
അബുദാബി: ദുബായിൽ ഹെലികോപ്റ്റർ തകർന്നു വീണ് കാണാതായ രണ്ടു പൈലറ്റുമാരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കാണാതായ സഹപൈലറ്റിനായുളള തിരച്ചിൽ തുടരുകയാണ്. ഇന്നലെ വൈകിട്ട് 8 മണിയോടെയാണ് അപകടം ഉണ്ടായത്. ദുബായ് അൽ മക്തൂം വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ബെൽ 212 ഹെലികോപ്റ്ററാണ് പരിശീലന പറക്കലിനിടെ ഉമ്മൽഖോയിൻ തീരത്തിന് സമീപം തകർന്നത്.
രണ്ട് പൈലറ്റുമാരായിരുന്നു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഈജിപ്റ്റ്, ദക്ഷിണാഫ്രിക്ക സ്വദേശികളായിരുന്നു ഇവർ. ഇന്നലെ രാത്രി ഹെലികോപ്റ്റർ തകർന്നെന്ന വിവരം ലഭിച്ച ഉടൻ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തുകയും തിരച്ചിൽ ആരംഭിക്കുകയും ചെയ്തിരുന്നു. തിരച്ചിലിൽ ആദ്യം ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താനായെങ്കിലും പൈലറ്റുമാരെക്കുറിച്ച് വിവരം ലഭിച്ചിരുന്നില്ല.
മണിക്കൂറുകൾ നീണ്ട പരിശോധനയിലാണ് രണ്ടു പൈലറ്റുമാരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. ഇയാൾ ഏതു നാട്ടുകാരനാണ് എന്നതുൾപ്പെടെയുളള വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.