
ഖത്തറിലെ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം 2025-ന്റെ രണ്ടാം പാദത്തിൽ നടത്തിയ വിപുലമായ പരിശോധനകളിൽ 41 പാരിസ്ഥിതിക ലംഘനങ്ങൾ കണ്ടെത്തി. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നു ഈ നിരീക്ഷണങ്ങൾ. ഓട്ടോ ജൈറോ എയർക്രാഫ്റ്റ് ഉപയോഗിച്ചാണ് പരിശോധനകൾ നടത്തിയത്. രാജ്യത്തിന്റെ വടക്കൻ പ്രദേശങ്ങളിൽ കേന്ദ്രീകരിച്ച് 10 വ്യോമ നിരീക്ഷണങ്ങളാണ് നടത്തിയത്. ആകെ 12.6 മണിക്കൂർ ഈ പരിശോധന നീണ്ടുനിന്നു. നിരീക്ഷണങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചിരുന്നതായും മന്ത്രാലയം അറിയിച്ചു.
പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ എക്സ്റ്റേണൽ നേച്ചർ റിസർവ്സ് ഓഫിസ് ഡയറക്ടർ മുഹമ്മദ് നഹർ അൽ നൈമി അറിയിച്ചത് പ്രകാരം, ടെറസ്ട്രിയൽ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റും വൈൽഡ്‌ലൈഫ് ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റും ചേർന്നാണ് ഓട്ടോഗൈറോ വിമാനത്തിന്റെ സഹായത്തോടെ ഈ പരിശോധനകൾ നടത്തിയത്.
പരിസ്ഥിതി പരിശോധനയിൽ കണ്ടെത്തിയ 41 നിയമലംഘനങ്ങളിൽ 33 എണ്ണം ടെറസ്ട്രിയൽ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റും എട്ട് എണ്ണം വൈൽഡ്‌ലൈഫ് ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റുമാണ്. അനധികൃത ഭൂവിനിയോഗം, മണ്ണിന്റെയും സസ്യങ്ങളുടെയും നശീകരണം, അലക്ഷ്യമായ മാലിന്യ നിർമാർജനം, ലൈസൻസില്ലാത്ത കെട്ടിട നിർമാണം തുടങ്ങിയ നിയമലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്.
Content Highlights: MECC conducts 10 aerial inspections, records 41 violations in Q2 2025