നിർമ്മല സീതാരാമന്റെ വിമർശനം; ഇന്ത്യയുടെ വ്യാപാര ആശങ്കകൾ പരിഹരിക്കാൻ തയ്യാറെന്ന് ചൈന

കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കമ്മി 100 ബില്യൺ ഡോളർ കടന്ന സാഹചര്യത്തിലാണ് നിർമ്മല സീതാരാമൻ ചൈനയുടെ നിലപാടുകളെ രൂക്ഷമായി വിമർശിച്ചത്

നിർമ്മല സീതാരാമന്റെ വിമർശനം; ഇന്ത്യയുടെ വ്യാപാര ആശങ്കകൾ പരിഹരിക്കാൻ തയ്യാറെന്ന് ചൈന
dot image

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാര കമ്മി വർദ്ധിക്കുന്നതിൽ ധനമന്ത്രി നിർമ്മല സീതാരാമൻ ശക്തമായ ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെ, ഇരുരാജ്യങ്ങളുടെയും സാമ്പത്തിക-വ്യാപാര പ്രശ്നങ്ങൾ പരിഹരിക്കാൻ തയ്യാറാണെന്ന് ചൈന വ്യക്തമാക്കി. ചൈനീസ് ഉൽപ്പന്നങ്ങൾ ഇന്ത്യൻ വിപണിയിലേക്ക് തടസ്സമില്ലാതെ ഒഴുകുമ്പോൾ, ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ചൈന കടുത്ത വിപണി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുവെന്ന് ധനമന്ത്രി കുറ്റപ്പെടുത്തിയിരുന്നു. ഇരുരാജ്യങ്ങൾക്കും ഗുണകരമായ രീതിയിൽ ഈ പ്രശ്നങ്ങൾ പരിഹരിക്കാനും ഉഭയകക്ഷി ബന്ധം സുസ്ഥിരമായി മുന്നോട്ട് കൊണ്ടുപോകാനും തയ്യാറാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് ബെയ്ജിംഗിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Also Read:

കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കമ്മി 100 ബില്യൺ ഡോളർ കടന്ന സാഹചര്യത്തിലാണ് നിർമ്മല സീതാരാമൻ ചൈനയുടെ നിലപാടുകളെ രൂക്ഷമായി വിമർശിച്ചത്. ബാങ്കോക്കിൽ നടന്ന ഐ.എം.എഫ്-വേൾഡ് ബാങ്ക് വാർഷിക യോഗങ്ങളുടെ അനുബന്ധമായി സംസാരിക്കവെ, ചൈന ഏർപ്പെടുത്തുന്ന അനാവശ്യ നിയന്ത്രണങ്ങളാണ് ഉഭയകക്ഷി വ്യാപാരത്തിലെ ഏറ്റവും വലിയ തടസ്സമെന്ന് അവർ ചൂണ്ടിക്കാട്ടി. ജനറിക് മരുന്നുകൾ, മാംസം, പച്ചക്കറികൾ തുടങ്ങിയ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ചൈനയിൽ വിപണി ഉറപ്പാക്കാൻ വർഷങ്ങളായി ഇന്ത്യ ശ്രമിക്കുന്നുണ്ടെങ്കിലും ചൈനീസ് അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂലമായ നടപടികളുണ്ടാകുന്നില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.

ചൈനീസ് കസ്റ്റംസ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയും ചൈനയും തമ്മിലുള്ള മൊത്തം വ്യാപാരം 144.45 ബില്യൺ ഡോളറായി ഉയർന്നു. ഇതിൽ ചൈനയിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി 23.3 ശതമാനം വർദ്ധിച്ച് 125.19 ബില്യൺ ഡോളറിലെത്തി. എന്നാൽ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി കേവലം 19.26 ബില്യൺ ഡോളർ മാത്രമാണ്. ഇതോടെ ഇന്ത്യയുടെ വ്യാപാര കമ്മി മുൻവർഷത്തെ അപേക്ഷിച്ച് 20.7 ശതമാനം വർദ്ധിച്ച് 105.93 ബില്യൺ ഡോളറായി മാറിയത് ഇന്ത്യയെ വലിയ രീതിയിൽ പ്രതിരോധത്തിലാക്കുന്നുണ്ട്.

വ്യാപാര മേഖലയിലെ ഈ വലിയ അസന്തുലിതാവസ്ഥ പരിഹരിക്കാൻ മറ്റ് പല രാജ്യങ്ങളെയും പോലെ ചൈനീസ് ഉൽപ്പന്നങ്ങൾക്ക് മേൽ കടുത്ത നികുതികൾ ചുമത്താൻ ഇന്ത്യ ഇതുവരെ മുതിർന്നിട്ടില്ലെന്ന് നിർമ്മല സീതാരാമൻ ഓർമ്മിപ്പിച്ചു. ചർച്ചകളിലൂടെയും ചർച്ചാ നടപടികളിലൂടെയും പ്രശ്നം പരിഹരിക്കാനാണ് ഇന്ത്യ എപ്പോഴും മുൻഗണന നൽകുന്നത്. ഇന്ത്യയ്ക്ക് ശക്തമായ സ്വാധീനമുള്ള ഐ.ടി, ഫാർമ, കാർഷിക മേഖലകളിലെ ഉൽപ്പന്നങ്ങൾക്കായി ചൈന തങ്ങളുടെ വിപണി തുറന്നുനൽകണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് വരും ദിവസങ്ങളിൽ ചൈന എങ്ങനെ പ്രതികരിക്കുമെന്നാണ് സാമ്പത്തിക ലോകം ഉറ്റുനോക്കുന്നത്.

Content Highlights: China has reportedly expressed willingness to address trade and economic concerns with India. Finance Minister Nirmala Sitharaman raised concerns over growing trade imbalance and restrictions on Indian exports to China.

dot image
To advertise here,contact us
dot image