രജിസ്ട്രാറെ പൂട്ടാൻ പുതിയ നീക്കവുമായി വിസി; കെ എസ് അനിൽ കുമാറിൻ്റെ ശമ്പളം തടഞ്ഞ് ഉത്തരവ്

സസ്പെൻഷൻ കാലത്ത് അനുവദിക്കാറുള്ള ഉപജീവനബത്ത മാത്രം നൽകിയാൽ മതി എന്നാണ് വിസിയുടെ നിർദേശം

dot image

തിരുവനന്തപുരം: കേരള സർവകലാശാലയിൽ രജിസ്ട്രാറെ പൂട്ടാൻ പുതിയ നീക്കവുമായി വിസി. ഡോ. കെ എസ് അനിൽ കുമാറിൻ്റെ ശമ്പളം തടഞ്ഞ് വിസി ഉത്തരവിട്ടു. സസ്പെൻഷൻ കാലത്ത് അനുവദിക്കാറുള്ള ഉപജീവനബത്ത മാത്രം നൽകിയാൽ മതി എന്നാണ് വിസിയുടെ നിർദേശം. സസ്പെൻഷൻ അംഗീകരിക്കാതെ അനിൽകുമാർ സർവകലാശാലയിൽ എത്തുന്നതിനാലാണ് തീരുമാനം.

കേരള സർവകലാശാലയിലെ തമ്മിലടിക്ക് അന്ത്യമില്ലെന്ന് ഉറപ്പിക്കുന്നതാണ് വൈസ് ‌ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിൻറെ പുതിയ ഉത്തരവ്. ഡോ. കെ എസ് അനിൽ കുമാറിൻ്റെ സസ്പെൻഷൻ സംബന്ധിച്ച് ഒരു വിട്ടുവീഴ്ചയും ഇല്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയ വിസി ഇപ്പോൾ അദ്ദേഹത്തിൻ്റെ ശമ്പളം കൂടി തടഞ്ഞുവെച്ച് ഉത്തരവിറക്കുകയാണ്. സസ്പെൻഷൻ കാലയളവിലെ ശമ്പളം നൽകരുതെന്നാണ് വിസി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.

സസ്പെൻഷൻ കാലയളവിൽ നൽകാറുള്ള നിശ്ചിത തുക അലവൻസ് മാത്രമായിരിക്കും അനുവദിക്കുക. എന്നാൽ വിസിയുടെ പല ഘട്ടങ്ങളിലെ താക്കീതുകളും ഉത്തരവുകളും അവഗണിച്ച് അനിൽകുമാർ ഇപ്പോഴും സർവകലാശാലയിൽ എത്തുന്നുണ്ട്. സസ്പെൻഷൻ നിയമപരമല്ല, നിയമന അധികാരിയായ സിൻഡിക്കേറ്റ് അത് റദ്ദുചെയ്തു എന്നുമാണ് അദ്ദേഹത്തിൻ്റെ നിലപാട്.

സസ്പെൻഷൻ അംഗീകരിച്ച് ഓഫീസിൽ നിന്ന് മാറി നിന്ന ശേഷം അപേക്ഷ നൽകിയാൽ തിരിച്ചെടുക്കാമെന്ന ഉപാധി, വിസി മുന്നോട്ടു വെച്ചെങ്കിലും സിൻഡിക്കേറ്റിലെ ഇടത് അംഗങ്ങളും രജിസ്ട്രാറും അതിനോട് യോജിച്ചില്ല. സർക്കാരും ഗവർണറും തമ്മിൽ ആശയവിനിമയം നടത്തിയെങ്കിലും കേരള സർവകലാശാലയിലെ പ്രശ്നങ്ങൾക്ക് മാത്രം ഇതുവരെ പരിഹാരം ആയില്ല.

നേരത്തെ രജിസ്ട്രാറെ സസ്പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ട വിഷയത്തിൽ അനില്‍ കുമാറിന് അനുകൂലമായ നടപടിയായിരുന്നു ഹൈക്കോടതി സ്വീകരിച്ചത്. അനില്‍ കുമാറിന് രജിസ്ട്രാര്‍ സ്ഥാനത്ത് തുടരാമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. സസ്പെന്‍ഷനെതിരെ അനില്‍ കുമാര്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയായിരുന്നു ഹൈക്കോടതിയുടെ നടപടി. സസ്പെന്‍ഷന്‍ റദ്ദാക്കിയതില്‍ എതിര്‍പ്പുണ്ടെങ്കില്‍ വൈസ് ചാന്‍സലര്‍ക്ക് ഉചിതമായ അതോറിറ്റിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വി സി-രജിസ്ട്രാർ പോര് യൂണിവേഴ്സിറ്റിയുടെ പ്രവർത്തനങ്ങൾ താളം തെറ്റിക്കുന്ന വിധത്തിലുള്ള ശീതസമരത്തിലേയ്ക്ക് മാറിയത്.

dot image
To advertise here,contact us
dot image