

ഹോര്‍മൂസ് കടലിടുക്കില സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട ബഹ്‌റൈന്റെ നീക്കത്തിന് അന്താരാഷ്ട്ര തലത്തില്‍ പിന്തുണയേറുന്നു. അമേരിക്കയുമായി ചേര്‍ന്ന് ഐക്യരാഷ്ട്ര സഭയില്‍ അവതരിപ്പിച്ച കരട് പ്രമേയത്തെ 138 രാജ്യങ്ങളാണ് പിന്തുണച്ചത്. ഹോര്‍മൂസ് കടലിടുക്കിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കടുത്ത മുന്നറിയിപ്പും സംയുക്ത പ്രമേയം മുന്നോട്ട് വെക്കുന്നു.
ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ബഹ്‌റൈനും അമേരിക്കയും യുഎന്നില്‍ സംയുക്ത പ്രമേയം അവതരിപ്പിച്ചത്. ലോക രാഷ്ട്രങ്ങളുടെ വലിയ പിന്തുണയാണ് പ്രമേയത്തിന് ലഭിച്ചത്. ഇതുവരെ 138 യുഎന്‍ അംഗരാജ്യങ്ങള്‍ പ്രമേയത്തെ പിന്തുണച്ച് രംഗത്ത് എത്തി. ഐക്യരാഷ്ട്രസഭയുടെ ചരിത്രത്തില്‍ ഒരു കരട് പ്രമേയത്തിന് ലഭിക്കുന്ന ഏറ്റവും വലിയ പിന്തുണയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
വരും ദിവസങ്ങളില്‍ കൂടുതല്‍ രാജ്യങ്ങള്‍ പിന്തുണ അറിയിക്കുമെന്ന പ്രതീക്ഷയും ബഹ്‌റൈനും അമേരിക്കയും പങ്കുവെച്ചു. ഈ വര്‍ഷം മാര്‍ച്ച് 11ന് സുരക്ഷാ കൗണ്‍സില്‍ പ്രമേയത്തിന് ലഭിച്ച 136 അംഗരാജ്യങ്ങളുടെ പിന്തുണയായിരുന്നു ഇതുവരെയുളള റെക്കോര്‍ഡ്. സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിനും മേഖലയെ അസ്ഥിരപ്പെടുത്താനുമുളള നീക്കങ്ങള്‍ തടയുന്നതിനുമായി ബഹ്‌റൈന്‍ സ്വീകരിക്കുന്ന ശക്തമായ നിലപാടിനുളള അംഗീകാരമാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി.
സുരക്ഷാ കൗണ്‍സിലിന്റെ മുന്‍ പ്രമേയയത്തെ അടിസ്ഥാനമാക്കിയാണ് പുതിയ കരട് പ്രമേയം തയ്യാറാക്കിയതെന്ന് ഐക്യരാഷ്ട്രസഭയിലെ ബഹ്‌റൈന്റെ സ്ഥിരം പ്രതിനിധി ജമാല്‍ ഫാരീസ് അല്‍ റോവയെ പറഞ്ഞു. ഹോര്‍മുസ് കടലിടുക്കില്‍ നാവിക മൈനുകള്‍ സ്ഥാപിക്കുന്നതും നിയമവിരുദ്ധമായി ട്രാന്‍സിറ്റ് ഫീസ് ഈടാക്കുന്നതിനുമെതിരെ ശക്തമായ നിലപാടാണ് പ്രമേയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അന്താരാഷ്ട്ര സമുദ്ര നിയമങ്ങള്‍ അനുസരിച്ചുള്ള നാവിഗേഷന്‍ സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും ഇത്തരം പ്രവണതകള്‍ തുടരാന്‍ അനുവദിക്കാനാകില്ലെന്നും ജമാല്‍ ഫാരീസ് അല്‍ റോവയെ കൂട്ടിച്ചേര്‍ത്തു.
Content Highlights: Bahrain has intensified efforts to ensure security in the Strait of Hormuz, a strategically crucial global shipping route. The move has gained increasing international backing as nations focus on regional stability and maritime security in the Gulf.