
ആൻ്‌ഡേഴ്‌സൺ-ടെൻഡുൽക്കർ നാലാം ടെസ്റ്റിൽ മികച്ച രീതിയിലാണ് ഇന്ത്യൻ യുവതാരം സായ് സുദർശൻ ബാറ്റ് വീശിയത്. ആദ്യ ടെസ്റ്റിൽ മികവ് പുലർത്താതിരുന്ന താരത്തിന് അടുത്ത രണ്ട് മത്സരത്തിലും കളത്തിലിറങ്ങാൻ അവസരം ലഭിച്ചില്ല. എന്നാൽ ഫോമൗട്ടായ കരുൺ നായരിന് പകരം നാലാം മത്സരത്തിൽ സായ്ക്ക് വീണ്ടും നറുക്ക് വീഴുകയായിരുന്നു.
വളരെ അച്ചടക്കത്തോടെ ബാറ്റ് വീശിയ സായ് 151 പന്ത് നേരിട്ട് 7 ബൗണ്ടറിയുടെ അകമ്പടിയോടെ 61 റൺസാണ് സ്വന്തമാക്കിയത്. രണ്ടാം സെഷനിൽ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് എളുപ്പം നഷ്ടമായ ഘട്ടത്തിൽ റിഷബ് പന്തുമൊത്ത് മികച്ച കൂട്ടുക്കെട്ട് സൃഷ്ടിക്കാൻ സായ്ക്ക് സാധിച്ചു. എന്നാൽ അവസാന സെഷനിൽ ഒരു മോശം ഷോട്ട് കളിച്ച് സായ് മടങ്ങി.
ആദ്യ മത്സരത്തിലെ രണ്ട് ഇന്നിങ്‌സിലും സുദർശനെ ലെഗ് സൈഡ് ട്രാപ്പിൽ കുടുക്കി സ്റ്റോക്‌സാണ് മടക്കിയത്. ഇത്തവണയും താരത്തെ ലെഗ് സൈഡിൽ കുരുക്കാൻ ഇംഗ്ലീഷ് നായകൻ കെണി ഒരുക്കിയിരുന്നു. ഇന്നിങ്‌സിന്റെ ഒരു ഘട്ടത്തിൽ സുദർശൻ ആ കെണിയിൽ വീഴുകയും ചെയ്തിരുന്നു എന്നാൽ വിക്കറ്റ് കീപ്പർ ജെയ്മി സ്മിത്തിന് ക്യാച്ചെടുക്കാൻ സാധിക്കാത്തതിനാൽ അദ്ദേഹം രക്ഷപ്പെടുകയായിരുന്നു.
അർധസെഞ്ച്വറിക്ക് ശേഷം നിരന്തരം ബൗൺസർ നേരിട്ട സുദർശൻ ഒടുവിൽ സ്‌റ്റോക്‌സിന്റെ കെണിയിൽ കൃത്യമായി വീഴുകയായിരുന്നു. സ്‌റ്റോക്‌സ് എറിഞ്ഞ ബോഡി ലൈൻ ബൗൺസറിൽ പുൾ ഷോട്ടിന് ശ്രമിച്ച സുദർശന് പക്ഷെ വിചാരിച്ച അത്രയും പവർ ലഭിച്ചില്ല. സ്‌ക്വയർ ലെഗ്ഗിൽ ഫീൽഡ് ചെയ്തിരുന്ന ബ്രൈഡൺ കാഴ്‌സയുടെ കയ്യിലെത്തുകയായിരുന്നു.
ഔട്ടായതിന് ശേഷം നിരാശയോടെയാണ് സായ് മടങ്ങിയത്. ഒരു നിമിഷത്തെ അശ്രദ്ധയാണ് അദ്ദേഹം ആ ഷോട്ടിലെത്തിച്ചത്. റിഷബ് പന്ത് പരിക്കേറ്റ് പുറത്തായതിന് ശേഷവം ഇന്ത്യക്ക് ആദ്യ ദിനം ആധിപത്യം നിലനിർത്താൻ ടച്ചിലുള്ള സുദർശൻ ക്രീസിലുണ്ടാകേണ്ടത് നിർണായകമായിരുന്നു.
അതേസമയം നാലാം ടെസ്റ്റിൽ ഒന്നാം ദിനം കളി അവസാനിച്ചപ്പോൾ ഭേദപ്പെട്ട നിലയിലാണ് നിലവിൽ ഇന്ത്യ. 4 വിക്കറ്റ് നഷ്ടത്തിൽ 264 റൺസ് ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. 19 റൺസുമായി രവീന്ദ്ര ജഡേജയും 19 റൺസുമായി ഷർദുൽ താക്കൂറുമാണ് ക്രീസിലുള്ളത്. സുദർശനെ കൂടാതെ ഇന്ത്യക്കായി ഓപ്പണർ ബാറ്റർ യശസ്വി ജയ്‌സ്വാളും (58) അർധസെഞ്ച്വറി പൂർത്തിയാക്കി . കെൽ രാഹുൽ (46), ശുഭ്മൻ ഗിൽ (12) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റർമാർ. ഇംഗ്ലണ്ടിനായി ബെൻ സ്റ്റോക്‌സ് രണ്ടും, ക്രിസ് വോക്‌സ് ലിയാം ഡോസൺ എന്നിവർ ഓരോ വിക്കറ്റ് നേടി. 37 റൺസ് സ്വന്തമാക്കിയ റിഷബ് പന്ത് പരിക്കേറ്റ് പുറത്തായി.
Content Highlights- Sai Sudarshan fell into trap of Ben Stokes Again