സ്വയം പരിഹാസ്യരായി മനുഷ്യര്‍ക്കിടയില്‍ വെറുപ്പ് പടര്‍ത്താന്‍ ഇറങ്ങുന്ന മൂന്നുകൂട്ടര്‍; സി.ഷുക്കൂര്‍ എഴുതുന്നു

പക മനസ്സിൽ കൊണ്ടു നടക്കുന്ന മനോരോഗികളാണ് സകലയിടത്തും കമൻ്റുകളായി സോഷ്യൽ മീഡിയ നിറയ്ക്കുന്നത്

സി ഷുക്കൂര്‍
3 min read|23 Jul 2025, 01:05 pm
dot image

102 വർഷം ഈ മണ്ണിൽ ജീവിച്ച ഇതിഹാസമാണ് വിടവാങ്ങിയത്. എല്ലാ വിഭാഗം മനുഷ്യരുടെ വേദനകളെ തൻ്റെ വേദനയായി കണ്ട് അതിനു പരിഹാരം തേടിയ നേതാവ്. മണ്ണിനും മനുഷ്യനും സംരക്ഷണമൊരുക്കുവാൻ സമരം ചെയ്ത സഖാവ്. വി എസ്സിൻ്റെ വിയോഗത്തിൽ മൂന്നു കൂട്ടരാണ് സ്വയം പരിഹാസ്യരായി മനുഷ്യർക്കിടയിൽ വെറുപ്പ് ഉണ്ടാക്കുവാൻ സോഷ്യൽ മീഡിയകളിൽ നിരങ്ങുന്നത്.

1 )തീവ്ര ഇസ്ലാമിസ്റ്റു രാഷ്ട്രീയം പുലർത്തുന്നവർ.

സയ്യിദ് ഖുത്തുബിൽ നിന്നും ഹസനുൽ ബന്നയിൽ നിന്നും മൗദൂദിയിൽ നിന്നും ആശയം സ്വീകരിച്ചു ഒരു ഇസ്ലാമിക മത രാഷ്ട്രം സ്വപ്നം കാണുന്നവർ. മനുഷ്യരുടെ എല്ലാ സന്തോഷങ്ങൾക്കും മുകളിൽ മതത്തെ പ്രതിഷ്ഠിച്ചു ഭൂമിയിൽ നരകം പണിയുന്ന അക്കൂട്ടർക്ക് വി എസ് ശത്രു തന്നെയാണ്. അവരുടെ മത രാഷ്ട്ര അപകടം ജോസഫ് മാഷുടെ കൈ വെട്ട് കേസ് പശ്ചാത്തലത്തിൽ കൃത്യമായ മുന്നറിയിപ്പോടെ വി എസ് ചൂണ്ടികാണിച്ചതാണ് അദ്ദേഹത്തെ അവർക്ക് ശത്രുവാക്കിയത്. ലീഗ് മൗദൂദി രാഷ്ട്രീയം പിൻപറ്റുന്ന സോഷ്യൽ മീഡിയ പ്രൊഫൈലുകളിലാണ് കൂടുതൽ കാണുന്നത്.

2) ഹിന്ദുത്വ രാഷ്ട്രീയ വാദികൾ.

RSS ഉം സവർക്കറും ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തെ കേരള മണ്ണിൽ കാലു ഉറപ്പിക്കാതെ സൂക്ഷിക്കുന്നതിൽ കൃത്യമായ ദൗത്യം നിർവ്വഹിച്ച സഖാവാണ് വിഎസ്. ഒരൊറ്റ കാള തന്ത പ്രയോഗം കൊണ്ട് ചുരുങ്ങിയത് 25 വർഷത്തെ പശു രാഷ്ട്രീയത്തെയാണ് വി എസ് പിടിച്ചു കെട്ടിയത്. അതിൽ പക മനസ്സിൽ കൊണ്ടു നടക്കുന്ന മനോരോഗികളാണ് സകലയിടത്തും കമൻ്റുകളായി സോഷ്യൽ മീഡിയ നിറയ്ക്കുന്നത്.

3 ) ഇടതു വിരുദ്ധ രാഷ്ട്രീയ / മാധ്യമ പ്രവർത്തകർ.

അവർക്ക് ഇന്നു മുതൽ വി എസ്സ് ഉയർത്തിയ സമരങ്ങളൊക്കെ വലിയ മതിപ്പുള്ള കാര്യങ്ങളാണ്. (ഇന്നലെ വരെ അങ്ങിനെ ആയിരുന്നില്ല)മാത്രവുമല്ല അവർക്ക് ഉറപ്പിക്കേണ്ടത് വി എസ് അവസാന കമ്മ്യൂണിസ്റ്റാണ് എന്നതുമാണ്.

2019 നു ശേഷം വി എസ് പൊതു രംഗത്തു ഇല്ല. കഴിഞ്ഞ ആറു വർഷമായി വിശേഷ ദിവസങ്ങളിൽ അദ്ദേഹത്തിൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി വരുന്ന സന്ദേശങ്ങൾ വഴി മാത്രമാണ് ജനം ആ സാന്നിധ്യം അറിയുന്നത്. സാധാരണ ഗതിയിൽ , തിരക്കു പിടിച്ച മനുഷ്യ ജീവിതത്തിനിടയിൽ ,ഒരാൾ വിസ്മൃതിയിൽ ആകേണ്ട കാലമാണ് 6 വർഷം ; പക്ഷെ, വി എസ് ഏറ്റവും പുതിയ തലമുറയിലെ മനുഷ്യരെ പോലും ഇപ്പോഴും ത്രസിപ്പിക്കുന്നു എന്നാണ് ഇക്കഴിഞ്ഞ രണ്ട് ദിവസങ്ങൾ കൊണ്ട് നാം അനുഭവിക്കുന്നത്.

മലയാളിയുടെ ബോധമണ്ഡലത്തിൽ നിന്നും ഒരാൾക്കും ഒരിക്കലും മായ്ക്കുവാൻ കഴിയാത്ത രീതിയിൽ ആഴത്തിൽ പതിഞ്ഞ സമരങ്ങളാണ് ആ മനുഷ്യനെ നമ്മിൽ ഒരോരുത്തരിലേക്കും എത്തിച്ചത്. വി എസിനെ അവസാന യാത്ര അയപ്പിനായി തലമുറകൾ വ്യത്യാസമില്ലാതെ എത്തിയ മുഴുവൻ ആളുകളും ആ ചെങ്കൊടിയുടെ വർത്തമാന സാന്നിധ്യത്തെ ഒന്നു കൂടി ഊട്ടി ഉറപ്പിക്കുന്നവരാണ്. വി എസ്സും പാർട്ടിയും ചേർന്നാണ് ഈ മണ്ണും അതിലെ മനുഷ്യരുടെ അന്തസ്സും നില നിർത്തുവാൻ നിരന്തരം പോരാടിയത്, വി എസ്സ് തുടങ്ങിയ പോരാട്ടം ഇനിയും തുടരുക തന്നെ ചെയ്യും

ലാൽ സലാം സഖാവേ.

Content Highlights:VS Achuthanandan; Three groups are taking to social media to ridicule themselves and create hatred among people : C Shukkoor Writes

dot image
To advertise here,contact us
dot image