ഇന്ത്യൻ സ്കൂൾ ജീവനക്കാരുടെ അവധിക്കാല വേതനം ഉടൻ വിതരണം ചെയ്യണം; ആവശ്യവുമായി യുപിപി

ജീവനക്കാരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുന്ന ഈ നടപടി അവസാനിപ്പിച്ച്, കുടിശ്ശികയുള്ള വേതനം എത്രയും വേഗം കൊടുത്തു തീർക്കണമെന്ന് യുപിപി ആവശ്യപ്പെട്ടു.

ഇന്ത്യൻ സ്കൂൾ ജീവനക്കാരുടെ അവധിക്കാല വേതനം ഉടൻ വിതരണം ചെയ്യണം; ആവശ്യവുമായി യുപിപി
dot image

ഒഴിവ് കാലം തുടങ്ങി ഒരു മാസം കഴിഞ്ഞിട്ടും ബഹ്റൈൻ ഇന്ത്യൻ സ്കൂളിലെ ജീവനക്കാരുടെ അവധിക്കാല വേതനം (ലീവ് സാലറി) ഇതുവരെ വിതരണം ചെയ്തിട്ടില്ലാത്തതിൽ യുണൈറ്റഡ് പേരെന്റ്സ് പാനൽ (യുപിപി) ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ജീവനക്കാരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുന്ന ഈ നടപടി അവസാനിപ്പിച്ച്, കുടിശ്ശികയുള്ള വേതനം എത്രയും വേഗം കൊടുത്തു തീർക്കണമെന്ന് യുപിപി ആവശ്യപ്പെട്ടു.

ഫീസ് കുടിശ്ശികയും ജീവനക്കാരുടെ ശമ്പള വിതരണവും മാത്രം ചർച്ച ചെയ്യാനായി കഴിഞ്ഞ മാസം ചേർന്ന എക്സ്ട്രാ ജനറൽ ബോഡി യോഗത്തിൽ, ആവശ്യമെങ്കിൽ ഓവർഡ്രാഫ്റ്റ് സൗകര്യം ഉപയോഗിച്ചാണെങ്കിലും ശമ്പളവും ലീവ് സാലറിയും യഥാസമയം നൽകുമെന്ന് രക്ഷിതാക്കൾക്ക് ഭരണസമിതി ഉറപ്പ് നൽകിയിരുന്നതാണ്. യോഗത്തിന് തൊട്ടടുത്ത ദിവസം ജൂൺ മാസത്തെ ശമ്പളം വിതരണം ചെയ്തെങ്കിലും ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ലീവ് സാലറി ഇതുവരെ നൽകിയിട്ടില്ല. ലീവ് സാലറി കൃത്യമായി ലഭിക്കുമെന്ന പ്രതീക്ഷയിൽ നാട്ടിലേക്ക് പോകാൻ ടിക്കറ്റെടുത്ത പല അധ്യാപകർക്കും ജീവനക്കാർക്കും പണം കിട്ടാത്തതിനാൽ യാത്രകൾ മാറ്റിവയ്ക്കേണ്ടി വന്നതായും യുപിപി ചൂണ്ടിക്കാട്ടി.

മുൻകാലങ്ങളിൽ ജൂൺ മാസത്തെ ശമ്പളത്തോടൊപ്പം രണ്ട് മാസത്തെ ലീവ് സാലറിയും ഒരുമിച്ച് നൽകുന്നതായിരുന്നു സ്കൂളിലെ പതിവ്. എന്നാൽ ഈ ഭരണസമിതി അധികാരത്തിൽ വന്നതിനുശേഷം ജൂലൈയിലെ ലീവ് സാലറി അവധിക്കാലത്തും ആഗസ്റ്റിലേത് സ്കൂൾ തുറന്ന ശേഷവും നൽകുന്ന രീതിയിലേക്ക് മാറ്റി. ഈ വർഷം ആ ക്രമീകരണവും തെറ്റിച്ചതോടെ ജീവനക്കാർ കടുത്ത ആശങ്കയിലാണ്. ഫീസ് കുടിശ്ശിക മാത്രമാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് വിശ്വസിക്കാൻ കഴിയില്ലെന്നും സ്കൂളിന്റെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലെ പോരായ്മകളും കൃത്യമായ ആസൂത്രണമില്ലായ്മയുമാണ് ഇതിന് കാരണമെന്നും യുപിപി ആരോപിച്ചു.

അടുത്തിടെ പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, അക്കൗണ്ട്സ് മാനേജർ എന്നിവർ വിരമിച്ചപ്പോൾ അവർക്കുള്ള വലിയ തുകയുടെ സെറ്റിൽമെന്റ് കൃത്യമായി നൽകിയിരുന്നു. എന്നാൽ അതിന്റെ പേരിൽ കുറഞ്ഞ ശമ്പളം വാങ്ങുന്ന മറ്റ് ജീവനക്കാരുടെ ആനുകൂല്യങ്ങൾ വൈകിക്കുന്നത് ന്യായീകരിക്കാനാവില്ല. കഴിഞ്ഞ രണ്ട് വർഷമായി ഉയർന്ന ശമ്പളത്തിൽ രണ്ട് അക്കൗണ്ട്സ് മാനേജർമാർ ജോലി ചെയ്തിട്ടും സ്കൂളിലെ സാമ്പത്തിക സ്ഥിതി പഴയതിനേക്കാൾ പരിതാപകരമായി മാറിയത് ഗൗരവമായി പരിശോധിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

Content Highlights: The UPP has called for the immediate payment of pending vacation salaries to employees of Indian schools. The organisation urged the concerned authorities to resolve the issue at the earliest, highlighting the financial difficulties faced by staff due to the delay.

dot image
To advertise here,contact us
dot image