
ട്രാന്‍സ് വ്യക്തികള്‍ക്ക് ഇനി നിയമാനുസൃതമായി പൊതുശൗചാലയം ഉപയോഗിക്കാം, പുതിയ തീരുമാനവുമായി ഹോങ്കോങ് കോടതി. എതിര്‍ ലിംഗക്കാരുടെ ബാത്ത്‌റൂം ഉപയോഗിക്കുന്നത് ക്രമിനല്‍ കുറ്റത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്ന രാജ്യമായിരുന്നു ഹോങ്കോങ്. ഈ നിയമം റദ്ദാക്കാനും, ട്രാന്‍സ് വ്യക്തികള്‍ക്ക് അവരുടെ വ്യക്തിത്വത്തിനനുസരിച്ച് ബാത്ത്‌റൂം തിരഞ്ഞെടുക്കാന്‍ കഴിയുമെന്നും കോടതി വ്യക്തമാക്കി. നിയമത്തിന് മുന്നില്‍ എല്ലാ പൗരന്മാരും തുല്യരാണ് എന്ന ആശയമാണ് പുതിയ തീരുമാനത്തിലൂടെ സമൂഹത്തിന് മുന്നിലേക്ക് എത്തപ്പെടുന്നത്. ട്രാന്‍സ് വ്യക്തികളുടെ അവകാശം നിഷേധിക്കപ്പെടാതിരിക്കാന്‍ ഭരണഘടനയിലെ ഒരു ആര്‍ട്ടിക്കിളിന്റെ ചില നിയന്ത്രണങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും ജഡ്ജി വ്യക്തമാക്കി.
എന്നാല്‍ ഭരണഘടനയിലെ ആർട്ടിക്കിളിൽ അനുശാസിച്ചിരിക്കുന്ന നിയമം പാലിക്കാതിരിക്കുന്നതിന് പരിമിതികള്‍ ഉള്ളതിനാല്‍ നിലവില്‍ ട്രാന്‍സ് വ്യക്തികള്‍ക്കായുള്ള ഈ തീരുമാനം ഒരു വര്‍ഷത്തേക്കാണ് പ്രാവര്‍ത്തികമാവുക. ഇപ്പോള്‍ എടുത്തിരിക്കുന്ന തീരുമാനം നടപ്പിലാക്കുന്നതിനായി സര്‍ക്കാരിന് എന്തെങ്കിലും ചെയ്യാനാവുമോ എന്ന കാര്യവും പരിഗണിക്കുമെന്ന് ജഡ്ജി വ്യക്തമാക്കി. ക്യൂര്‍ വ്യക്തികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ആദ്യപടി നിയമമായി ഇതിനെ കാണാനാവുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സമീപ വര്‍ഷങ്ങളിലായി ആക്ടിവിസ്റ്റുകളുടെ നിരന്തരമായ ഇടപെടല്‍ മൂലം ഇത്തരത്തില്‍ പല നിയമങ്ങളും സര്‍ക്കാരിന് മാറ്റേണ്ടി വന്നിട്ടുണ്ട്.
ഹോങ്കോങിൽ ഇപ്പോള്‍ നിലനില്‍ക്കുന്ന നിയമപ്രകാരം അഞ്ച് വയസ് വരെയുള്ള കുട്ടികള്‍ക്ക് മാത്രമാണ് എതിര്‍ലിംഗക്കാരുടെ ബാത്ത്‌റൂമില്‍ കയറാന്‍ അനുവാദമുള്ളത്. അതും മുതിര്‍ന്ന ഒരാള്‍ക്കൊപ്പം മാത്രം. ഈ നിയമം ലംഘിക്കുന്നവര്‍ 2,000 ഹോങ്കോങ് ഡോളര്‍ (22,000 രൂപ) പിഴ അടയ്‌ക്കേണ്ടി വരും.
ട്രാന്‍സ് വ്യക്തികളുടെ ഔദ്യോഗിക ഐഡി കാര്‍ഡിന് അര്‍ഹരാകാന്‍ ലിംഗഭേദ ശസ്ത്രക്രിയയ്ക്ക് വിധേയരാകണമെന്ന് നിര്‍ബന്ധമില്ല എന്ന് ഹോങ്കോങിലെ പരമോന്നത കോടതി വിധിച്ചു. 2023ലായിരുന്നു ഈ മാറ്റം നിലവില്‍ വന്നത്. എന്നാല്‍, തൊട്ടടുത്ത വര്‍ഷം തന്നെ, നിയമത്തില്‍ ചില നിബന്ധനകള്‍ കൂടി ഉള്‍പ്പെടുത്തി. ശാരീരികമായി സ്ത്രീയും പുരുഷനിലേക്ക് മാറാന്‍ താല്‍പര്യവുമുള്ളവര്‍ സ്തനങ്ങള്‍ നീക്കം ചെയ്യണം, ഇനി സ്ത്രീയായി മാറാന്‍ ആഗ്രഹിക്കുന്ന ആളാണെങ്കില്‍ ജനനേന്ദ്രിയത്തില്‍ മാറ്റം വരുത്തണമെന്നും, എന്നാല്‍ മാത്രമെ നിയമപരമായ ഐഡി കാര്‍ഡ് ലഭിക്കുകയുള്ളു എന്ന നിയമം വന്നു.
Content Highlight; Hong Kong Judge Approves Transgender Access to Public Bathrooms