
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക് അടച്ചുറപ്പുള്ള താമസ സൗകര്യമൊരുക്കുക എന്ന ലക്ഷ്യവുമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പുനർഗേഹം പദ്ധതിയിലൂടെ മുട്ടത്തറയിൽ നിർമ്മിച്ച ഭവനസമുച്ചയത്തിൽ 332 ഫ്ലാറ്റുകൾ ഗുണഭോക്താക്കൾക്ക് കൈമാറി. ഫ്ലാറ്റുകളുടെ താക്കോല്‍ദാനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. LDF സർക്കാർ മത്സ്യത്തൊഴിലാളി സമൂഹത്തിനു നൽകിയ ഒരു വാഗ്ദാനം കൂടി പാലിക്കപ്പെട്ടിരിക്കുന്നുവെന്ന് മുഖ്യമന്ത്രി സമൂഹമാധ്യമത്തില്‍ കുറിച്ചു. ഉദ്ഘാടനത്തിന്‍റെ ചിത്രസഹിതമാണ് മുഖ്യമന്ത്രിയുടെ കുറിപ്പ്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഭാഗമായി ഉന്നയിക്കപ്പെട്ട ആവശ്യങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു തീരദേശവാസികൾക്ക് സുരക്ഷിത സ്ഥലത്ത് ഭവനം എന്നത്. ആ ആവശ്യമാണ് ഇന്ന് യാഥാർത്ഥ്യമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാരിൽ നിന്നുള്ള പാരിസ്ഥിതികാനുമതിയുമായി ബന്ധപ്പെട്ട കാലതാമസം മൂലം പദ്ധതി രണ്ട് ഘട്ടമായാണ് പൂർത്തീകരിക്കേണ്ടി വന്നത്. ഇതിൽ ആദ്യ ഘട്ടമെന്ന നിലയിൽ നിർമ്മാണം പൂർത്തീകരിച്ച ഫ്‌ളാറ്റുകളാണ് ഇന്ന് ഗുണഭോക്താക്കൾക്ക് കൈമാറിയത്. ബാക്കി 68 ഫ്ലാറ്റുകളും സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതോടൊപ്പം മലപ്പുറം ജില്ലയിലെ താനൂർ ഉണ്യാൽ പൂർത്തീകരിച്ച 16 ഫ്ലാറ്റുകളുടെ താക്കോല്‍ കൈമാറ്റവും ഇന്ന് നടന്നു.
രണ്ട് ബെഡ് റൂം, ഹാൾ, അടുക്കള, ഭക്ഷണമുറി, ശുചിമുറി തുടങ്ങി ഒരു കുടുംബത്തിന് ആവശ്യമായ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്. പുറത്ത് പാർക്കിംഗ് ഗ്രൗണ്ടും കളിസ്ഥലവും ഒരുക്കിയിട്ടുണ്ട്. രണ്ടു നിലകളിലായി 8 ഫ്ലാറ്റുകൾ ഉൾപ്പെടുന്ന 50 യൂണിറ്റുകളാണ് ഇവിടെ നിർമ്മിച്ചിട്ടുള്ളത്.
മത്സ്യത്തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്ന കാര്യത്തിൽ പ്രതിജ്ഞാബദ്ധമായ സമീപനമാണ് സർക്കാർ സ്വീകരിച്ചു വരുന്നതെന്നും വിട്ടുവീഴ്ചയില്ലാതെ ആ നിലപാടിൽ ഉറച്ചു നിന്ന് പദ്ധതികൾ പ്രാവർത്തികമാക്കി സർക്കാർ മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
Content Highlights: Punargeham project CM Pinarayi Vijayan handed over the key of 332 flats in Muttathara