

ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ ഗുരുതരമായി ലംഘിച്ചതിനെ തുടർന്ന് തലസ്ഥാന ഗവർണറേറ്റിലെ ഒരു പ്രമുഖ വ്യാപാര സ്ഥാപനം അടച്ചുപൂട്ടാൻ ബഹ്റൈൻ വ്യവസായ-വാണിജ്യ മന്ത്രാലയം ഉത്തരവിട്ടു. മന്ത്രാലയത്തിന്റെ ഇൻസ്പെക്ഷൻ ഡയറക്ടറേറ്റ് രാജ്യവ്യാപകമായി നടത്തുന്ന പതിവ് പരിശോധനകളുടെ ഭാഗമായി തലസ്ഥാനത്ത് നടത്തിയ റെയ്ഡിലാണ് സ്ഥാപനത്തിന്റെ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയത്. പൊതുജനങ്ങളെ ചൂഷണം ചെയ്യുന്ന രീതിയിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
അവശ്യ ഭക്ഷ്യവസ്തുക്കൾക്ക് യാതൊരുവിധ ന്യായീകരണവുമില്ലാതെ അമിതവില ഈടാക്കിയതാണ് സ്ഥാപനത്തിനെതിരെയുള്ള പ്രധാന കുറ്റം. കൂടാതെ ഉത്പ്പന്നങ്ങളുടെ വില കൃത്യമായി പ്രദർശിപ്പിക്കാതിരിക്കുക, ഷെൽഫിൽ രേഖപ്പെടുത്തിയ വിലയേക്കാൾ കൂടുതൽ തുക ഉപഭോക്താക്കളിൽ നിന്ന് ബില്ലിംഗ് കൗണ്ടറിൽ ഈടാക്കുക തുടങ്ങിയ തട്ടിപ്പുകളും പരിശോധനയിൽ കണ്ടെത്തി.
ഇതിനെല്ലാം പുറമേ, പൊതുജനങ്ങളുടെ ആരോഗ്യത്തിന് വലിയ ഭീഷണിയുയർത്തുന്ന രീതിയിൽ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ ഷെൽഫുകളിൽ പ്രദർശിപ്പിക്കുകയും ഉപഭോക്താക്കൾക്ക് വിൽക്കുകയും ചെയ്തതായി ഇൻസ്പെക്ടർമാർ സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിലാണ് ഉപഭോക്താക്കളുടെ താൽപ്പര്യവും ആരോഗ്യവും സംരക്ഷിക്കുന്നതിനായി സ്ഥാപനം ഭരണപരമായി ഉടൻ തന്നെ അടച്ചുപൂട്ടാൻ മന്ത്രാലയം കർശന ഉത്തരവ് നൽകിയത്. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്നും നിയമലംഘകർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Content Highlights: Bahrain authorities have closed a commercial establishment after discovering overpricing and the sale of expired products during inspections. The action is part of ongoing efforts to protect consumers and enforce market regulations.