

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം സംബന്ധിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി സംസാരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളും അന്താരാഷ്ട്ര വ്യാപാരത്തിന് നിർണായകമായ ഹോർമുസ് കടലിടുക്ക് തുറന്നുകിടക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും ചർച്ച ചെയ്തതായി മോദി എക്‌സിൽ കുറിച്ചു.
അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ കോൾ ലഭിച്ചിരുന്നു. പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട് ഉപകാരപ്രദമായ വീക്ഷണങ്ങൾ പങ്കുവെച്ചു. സമാധാനം പുനഃസ്ഥാപിക്കാനും സംഘർഷ സാഹചര്യം ലഘൂകരിക്കുന്നതിനെയും ഇന്ത്യ പിന്തുണക്കും. ഹോർമുസ് കടലിടുക്ക് തുറന്നു കിടക്കേണ്ടതും സുരക്ഷിതമായി ഏവർക്കും പ്രാപ്യമാണെന്ന് ഉറപ്പുവരുത്തേണ്ടതും ലോകത്തിന് അത്യന്താപേക്ഷിതമാണ്. സമാധാനവും സ്ഥിരതയും ഉറപ്പാക്കാനുള്ള ശ്രമങ്ങളിൽ നിരന്തരം ഇടപെടുമെന്നും മോദി എക്‌സിൽ കുറിച്ചു.
പശ്ചിമേഷ്യൻ സംഘർഷം പൂർണ്ണമായും അവസാനിപ്പിക്കുന്നതിനായി സുപ്രധാന ചർച്ചകൾ നടക്കുന്നുവെന്ന ട്രംപിന്റെ അവകാശവാദത്തിന് പിന്നാലെയാണ് മോദിയുമായി സംസാരിച്ചുവെന്ന വിവരം പുറത്തുവരുന്നത്. ഹോർമുസ് കടലിടുക്ക് തുറക്കേണ്ടതിന്റെ പ്രാധാന്യം സംബന്ധിച്ച് ട്രംപും മോദിയും ഫോൺ മുഖാന്തരം സംസാരിച്ചുവെന്ന് ഇന്ത്യയിലെ യുഎസ് പ്രതിനിധി സെർജിയോ ഗോർ അറിയിച്ചിരുന്നു. എക്‌സിലായിരുന്നു ഗോറിന്റെ പ്രതികരണം. ഇതിന് തൊട്ടുപിന്നാലെയാണ് ട്രംപുമായി സംസാരിച്ചെന്ന് മോദി സ്ഥിരീകരിക്കുന്നത്.
Content Highlights: Prime Minister Narendra Modi spoke with US President Donald Trump over the phone to discuss the ongoing crisis in Middle east