
ദുബായ് നഗരത്തിന്റെ തലയെടുപ്പ് ഉയർത്തുവാനായി മറ്റൊരു ആഡംബര ദ്വീപ് കൂടി നിർമിതമാകുന്നു. നയ ഐലൻഡ് ദുബായ് എന്നാണ് പുതിയ ദ്വീപിന് പേര് നൽകിയിരിക്കുന്നത്. സ്വകാര്യ വില്ലകൾ, ബീച്ചിനോട് ചേർന്നുള്ള താമസ സ്ഥലങ്ങൾ, എസ്റ്റേറ്റ് പ്ലോട്ടുകൾ, സ്വകാര്യ ബീച്ച് തുടങ്ങിയ ആഡംബര സൗകര്യങ്ങൾ ഒരുക്കിയാവും ദ്വീപ് നിർമിക്കുക. ദുബായിലെ ജുമൈറ തീരത്ത്, പ്രശസ്തമായ ബുർജ് അൽ അറബിന് സമീപത്താണ് ഈ ദ്വീപ് ഉയരുന്നത്. നയ ഐലൻഡ് ദുബായ് ദ്വീപിന്റെ നിർമാണ പ്രവർത്തനങ്ങൾ ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
2029ഓടെ ദ്വീപ് നിർമാണം പൂർത്തിയാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. നഗരത്തിലെ പ്രധാന റോഡുകളുമായി ദ്വീപിനെ ബന്ധിപ്പിക്കുന്നുണ്ട്. ശമൽ ഹോൾഡിങ് എന്ന നിക്ഷേപ സ്ഥാപനവും ഷെവൽ ബ്ലാങ്കുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ദ്വീപിൽ നിർമിക്കുന്ന ഷെവൽ ബ്ലാങ്ക് മേയ്സൻ ഹോട്ടലിൽ 30 സ്യൂട്ടുകളും 40 സ്വകാര്യ പൂൾ വില്ലകളും ഉണ്ടാകും.
പ്രകൃതി സൗഹൃദമായാണ് നയ ഐലൻഡ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഡൈനിംഗ്, സ്പാ, വെൽനസ് സേവനങ്ങൾ, കടൽ തീരങ്ങൾ എന്നിവ ദ്വീപിന്റെ സമീപത്തുണ്ടാകും. ദുബായ് ജനതയെയും വിനോദസഞ്ചാരികളെയും പ്രകൃതിയോട് അടുപ്പിക്കുകയാണ് ഇത്തരം സേവനങ്ങൾ ദ്വീപിനോട് ചേർക്കുന്നതിന്റെ മുഖ്യലക്ഷ്യം.
Content Highlights: Naya Island: Dubai announces new luxury development