

ഐപിഎല് 2027 സീസണിന് മുന്നോടിയായി മഹേള ജയവര്ധനെ മുംബൈ ഇന്ത്യന്സിന്റെ ഹെഡ് കോച്ച് സ്ഥാനത്തുനിന്ന് ഒഴിയാന് തീരുമാനിച്ചു. ഫ്രാഞ്ചൈസിയിലെ തന്റെ മുന്കാല ചുമതലകളിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ശ്രീലങ്കന് ക്രിക്കറ്റ് ഇതിഹാസമായ ജയവര്ധനെ, മുംബൈ ഇന്ത്യന്സിന്റെ ഗ്ലോബല് ഹെഡ് ഓഫ് പെര്ഫോമന്സ് പദവിയിലേക്ക് തിരിച്ചെത്തും. മുംബൈ ഇന്ത്യന്സ്, എംഐ കേപ് ടൗണ്, എംഐ ന്യൂയോര്ക്ക്, എംഐ എമിറേറ്റ്സ് തുടങ്ങിയ ഫ്രാഞ്ചൈസിയുടെ ആഗോള ക്രിക്കറ്റ് ടീമുകളുടെ ചുമതല അദ്ദേഹം വീണ്ടും വഹിക്കും.
2017 മുതല് 2022 വരെ മുംബൈ ഇന്ത്യന്സിന്റെ ഹെഡ് കോച്ചായിരുന്ന ജയവര്ധനെ, ആ കാലയളവില് ടീമിന് മൂന്ന് ഐപിഎല് കിരീടങ്ങള് (2017, 2019, 2020) നേടിക്കൊടുക്കുന്നതില് നിര്ണ്ണായക പങ്കുവഹിച്ചു.
തുടര്ന്ന് 2022-ല് ആഗോള ചുമതലകളിലേക്ക് മാറിയ അദ്ദേഹം, ഐപിഎല് 2025 സീസണിന് മുന്നോടിയായാണ് വീണ്ടും മുംബൈ ഇന്ത്യന്സിന്റെ ഹെഡ് കോച്ചായി ചുമതലയേറ്റത്. പുതിയ ഹെഡ് കോച്ചിനെക്കുറിച്ചുള്ള പ്രഖ്യാപനം മുംബൈ ഇന്ത്യന്സ് ഉടന് നടത്തുമെന്നാണ് പ്രതീക്ഷ.
content highlights: Mahela Jayawardene Steps Down as Mumbai Indians Head Coach After a Decade-Long Stint