നിതീഷ് കുമാറിനായി ഒമ്പത് പേരെ കൊലപ്പെടുത്തിയെന്ന് ജെഡിയു MLAയുടെ തുറന്നുപറച്ചില്‍; പിന്നാലെ യുടേണ്‍

അനന്ദ് സിങ്ങിന്റെ പരാമര്‍ശം പാര്‍ട്ടിയും തള്ളിക്കളഞ്ഞു

നിതീഷ് കുമാറിനായി ഒമ്പത് പേരെ കൊലപ്പെടുത്തിയെന്ന് ജെഡിയു MLAയുടെ തുറന്നുപറച്ചില്‍; പിന്നാലെ യുടേണ്‍
dot image

പാട്‌ന: ബിഹാര്‍ മുന്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നിലനില്‍പ്പിനായി ഒമ്പത് പേരെ കൊലപ്പെടുത്തിയെന്ന അവകാശവാദവുമായി ജെഡിയു എംഎല്‍എ. നിതീഷിന് വേണ്ടി ഒമ്പത് പേരെ കൊലപ്പെടുത്തിയതിന്റെ സൂത്രധാരന്‍ താനാണെന്നാണ് ജെഡിയു എംഎല്‍എ അനന്ദ് കുമാര്‍ സിംഗ് അവകാശപ്പെട്ടത്. എന്നാല്‍ പരാമര്‍ശം വിവാദമായതോടെ എംഎല്‍എ യൂടേണ്‍ അടിച്ചു. അനന്ദ് സിങ്ങിന്റെ പരാമര്‍ശം പാര്‍ട്ടിയും തള്ളിക്കളഞ്ഞു. വരുന്ന നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ തന്റെ രാഷ്ട്രീയ എതിരാളിയായ നീരജ് കുമാറനെ പാര്‍ട്ടി മത്സരിപ്പിക്കുന്നതില്‍ സിങ്ങിന് നീരസമുണ്ട്. എതിരാളിക്കെതിരെ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം നിതീഷ് കുമാറിന് വേണ്ടി ചെയ്തു നല്‍കിയ സഹായത്തെ കുറിച്ച് സംസാരിച്ചത്. വരുന്ന ഒക്ടോബര്‍ 23നാണ് ബിഹാര്‍ നിയമസഭാ കൗണ്‍സിലെ എട്ട് സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 27നാണ് വോട്ടെണ്ണല്‍.

'നിതീഷ് കുമാറും ഞാനും ദീര്‍ഘകാലമായി അറിയാവുന്നവരാണ്. അദ്ദേഹത്തിനെ സഹായിക്കാന്‍ ഒമ്പത് പേരെയാണ് ഞാന്‍ കൊലപ്പെടുത്തിയത്. അദ്ദേഹമൊന്ന് കാലുറപ്പിക്കാന്‍ കഷ്ടപ്പെടുന്ന സമയത്ത് കൂടെ നിന്നത് ഞാനാണ്.'- അനന്ദ് കുമാര്‍ സിങ് പറഞ്ഞു. താന്‍ ചെയ്തത് പോലെ ത്യാഗങ്ങള്‍ ആരും ചെയ്തിട്ടില്ലെന്നും നിതീഷ് കുമാര്‍ പണ്ട് ഒന്നുമല്ലായിരുന്നെന്നും അദ്ദേഹം അവിടെയും ഇവിടെയും കറങ്ങി നടക്കുന്ന സമയം ഒമ്പത് പേരെയാണ് താന്‍ കൊലപ്പെടുത്തിയതെന്നും അനന്ദ് പറഞ്ഞിരുന്നു.

അതേസമയം നാളിതുവരെ യാതൊരു വിവാദങ്ങളും സൃഷ്ടിക്കാത്ത, ക്രിമിനലുകളുമായി ഒരു ബന്ധവും സ്ഥാപിക്കാത്ത നേതാവാണ് നിതീഷ് കുമാറെന്നാണ് ജെഡിയു വക്താവ് രാജീവ് രഞ്ജന്‍ പ്രസാദ് പ്രതികരിച്ചത്. അതിനാല്‍ തന്നെ ഈ പ്രസ്താവനയെ ഗൗരവമായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ യാതൊരു അറിവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രസ്താവന വിവാദമായതോടെ എംഎല്‍എ പറഞ്ഞ കാര്യങ്ങള്‍ മാറ്റിപ്പറഞ്ഞു. നീരജ് കുമാറുമായി ബന്ധപ്പെട്ടാണ് താന്‍ പ്രതികരിച്ചത്. എന്നാല്‍ ലാലു പ്രസാദ് യാദവിന്റെ ഭരണകാലത്ത് തന്റെ അനുയായികളായ ഒമ്പത് പേര്‍ കൊല്ലപ്പെട്ടതെന്നാണ് സിങ് പ്രസ്താവന തിരുത്തിയത്. തനിക്ക് നേരെ അക്കാലത്ത് വധശ്രമം ഉണ്ടായിട്ടുണ്ടെന്നും സിങ് പറഞ്ഞു. അന്ന് ആക്രമിക്കപ്പെടാൻ കാരണം നിതീഷ് കുമാറിനെ പിന്തുണച്ചതാണെന്നും കൊലപാതകത്തിന് പിന്നില്‍ ലാലു പ്രസാദ് യാദവാണെന്നും സിങ്ങ് മാറ്റിപ്പറഞ്ഞു.

Content Highlights: A JD(U) MLA made a claim that nine people were eliminated for Nitish Kumar, triggering controversy. The MLA subsequently took a U turn and retracted the statement

dot image
To advertise here,contact us
dot image