞതുമായ ഭക്ഷണം
ദുബായിലെ ഭക്ഷണ വൈവിധ്യം വളരെ വലുതാണ്, കൂടാതെ ആഡംബര റെസ്റ്റോറന്റുകൾ ഒഴിവാക്കി, സാധാരണ ഭക്ഷണം കഴിക്കുകയാണെങ്കിൽ വളരെ കുറഞ്ഞ ചെലവിൽ വയറുനിറയ്ക്കാം. ഇന്ത്യൻ റെസ്റ്ററന്റുകൾ ഉപയോഗിച്ചാൽ ഒരു നേരത്തിന് 300 മുതൽ 500 രൂപ വരെയും മൂന്ന് നേരം ഭക്ഷണം കഴിക്കുന്നതിന് 1,200 രൂപയും അഞ്ച് ദിവസത്തെ ഭക്ഷണത്തിന് 6,000 രൂപ വരെയും ചെലവാകും.
5. കുറഞ്ഞ ചെലവിൽ ഷോപ്പിങ്
ഒരു ദുബായ് യാത്ര പൂർണമാകുന്നത് ഷോപ്പിങ് കൂടി നടത്തുമ്പോഴാണ്. കുറഞ്ഞ ചെലവിൽ മികച്ച ഷോപ്പിങ് അനുഭവവും ദുബായിക്ക് നൽകാൻ സാധിക്കും. തുറന്നവ്യാപാര മേഖകളായ സൂക്ക്, ഡ്രാഗൺ മാർട്ട്, കരാമ മാർക്കറ്റുകൾ തുടങ്ങിയവ കുറഞ്ഞ ചെലവിലുള്ള ഷോപ്പിങ് സാധ്യമാക്കുന്ന മേഖലയാണ്.
Content Highlights: Enjoy Dubai Holiday Under Rs 40000 With This Budget-Friendly Guide