ഓൺലൈൻ ബാങ്ക് ഇടപാടിലെ ഒടിപി സംവിധാനം അവസാനിക്കുന്നു; ഉപഭോക്താക്കൾ ആപ്പുകളിലേക്ക് മാറിയതായി യുഎഇ

ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ ഒടിപിക്ക് പകരമായി ബാങ്കുകളുടെ സുരക്ഷിതമായ സ്മാര്‍ട്ട് ആപ്പുകള്‍ ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം.

ഓൺലൈൻ ബാങ്ക് ഇടപാടിലെ ഒടിപി സംവിധാനം അവസാനിക്കുന്നു; ഉപഭോക്താക്കൾ ആപ്പുകളിലേക്ക് മാറിയതായി യുഎഇ
dot image

യുഎഇയിലെ ഓണ്‍ലൈന്‍ ബാങ്ക് ഇടപാടുകള്‍ക്കുള്ള ഒടിപി വേരിഫിക്കേഷന്‍ ഈ മാസം 31ഓടെ പൂര്‍ണമായും നിര്‍ത്തലാക്കുന്നു. ബാങ്കുകളുടെ സ്മാര്‍ട്ട് ആപ്ലിക്കേഷനുകള്‍ വഴി ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തണമെന്നാണ് നിര്‍ദ്ദേശം. ഓണ്‍ലൈന്‍ തട്ടിപ്പ് തടയുന്നതിന്റെ ഭാഗമായാണ് ഒടിപി വെരിഫിക്കേഷന്‍ സംവിധാനം ബാങ്കുകള്‍ പൂര്‍ണമായും നിര്‍ത്തലാക്കുന്നത്. ഭൂരിഭാഗം ഉപഭോക്താക്കളും ഒറ്റത്തവണ പാസ്‌വേഡ് സംവിധാനത്തില്‍ നിന്നും സുരക്ഷിതമായ ആപ്ലിക്കേഷനിനേക്ക് മാറിയതായി ബാങ്കുകള്‍ വ്യക്തമാക്കി.

ഒടിപി, ഇ-മെയില്‍ എന്നിവയുമായി ബന്ധപ്പെട്ട് തട്ടിപ്പുകള്‍ വര്‍ദ്ധിച്ച പശ്ചാത്തലത്തിലാണ് ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കുള്ള ഒറ്റത്തവണ ഒടിപി സംവിധാനം നിര്‍ത്തലാക്കാന്‍ കഴിഞ്ഞ മാസം യുഎഇയിലെ ബാങ്കുകള്‍ തീരുമാനിച്ചത്. ഇത് സംബന്ധിച്ച് അറിയിപ്പ് ഉപഭോക്താക്കള്‍ക്ക് നേരത്തെ തന്നെ നല്‍കുകയും ചെയ്തിരുന്നു. ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ ഒടിപിക്ക് പകരമായി ബാങ്കുകളുടെ സുരക്ഷിതമായ സ്മാര്‍ട്ട് ആപ്പുകള്‍ ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം.

ഭൂരിഭാഗം ഉപഭോക്താക്കളും ആപ്പ് അധിഷ്ഠിത സംവിധാനത്തിലേക്ക് മാറിയതിന് പിന്നാലെയാണ് ഈ മാസം 31 ഓടെ ഒടിപി സംവിധാനം ബാങ്കുകള്‍ നിര്‍ത്തലാക്കുന്നത്. ഒറ്റത്തവണത്തേയ്ക്കുള്ള സെക്യൂരിറ്റി കോഡാണ് ആപ്പിന് വേണ്ടത്. 80 ശതമാനത്തോളം ഉപഭോക്താക്കള്‍ പുതിയ സ്മാര്‍ട്ട് സംവിധാനത്തിലേയ്ക്ക് മാറിയതായി സാമ്പത്തിക സ്ഥാപനങ്ങളും വ്യക്തമാക്കി. 25 ലക്ഷത്തോളം ഉപഭോക്താക്കള്‍ മൊബൈല്‍ ആപ്പിലെ ത്രിഡി സെക്യൂര്‍ കാര്‍ഡ് ഇടപാടിലേയ്ക്ക് മാറിയതായി എമിറേറ്റ്സ് എന്‍ബിഡി ബാങ്കും വ്യക്തമാക്കി.

പൂര്‍ണമായും സ്മാര്‍ട്ട് ആപ്പ് സംവിധാനത്തിലേക്ക് മാറുന്നതോടെ ഓണ്‍ലൈന്‍ വഴിയുള്ള സാമ്പത്തിക തട്ടിപ്പിന് തടയിടാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. യുഎഇയിലെ ഡിജിറ്റല്‍ ഇടപാടുകളില്‍ വലിയ വളര്‍ച്ചയാണ് സമീപ കാലങ്ങളില്‍ രേഖപ്പെടുത്തിയത്. 2028 ഓടെ ഡിജിറ്റല്‍ ഇടപാടുകള്‍ 132 ബില്യണ്‍ ദിര്‍ഹമായി ഉയര്‍ത്തുകയാണ് ലക്ഷ്യം.

Content Highlights: The United Arab Emirates plans to phase out OTP-based verification in online banking as customers increasingly adopt secure app-based authentication methods.

dot image
To advertise here,contact us
dot image