

ബഹ്‌റൈനില്‍ വിവിധ ഭാഗങ്ങളില്‍ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ശക്തമായ കാറ്റിനും സാധ്യത ജനങ്ങള്‍ക്ക് ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബഹ്റൈനിൽ ഇന്ന് പുലർച്ചെയോടെ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയും കാറ്റും അനുഭവപ്പെട്ടു. പുലർച്ചെ രണ്ട് മണിയോടെ ആരംഭിച്ച ശക്തമായ കാറ്റും മഴയും രാജ്യത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളെയും ബാധിച്ചു.
ഗതാഗത-വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടുകൾ പ്രകാരം രാജ്യം ഇപ്പോൾ കാലാവസ്ഥ അസ്ഥിരമാണെന്നും ഇടവിട്ടുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നും വ്യക്തമാക്കി. എന്നാൽ ഈ സാഹചര്യം വരും ദിവസങ്ങളിലും തുടർന്ന് വെള്ളിയാഴ്ച വരെ നീണ്ടുനിൽക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. അസ്ഥിര കാലാവസ്ഥയെത്തുടർന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കും സിവിൽ ഡിഫൻസും പൊതുജനങ്ങൾക്ക് കർശന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. വാഹനം ഓടിക്കുന്നവർ മഴയുള്ളപ്പോൾ വേഗത കുറയ്ക്കണമെന്നും മുൻപിലുള്ള വാഹനവുമായി കൃത്യമായ അകലം പാലിക്കണമെന്നും ട്രാഫിക് വിഭാഗം നിർദ്ദേശിച്ചു.
അശ്രദ്ധമായി വാഹനമോടിക്കുന്നത് ഒഴിവാക്കി സുരക്ഷിത പാതകൾ തിരഞ്ഞെടുക്കണമെന്നും അധികൃതർ അറിയിച്ചു. ശക്തമായ കാറ്റ് വീശാൻ സാധ്യത ഉള്ളതിനാൽ സുരക്ഷ മുൻ നിർത്തി കെട്ടിടങ്ങൾക്ക് മുകളിൽ സ്ഥാപിച്ച വീഴാൻ സാധ്യതയുള്ള വസ്തുക്കൾ സുരക്ഷിതമായി ഉറപ്പിക്കണമെന്നും വലിയ മരങ്ങൾക്കും പരസ്യ ബോർഡുകൾക്കും താഴെ നിൽക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. റോഡുകളിലെ വെള്ളക്കെട്ടുകളിലൂടെ വാഹനങ്ങൾ ഓടിക്കരുതെന്നും പകരം മറ്റ് വഴികൾ ഉപയോഗിക്കണമെന്നും സിവിൽ ഡിഫൻസും അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി 999 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
മഴയെത്തുടർന്ന് രാജ്യത്തെ പ്രധാന റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട് . ബഹ്റൈനിൽ ഇന്ന് പുലർച്ചെയുണ്ടായ കനത്ത ഇടിമിന്നലോടു കൂടിയ മഴയ്ക്കൊപ്പം ആകാശത്ത് അപൂർവമായ 'ഷെൽഫ് ക്ലൗഡ് ദൃശ്യമായതായി പ്രമുഖ ഭൗതികശാസ്ത്രജ്ഞൻ കൊടുങ്കാറ്റിന്റെ മുന്നോടിയായി കാണപ്പെടുന്ന സവിശേഷമായ ഈ മേഘരൂപം പ്രകൃതിയിലെ അതിശക്തമായ കാലാവസ്ഥാ വ്യതിയാനത്തിന്റെ ലക്ഷണമാണെന്നും പ്രൊഫ. ഡോ. വഹീബ് ഈസ അൽ നാസർ വ്യക്തമാക്കി.
Content Highlights: Authorities in Bahrain issue warnings as heavy rain is expected, urging residents to remain cautious and follow safety guidelines.