

കൊൽക്കത്ത: സംസ്ഥാനത്തുടനീളം ചോറും മീൻ കറിയും അഞ്ച് രൂപയ്ക്ക് നൽകാൻ ബംഗാളിലെ ബിജെപി സർക്കാർ. സർക്കാർ കാന്റീനുകളിലാകും ഇവ ലഭ്യമാകുകയെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി പ്രഖ്യാപിച്ചു. ഇതിനായി 400 കാന്റീനുകൾ സംസ്ഥാന വ്യാപകമായി ആരംഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കല്യാണിയിൽ നടന്ന ഔദ്യോഗിക യോഗത്തിന് ശേഷമായിരുന്നു പുതിയ പ്രഖ്യാപനം. സബ്‌സിഡിയിൽ ലഭ്യമാക്കുന്ന ഭക്ഷണത്തിന്റെ പ്രഖ്യാപനം തൃണമൂൽ കോൺഗ്രസിന്റെ മത്സ്യ - മാംസ നിരോധന ആരോപണം ശക്തമാകുന്നതിനിടയിലാണ് സർക്കാർ നടത്തിയിരിക്കുന്നത്.
ഇക്കഴിഞ്ഞ ഏപ്രിൽ നടന്ന പൊതുയോഗത്തിൽ മുൻ മുഖ്യമന്ത്രി മമത ബാനർജി ബിജെപിക്കെതിരെ ഉയർത്തിയ ശക്തമായ ആരോപണവും ബംഗാളിന്റെ തനതു വിഭവങ്ങൾ നിരോധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു. ബംഗാൾ ജീവിക്കുന്നത് തന്നെ മത്സ്യത്തിലും ചോറിലുമാണ്. നിങ്ങൾ പറയുന്നത് ബംഗാളിലെ ജനങ്ങൾ മീൻ, മാംസം, മുട്ട എന്നിവ കഴിക്കരുതെന്നാണ്. പിന്നെ അവർ എന്ത് കഴിക്കും എന്നും മമത ചോദിച്ചിരുന്നു.
അതേസമയം പാർട്ടി അധികാരത്തിൽ എത്തിയാൽ ഇത്തരം തീരുമാനങ്ങൾ ഒന്നും ഉണ്ടാകില്ലെന്നായിരുന്നു ബിജെപിയുടെ മറുവാദം. മാത്രമല്ല അനുരാഗ് കശ്യപിനെ പോലുള്ള നിരവധി ബിജെപി നേതാക്കൾ ചോറും മീൻകറിയും അടങ്ങിയ ഭക്ഷണവിരുന്നുകളിൽ പങ്കെടുക്കുകയും ബംഗാളിന്റെ സംസ്‌കാരത്തെ ഉയർത്തിക്കാട്ടാൻ നാമനിർദേശ പത്രിക നൽകാനുള്ള യാത്രകളിൽ മീൻ കൈയിൽ കരുതുകയും ചെയ്തതെല്ലാം വാർത്തയായിരുന്നു.
സബ്‌സിഡിയിൽ അഞ്ച് രൂപയ്ക്ക് ഭക്ഷണം നൽകുന്ന കാന്റീനുകൾ പശ്ചിമബംഗാളിൽ വളരെ ജനപ്രീതി നേടിയ തീരുമാനമാണ്. 2021 ഫെബ്രുവരിയിൽ മുൻ മുഖ്യമന്ത്രി മമത ബാനർജിയാണ് ഇതിന് തുടക്കം കുറിച്ചത്. ഉച്ചയ്ക്ക് 12.30 മുതൽ മൂന്നു മണിവരെ പ്രവർത്തിക്കുന്ന മാ കാന്റീനിൽ ചോറും ദാൽ, മുട്ട കറികളുമാണ് വിതരണം ചെയ്തിരുന്നത്. 2021ലെ സംസ്ഥാന ബജറ്റിൽ ഈ സ്‌കീമിനായി നൂറുകോടിയാണ് മാറ്റിവച്ചത്.
Content Highlights: The West Bengal government has introduced an affordable food scheme through 400 canteens across the state. Under the initiative, rice and fish curry meals will be provided for ₹5 to support low income residents and improve food accessibility.