
മികച്ച അഭിനയത്തിലൂടെയും സിനിമകളിലൂടെയും സിനിമാപ്രേമികളെ ഞെട്ടിക്കുന്ന നടനാണ് ഫഹദ് ഫാസിൽ. കേരളത്തിന് പുറത്തും നടന് നിരവധി ആരാധകരുണ്ട്. പലരും ഫഹദിന്റെ സിനിമകൾ തിരഞ്ഞുപിടിച്ച് കാണാറുണ്ടെന്ന പോസ്റ്റുകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇപ്പോഴിതാ ഫഹദിന് പ്രിയപ്പെട്ട അഞ്ച് സിനിമകളുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്. ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഫഹദ് തന്റെ പ്രിയപ്പെട്ട സിനിമകളെക്കുറിച്ച് മനസുതുറന്നത്.
അമിതാഭ് ബച്ചൻ ചിത്രം മിലി, രജനികാന്ത് നായകനായി എത്തിയ ജോണി, മോഹൻലാൽ-പത്മരാജൻ കൂട്ടുകെട്ടിലൊരുങ്ങിയ സീസൺ, മോണിക്ക ബെലൂച്ചി ചിത്രം മലീന, ഇൽ പോസ്റ്റിനോ എന്നിവയാണ് ഫഹദ് റെക്കമെൻഡ് ചെയ്യുന്ന സിനിമകൾ. 1975 ൽ പുറത്തിറങ്ങിയ മിലി സംവിധാനം ചെയ്തത് ഹൃഷികേശ് മുഖർജി ആയിരുന്നു. അമിതാഭ് ബച്ചൻ, ജയാ ബച്ചൻ എന്നിവരായിരുന്നു സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. ഒരു റൊമാന്റിക് ഡ്രാമ ഴോണറിൽ ഒരുങ്ങിയ സിനിമയിലെ പ്രകടനങ്ങൾ ഏറെ ചർച്ചയായിരുന്നു. 1980 ൽ പുറത്തിറങ്ങിയ രജനികാന്തിന്റെ ജോണി ഒരു ക്രൈം ആക്ഷൻ ത്രില്ലായിട്ടായിരുന്നു ഒരുങ്ങിയത്. ശ്രീദേവി, ദീപ, ബാലാജി തുടങ്ങി നിരവധി താരങ്ങൾ സിനിമയിൽ അണിനിരന്നിരുന്നു. മഹേന്ദ്രൻ സംവിധാനം ചെയ്ത സിനിമ വലിയ വിജയം നേടിയിരുന്നു.
FaFa's top 5 pick for your @IMDb watchlist —
— AB George (@AbGeorge_) July 23, 2025
1. Mili
2. Johnny
3. Season 🔥
4. Malena
5. Il Postino#FahadhFaasil pic.twitter.com/u4p5PNz8nN
1989 ൽ പത്മരാജന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സീസൺ മലയാളത്തിലെ മികച്ച സിനിമകളിൽ ഒന്നായിട്ടാണ് കണക്കാക്കപ്പെടുന്നത്. ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച ജീവൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗാവിൻ പക്കാർഡ്, മണിയൻ പിള്ള രാജു, അശോകൻ, ജഗതി ശ്രീകുമാർ എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. 2000 ൽ ഗ്യൂസെപ്പെ ടൊർണാറ്റോർ സംവിധാനം ചെയ്തു പുറത്തിറങ്ങിയ സിനിമയാണ് മലീന. ചിത്രത്തിൽ മോണിക്ക ബെല്ലൂച്ചി അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. 1994 ൽ പുറത്തിറങ്ങിയ സ്പാനിഷ് സിനിമയാണ് ഇൽ പോസ്റ്റിനോ. മാസിമോ ട്രോയിസി, ഫിലിപ്പ് നോയിറെറ്റ്, മരിയ ഗ്രാസിയ കുസിനോട്ട എന്നിവരായിരുന്നു സിനിമയിലെ പ്രധാന അഭിനേതാക്കൾ.
Content Highlights: Fahadh Faasil reccomends five best films