
അബുദബി: ഭക്ഷണശാലകള്, കഫ്റ്റീരിയകള് തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളുടെ പുറത്ത് താല്ക്കാലിക ഇരിപ്പിടങ്ങള് സജ്ജമാക്കുന്നതിന് നിയന്ത്രണവുമായി അബുദബി മുനിസിപ്പാലിറ്റി. പ്രത്യേക പെര്മിറ്റ് ഉള്ളവര്ക്ക് മാത്രമെ ഇത്തരം സ്ഥാപനങ്ങള്ക്ക് മുന്നില് ഇരിപ്പിടങ്ങള് ഒരുക്കാന് സാധിക്കുകയുള്ളു. നിയമലംഘകര് പിഴ ഉള്പ്പെടെയുളള ശിക്ഷാ നടപടികള് നേരിടേണ്ടി വരുമെന്ന് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നല്കി.
യുഎഇയില് ചൂട് കുറഞ്ഞ് വരുന്ന സാഹചര്യത്തില് റസ്റ്ററന്റുകള്ക്കും കഫ്തീരിയകള്ക്കും മുന്നില് അധികൃതമായി ഇരിപ്പിടങ്ങള് ഇടുന്നവരുടെ എണ്ണം വര്ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി അബുദബി മുനിസിപ്പാലിറ്റി രംഗത്ത് എത്തിയിരിക്കുന്നത്. നടപ്പാതകള് അടക്കം കൈയേറിയുളള ഇത്തരം നടപടികള് അനുവദിക്കാനാകില്ലെന്ന് മുനിസിപ്പാലിറ്റി നിർദേശം നൽകി.
എന്നാല് പ്രത്യേക അനുമതി വാങ്ങുന്ന വ്യാപാര സ്ഥാപനങ്ങള്ക്ക് പുറത്ത് ഇരിപ്പിടങ്ങള് ക്രമീകരിക്കാന് അനുവാദം നല്കും. ഉപയോഗിക്കേണ്ട സ്ഥലത്തിന്റെ വിസ്തൃതി, ഇടാന് ഉദേശിക്കുന്ന മേശ, കസേര, തണല്ക്കുടകള് എന്നിവയുടെ വിശദാംശങ്ങള് ഉള്പ്പെടെ മുനിസിപ്പാലിറ്റിക്ക് സമര്പ്പിക്കണം. മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര് നേരിട്ട് പരിശോധിച്ച ശേഷമായിരിക്കും അനുമതി നല്കുക.
സ്ഥലത്തിന്റെ വലിപ്പം അനുസരിച്ചായിരിക്കും അധികൃതര് ഫീസ് നിശ്ചയിക്കുക. നിശ്ചിത ഫീസിന് പുറമെ 10,000 ദിര്ഹം ഡെപ്പോസിറ്റായും നല്കണം. ഒരു വര്ഷത്തേക്കായിരിക്കും ആദ്യഘട്ടത്തില് അനുമതി നല്കുക. പിന്നീട് ഇത് പുതുക്കി നല്കും. നിബന്ധനകള് ലംഘിക്കുകയോ പ്രദേശത്ത് നഗര വികസന പദ്ധതികള് നടപ്പിലാക്കുകയോ ചെയ്താല് അനുമതി റദ്ദാക്കപ്പെടും. നിയമം ലംഘിച്ച് ഇരിപ്പിടങ്ങള് മാറ്റിയാല് 5,000 ദിര്ഹം പിഴ ചുമത്തും. പെര്മിറ്റ് വ്യവസ്ഥകള് ലംഘിച്ചാല് 3000 ദിര്ഹമാണ് പിഴ. കാല് നടയാത്രക്കാര്ക്ക് തടസം സൃഷ്ടിക്കുന്ന രീതിയില് ഇരിപ്പിടങ്ങള് ഇടരുതെന്നും മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി.