മെട്രോ യാത്ര സു​ഗമമാക്കണം; യാത്രക്കാർക്കായി പുതിയ നിർദ്ദേശങ്ങളുമായി ആർടിഎ

മെട്രോയില്‍ നിരോധിക്കപ്പെട്ട സ്ഥലങ്ങളില്‍ ഇരുന്ന് ഉറങ്ങിയാല്‍ 300 ദിര്‍ഹം പിഴ അടക്കേണ്ടിവരും

മെട്രോ യാത്ര സു​ഗമമാക്കണം; യാത്രക്കാർക്കായി പുതിയ നിർദ്ദേശങ്ങളുമായി ആർടിഎ
dot image

ദുബായ് മെട്രോയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങളുമായി റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. ട്രെയനിനുള്ളില്‍ അനുവദനീയമല്ലാത്ത സ്ഥലങ്ങളില്‍ ഇരുന്ന് ഉറങ്ങിയാല്‍ കനത്ത പിഴ ചുമത്തും. മറ്റുള്ളവരെ ഇറങ്ങാന്‍ അനുവദിക്കാതെ ട്രെയിനിനുള്ളിലേക്ക് തള്ളിക്കയറുന്നവരും പിഴ അടക്കേണ്ടി വരുമെന്ന് പുതിയ നിര്‍ദേശത്തില്‍ പറയുന്നു.

മെട്രോയാത്ര കൂടുതല്‍ സുഗമവും പരാതി രഹിതവുമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിര്‍ദേശങ്ങള്‍ ദുബായ് ആര്‍ടിഎ പുറപ്പെടുവിച്ചിരിക്കുന്നത്. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതോ, യാത്രക്കാര്‍ക്കായി മാറ്റിവച്ചിട്ടില്ലാത്ത സ്ഥലങ്ങളില്‍ ഇരിക്കുന്നതോ സഞ്ചാരം തടസപ്പെടുത്തുന്നതോ ആയ പ്രവൃത്തികള്‍ കര്‍ശനമായി നിരോധിച്ചിരിക്കുന്നുവെന്ന് പുതിയ സര്‍ക്കുലറില്‍ പറയുന്നു. നിയമ ലംഘകര്‍ക്ക് നൂറ് ദിര്‍ഹം മുതലാണ് പിഴ.

മെട്രോയില്‍ നിരോധിക്കപ്പെട്ട സ്ഥലങ്ങളില്‍ ഇരുന്ന് ഉറങ്ങിയാല്‍ 300 ദിര്‍ഹം പിഴ അടക്കേണ്ടിവരും. മെട്രോ കോച്ചുകളുടെ ഇന്റര്‍സെക്ഷന്‍ ഭാഗങ്ങളില്‍ ആളുകള്‍ ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് നടപടി. മറ്റുള്ള യാത്രാക്കാര്‍ക്ക് ബുദ്ധമുട്ട് സൃഷ്ടിക്കുന്ന തരത്തിലുളള പെരുമാറ്റം, തിരക്കുള്ള സമയങ്ങളില്‍ കാബിനുകള്‍ക്കുള്ളില്‍ മുന്നോട്ട് നീങ്ങി നില്‍ക്കാന്‍ തയ്യാറാകാതിരിക്കല്‍, പുറത്തിറങ്ങുന്നവര്‍ക്ക് വഴി നല്‍കാതെ ട്രെയനിനുള്ളിലേക്ക് തള്ളിക്കയറല്‍ തുടങ്ങിയ പ്രവര്‍ത്തികള്‍ക്കും പിഴ നല്‍കേണ്ടി വരും. സീറ്റുകളില്‍ കാല്‍വെച്ചിരിക്കുന്നതും നിരോധിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും സൗകര്യപ്രദമായി യാത്ര ചെയ്യാന്‍ മാന്യമായ പെരുമാറ്റം പാലിക്കാന്‍ ഓരോ യാത്രക്കാരനും ശ്രദ്ധിക്കണമെന്ന് ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

Content Highlights: Roads and Transport Authority issues new guidelines for Dubai Metro passengers

dot image
To advertise here,contact us
dot image