

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിലെ 11 സീറ്റുകൾ ഇനി മുതൽ എപ്പോഴും ഒഴിഞ്ഞുകിടക്കും. കഴിഞ്ഞ സീസണിലെ കിരീട വിജയത്തിന് പിന്നാലെയുണ്ടായ ആൾക്കൂട്ട ദുരന്തത്തിൽ ജീവൻ നഷ്ടമായ 11 ആരാധകർക്ക് ആദരമർപ്പിച്ചാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരവും കർണാടക ക്രിക്കറ്റ് അസോസിയേഷനും പ്രത്യേക നടപടികൾ സ്വീകരിക്കുന്നത്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന എല്ലാ ആഭ്യന്തര, അന്താരാഷ്ട്ര മത്സരങ്ങളിലും ഈ 11 സീറ്റുകൾ ആർക്കും വിട്ടുനൽകില്ലെന്ന് ആർസിബി സിഇഒ രാജേഷ് മേനോൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞ വർഷം ഐപിഎൽ വിജയാഘോഷത്തിനിടെ ഉണ്ടായ അപ്രതീക്ഷിത ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട ആരാധകർക്ക് ആദരമർപ്പിക്കുന്നതിന് വേണ്ടി ഈ സീസണിലുടനീളം വിപുലമായ പദ്ധതികളാണ് ഫ്രാഞ്ചൈസി ആസൂത്രണം ചെയ്തിരിക്കുന്നത്. 'ജൂൺ 4-ന് നമുക്ക് നഷ്ടമായ ആ 11 ആരാധകരുടെ ഓർമ്മയ്ക്കായി, താരങ്ങൾ പരിശീലന വേളയിൽ 11-ാം നമ്പർ ജേഴ്സി അണിയും. മത്സരദിവസത്തെ വാം-അപ്പ് സമയത്തും അവർ ഈ ജേഴ്സിയിലായിരിക്കും ഉണ്ടാവുക. ഇതിനുപുറമെ, ചിന്നസ്വാമി സ്റ്റേഡിയത്തിലെ 11 സീറ്റുകൾ ആ ആരാധകർക്കായി ഞങ്ങൾ നീക്കിവെക്കുന്നു. അവർ എന്നും നമ്മുടെ കൂടെയുണ്ടാകും," ചൊവ്വാഴ്ച നടന്ന വാർത്താ സമ്മേളനത്തിൽ സിഇഒ രാജേഷ് മേനോൻ വ്യക്തമാക്കി.
കഴിഞ്ഞ സീസണിലുണ്ടായ ആള്‍ക്കൂട്ട ദുരന്തത്തിന് പിന്നാലെ നേരിടേണ്ടി വന്ന വിലക്ക് മാറി ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം വീണ്ടും ഐപിഎല്‍ പോരാട്ടങ്ങള്‍ക്ക് വേദിയാകാന്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ടീമിന്റെ കന്നി ഐപിഎല്‍ കിരീട നേട്ടത്തിനു പിന്നാലെ നടന്ന വിക്ടറി പരേഡിനിടെ തിക്കിലും തിരക്കിലും പെട്ടാണ് 11 ആരാധകര്‍ക്ക് ജീവന് നഷ്ടമായത്. പിന്നാലെ സ്റ്റേഡിയത്തിനു വിലക്കും വന്നു. അതിനു ശേഷം ഇടവേളകള്‍ക്കു ശേഷമാണ് ചിന്നസ്വാമിയില്‍ വീണ്ടും പോരാട്ടം ആരംഭിക്കുന്നത്.
Content Highlights: IPL 2026: RCB honours stampede victims, 11 Seats At Chinnaswamy Stadium To Remain Empty Forever