
ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ സി.സി.ടി.വി നിരീക്ഷൺ വർധിപ്പിക്കാൻ അധികൃതരുടെ തീരുമാനം. നിലവിൽ എല്ലാ ഇന്ത്യൻ സ്കൂളുകളിലും സി.സി.ടി.വി സംവിധാനങ്ങൾ ഉണ്ടെങ്കിലും കാമ്പസുകളിലുടനീളം സമഗ്രമായ നിരീക്ഷണം ഉറപ്പാക്കുന്നതിനായാണ് കൂടുതൽ കാമറകൾ സ്ഥാപിക്കുന്നത്.
വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സി.സി.ടി.വി കവറേജിന്റെ നിർബന്ധമാക്കുകയാണ് ഇന്ത്യയുടെ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സി.ബി.എസ്.ഇ). ഇതിന്റെ ഭാഗമായി പുറത്തിറക്കിയ ഏറ്റവും പുതിയ നിർദ്ദേശങ്ങളുമായി ഒമാനിലെ ഇന്ത്യൻ സ്കൂളുകൾ പൂർണ്ണമായും യോജിക്കുന്നതായി ഡയറക്ടർ ബോർഡ് ചെയർമാൻ സയ്യിദ് സൽമാൻ പ്രതികരിച്ചു. ഒമാനിലെ എല്ലാ സ്കൂളുകളിലും സി.സി.ടി.വി നെറ്റ്‌വർക്കുകൾ പ്രവർത്തനക്ഷമമാണെന്നും സയ്യിൻ സൽമാൻ കൂട്ടിച്ചേർത്തു.
നിലവിൽ, ബ്ലൈൻഡ് സ്പോട്ടുകളിൽ കാമറകൾ സ്ഥാപിച്ച് സി.സി.ടി.വി കവറേജ് കൂടുതൽ ശക്തിപ്പെടുത്തുന്ന പ്രക്രിയയിലാണ് അധികൃതർ. ഈ നവീകരണങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുവാൻ പ്രത്യേക ബജറ്റും വകയിരുത്തിയിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പ് സി.ബി.എസ്.ഇ അധികൃതർ പുറത്തിറക്കിയ നിർദ്ദേശങ്ങളിൽ ക്ലാസ് മുറികൾ, ഇടനാഴികൾ, പ്രവേശന, എക്സിറ്റ് പോയിന്റുകൾ, മറ്റ് സെൻസിറ്റീവ് മേഖലകൾ എന്നിവിടങ്ങളിൽ നിരീക്ഷണ സംവിധാനങ്ങൾ സ്ഥാപിക്കണം. കൂടാതെ, ഈ ദൃശ്യങ്ങൾ കുറഞ്ഞത് 30 ദിവസത്തേക്ക് സൂക്ഷിക്കാനുള്ള സംവിധാനവും ഉണ്ടാകണം. സ്കൂൾ സമയങ്ങളിലും പരീക്ഷാ സമയങ്ങളിലും ഇവ കാര്യക്ഷമമായി പ്രവർത്തിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽൃ സി.സി.ടി.വി കവറേജുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ഇതിനകം തന്നെ നടപ്പിലാക്കിയിട്ടുണ്ടെന്ന് സയ്യിദ് സൽമാൻ ചൂണ്ടിക്കാട്ടി. സുരക്ഷാ ആവശ്യകതകളിൽ മുന്നിൽ നിൽക്കുന്നതിനായി അടിസ്ഥാന സൗകര്യ നവീകരണത്തിൽ നിക്ഷേപം തുടരുകയാണെന്നും സൽമാൻ വ്യക്തമാക്കി. സുൽത്താനേറ്റിലെ 22 ഇന്ത്യൻ സ്കൂളുകളിലായി 45,000-ത്തിലധികം വിദ്യാർത്ഥികളാണ് നിലവിൽ പഠനം നടത്തുന്നത്. സി.സി.ടി.വി കവറേജ് വർദ്ധിപ്പിക്കാനുള്ള ഈ തീരുമാനം രക്ഷിതാക്കൾക്കിടയിൽ വലിയ സ്വാഗതം നേടിയിട്ടുണ്ട്.
Content Highlights: CCTV coverage being increased in Indian schools in Oman