
ബഹ്റൈനിൽ പൊതുസമൂഹത്തിന്റെ ധാർമിക മൂല്യങ്ങളെയും സാമൂഹിക തത്വങ്ങളെയും അവഹേളിക്കുന്ന ഉള്ളടക്കം സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പോസ്റ്റ് ചെയ്തതിന് രണ്ട് വ്യക്തികൾക്ക് ആറ് മാസം തടവും 200 ബഹ്‌റൈൻ ദിനാർ പിഴയും വിധിച്ചു. ബഹ്‌റൈനിലെ മൂന്നാം മൈനർ ക്രിമിനൽ കോടതിയുടേതാണ് ഉത്തരവ്. കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ച മൊബൈൽ ഫോണുകൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
ബഹ്റൈനിലെ ധാർമികവും നിയമപരവുമായ നിലവാരങ്ങൾക്ക് വിരുദ്ധമെന്ന് കരുതുന്ന കാര്യങ്ങൾ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന അക്കൗണ്ടുകൾ സൈബർക്രൈം വിഭാഗം നിരീക്ഷിച്ച് വരികയായിരുന്നു. അന്വേഷണങ്ങൾക്ക് ശേഷം, സംശയമുള്ളവരെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു. തുടർന്ന് അവരെ കസ്റ്റഡിയിലെടുക്കുകയും കോടതിയിൽ ഹാജരാക്കുകയും അവിടെ വെച്ച് വിധി പ്രഖ്യാപിക്കുകയും ചെയ്തു.
ഇത്തരം വിധികൾ, കുറ്റകൃത്യം ചെയ്തവർക്ക് മാത്രമല്ല, പൊതു പ്ലാറ്റ്‌ഫോമുകൾ ദുരുപയോഗം ചെയ്ത് അനുചിതമായ ഉള്ളടക്കം പങ്കിടാൻ സാധ്യതയുള്ള മറ്റുള്ളവർക്കും ഒരു മുന്നറിയിപ്പാകുമെന്ന് സൈബർക്രൈം പ്രോസിക്യൂഷൻ മേധാവി പറഞ്ഞു. സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ നിയമപരവും ധാർമ്മികവുമായ ഉത്തരവാദിത്തങ്ങൾ ഉണ്ടെന്നും ഓരോ വ്യക്തിയും നിയമങ്ങൾ പാലിക്കുകയും ബഹ്‌റൈൻ സമൂഹത്തിന്റെ മൂല്യങ്ങളെ മാനിക്കുകയും ചെയ്യണമെന്ന് സൈബർക്രൈം പ്രോസിക്യൂഷൻ മേധാവി ഓർമ്മിപ്പിച്ചു.
Content Highlights: Two Social Media Users Jailed for Violating Public Decency Laws in Bahrain