ദുബായിൽ കാറിന്റെ നിറം മാറ്റണോ? നടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കാം

ദുബായ് പോലീസിന്റെയോ ദുബായ് നൗ ആപ്പിന്റെയോ സഹായത്തോടെ വാഹനത്തിന്റെ നിറം മാറ്റുന്നതിനുള്ള പെർമിറ്റിന് അപേക്ഷിക്കാം

ദുബായിൽ കാറിന്റെ നിറം മാറ്റണോ? നടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കാം
dot image

കാറിന്റെ നിറം മാറ്റാൻ ആഗ്രഹിക്കുന്നവർക്ക് ഇനി നടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കാം. ദുബായ് പോലീസിന്റെയോ ദുബായ് നൗ ആപ്പിന്റെയോ സഹായത്തോടെ വാഹനത്തിന്റെ നിറം മാറ്റുന്നതിനുള്ള പെർമിറ്റിന് അപേക്ഷിക്കാം. ഇതിനായി നിശ്ചിത രേഖകൾ സമർപ്പിക്കുകയും 120 ദിർഹം ഫീസ് അടയ്ക്കുകയും വേണം. കാറിന്റെ നിറം മാറ്റുന്നതിന് മുമ്പ് ആവശ്യമായ അനുമതി രേഖയാണ് വെഹിക്കിൾ കളർ ചേഞ്ച് പെർമിറ്റ്. അംഗീകൃത ഓട്ടോമോട്ടീവ് സ്റ്റൈലിങ്, പെയിന്റിങ് കേന്ദ്രങ്ങളിൽ വാഹനം പുതുക്കുന്നതിന് മുമ്പ് ഈ പെർമിറ്റ് ആവശ്യമാണ്. വാഹനത്തിന്റെ നിറം മാറ്റുന്നതിന് അധികൃതരുടെ അനുമതി ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാനും ഇത് സഹായിക്കും.

നിറം മാറ്റിയശേഷം വാഹനത്തിന്റെ രജിസ്ട്രേഷൻ രേഖയായ മുൽകിയയിലും (Mulkiya) വിവരങ്ങൾ പുതുക്കണം. ഇൻഷുറൻസ് സാധുത നിലനിർത്തുന്നതിനും റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (ആർടിഎ) വാർഷിക വാഹന പരിശോധന വിജയകരമായി പൂർത്തിയാക്കുന്നതിനും വാഹനത്തിന്റെ രേഖകളിൽ കൃത്യമായ വിവരങ്ങൾ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. ദുബായ് പോലീസിന്റെ വെബ്സൈറ്റ് പ്രകാരം ദുബായിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്കാണ് ഈ സേവനം ലഭിക്കുക. എമിറേറ്റ്സ് ഐഡി, വാഹന രജിസ്ട്രേഷൻ രേഖയായ മുൽകിയ, രജിസ്റ്റർ ചെയ്യാത്ത വാഹനമാണെങ്കിൽ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖയോ കസ്റ്റംസ് രേഖ എന്നിവയാണ് അപേക്ഷയ്ക്ക് ആവശ്യമായ രേഖകൾ.

ദുബായ് പൊലീസ് ആപ്പ് അല്ലെങ്കിൽ ദുബായ് നൗ ആപ്പ് വഴി യുഎഇ പാസ് (UAE Pass) ഉപയോ​ഗിച്ച് ലോ​ഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കാം. ആപ്പിലെ 'Services' വിഭാഗത്തിലെ 'Traffic Services' തിരഞ്ഞെടുക്കുക. 'Change Vehicle Colour Permit' എന്ന സേവനം തിരഞ്ഞെടുക്കുക. വാഹനത്തിന്റെ നമ്പർ പ്ലേറ്റ്, വിഭാഗം, കാർ കോഡ് തുടങ്ങിയ വിവരങ്ങൾ നൽകുക. വാഹനത്തിന്റെ നിലവിലെ നിറവും മാറ്റാൻ ആഗ്രഹിക്കുന്ന നിറവും തിരഞ്ഞെടുക്കുക. വാഹനത്തിന്റെ നാല് വശങ്ങളിൽ നിന്നുള്ള വ്യക്തമായ ചിത്രങ്ങളും ആവശ്യമായ രേഖകളും അപ്‌ലോഡ് ചെയ്യുക. ശേഷം അപേക്ഷ സമർപ്പിച്ച് ഫീസ് അടയ്ക്കുക. അപേക്ഷയുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഒരു പ്രവൃത്തി ദിവസം വേണ്ടിവരും. അനുമതി ലഭിച്ചാൽ ഡിജിറ്റൽ പെർമിറ്റ് രജിസ്റ്റർ ചെയ്ത ഇമെയിൽ വിലാസത്തിലേക്ക് അയക്കാം.

Content Highlights: Dubai motorists can apply for a vehicle colour-change permit through the Dubai Police or DubaiNow app before repainting their cars.

dot image
To advertise here,contact us
dot image