

കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളും മാംസവും അനധികൃതമായി സൂക്ഷിക്കുകയും സംസ്കരിക്കുകയും ചെയ്ത സ്ഥാപനത്തിനെതിരെ ശക്തമായ നടപടിയുമായി ബഹ്റൈൻ വ്യവസായ-വാണിജ്യ മന്ത്രാലയം. മുഹറഖിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനവും ഇതിന്റെ അനുബന്ധ ഗോഡൗണും അധികൃതർ അടച്ചുപൂട്ടി.
മന്ത്രാലയത്തിലെ ഇൻസ്പെക്ടറേറ്റ് വിഭാഗം നടത്തിയ മിന്നൽ പരിശോധനയിലാണ് ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയത്. ആവശ്യമായ ഔദ്യോഗിക ലൈസൻസുകളില്ലാതെയാണ് ഇവിടെ മാംസം സൂക്ഷിക്കുകയും സംസ്കരിക്കുകയും ചെയ്തിരുന്നത്. കൂടാതെ, വിപണിയിൽ വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന വലിയ അളവിലുള്ള കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
2024, 2025 വർഷങ്ങളിൽ കാലാവധി അവസാനിച്ച കോൺസ്റ്റാർച്ച്, മാംസം, മറ്റ് ശീതീകരിച്ച ഭക്ഷ്യവസ്തുക്കൾ എന്നിവ പരിശോധനയിൽ കണ്ടെത്തിയതായി മന്ത്രാലയം പുറത്തുവിട്ട ദൃശ്യങ്ങളിൽ വ്യക്തമാണ്. തികച്ചും വൃത്തിഹീനവും അപകടകരവുമായ സാഹചര്യത്തിലാണ് ഈ ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചിരുന്നതെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
പൊതുജനാരോഗ്യത്തിന് ഗുരുതര ഭീഷണിയുയർത്തുന്ന ഇത്തരം നിയമലംഘനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്ന് വ്യവസായ-വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. പിടിച്ചെടുത്ത സ്ഥാപനത്തിനെതിരെയുള്ള കേസ് ഉപരിപഠനത്തിനും നിയമനടപടികൾക്കുമായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
Content Highlights: Bahrain authorities seized expired and improperly labelled food products from a commercial establishment and ordered its closure, with further legal action expected.