മൂന്നു പെനാല്‍റ്റികള്‍, ഒരു നിഷേധിച്ച ഗോള്‍; ഇത് 'റഫറി' മാഡ്രിഡോ എന്ന് സോഷ്യല്‍ മീഡിയ
റഫറി പാബ്ലോ ഗോണ്‍സാലസ് ഫ്യൂയന്റസ് റയലിന് അനുകൂലമായി മൂന്നു പെനാല്‍റ്റി അനുവദിച്ചതും കെല്‍റ്റ നേടിയ ഒരു ഗോള്‍ നിഷേധിച്ചതുമാണ് വിവാദമായത്.
3 April 2022 5:57 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇന്നലെ സ്പാനിഷ് ലാ ലിഗയില്‍ നടന്ന കെല്‍റ്റ വിഗോ - റയല്‍ മാഡ്രിഡ് മത്സരം സംബന്ധിച്ച് വിവാദം പുകയുന്നു. മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് റയല്‍ ആതിഥേയരായ കെല്റ്റയെ തോല്പിച്ചിരുന്നു. എന്നാല്‍ റയലിന്റെ ജയം റഫറിയുടെ 'ദാന'മായിരുന്നുവെന്നാണ് ആരോപണം ഉയരുന്നത്.
മത്സരം നിയന്ത്രിച്ച റഫറി പാബ്ലോ ഗോണ്‍സാലസ് ഫ്യൂയന്റസ് റയലിന് അനുകൂലമായി മൂന്നു പെനാല്‍റ്റി അനുവദിച്ചതും കെല്‍റ്റ നേടിയ ഒരു ഗോള്‍ നിഷേധിച്ചതുമാണ് വിവാദമായത്. വാര് പോലും ഉപയോഗിക്കാതെ റഫറി പലപ്പോഴും ഏകപക്ഷീയമായി തീരുമാനം കൈക്കൊള്ളുകയായിരുന്നുവെന്നാണ് വിമര്‍ശനം.
മത്സരത്തിന്റെ 18-ാം മിനിറ്റിലാണ് റയലിന് ആദ്യ പെനാല്‍റ്റി ലഭിക്കുന്നത്. ഏഡര്‍ മിലിഷ്യാവോയെ കെല്‍റ്റ താരം അല്‍ഫോന്‍സോ പെരസ് വീഴ്ത്തിയതിനാണ് റഫറി സ്പോട്ട് കിക്ക് അനുവദിച്ചത്. അതില്‍ ആര്‍ക്കും പരാതിയില്ല. കാരണം പെരസിന്റേത് ഗുരുതരമായ ഫൗളായിരുന്നു. കിക്കെടുത്ത കരീം ബെന്‍സേമ ടീമിന് ലീഡ് സമ്മാനിക്കുകയും ചെയ്തു.
39-ാം മിനിറ്റിലാണ് കെല്റ്റയുടെ ഗോള്‍ നിഷേധിക്കപ്പെടുന്നത്. കെല്‍റ്റ താരം ഗലാര്ഡോയുടെ ഹെഡ്ഡര്‍ പോസ്റ്റില്‍ തട്ടി വലയില്‍ കയറി. ഗോള്‍ എന്നു കരുതി കെല്‍റ്റ താരങ്ങള്‍ ആഘോഷം തുടങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. പോസ്റ്റില്‍ തട്ടി ഗോള്ലൈനിലേക്കു നീങ്ങിയ പന്ത് ക്ലിയര്‍ ചെയ്യാനുള്ള റയല്‍ താരം ആലാബയുടെ ശ്രമത്തെ ഓഫ് സൈഡ് പൊസിഷനില്‍ നിന്ന കെല്‍റ്റ താരം ആസ്പാസ് ശ്രമിച്ചതായി വാര് പരിശോധിച്ചു കണ്ടെത്തിയ റഫറി ഗോള്‍ നിഷേധിക്കുകയായിരുന്നു.
അറുപത്തിമൂന്നാം മിനുട്ടിലാണ് റയലിന് അടുത്ത പെനാല്‍റ്റി അനുവദിച്ചത്. റയല്‍ താരം റോഡ്രിഗോയെ മുറിയോ വീഴ്ത്തിയതിനാണ് പെനാല്‍റ്റി അനുവദിച്ചത്. എന്നാല്‍ ബെന്സേമയെടുത്ത കിക്ക് കെല്‍റ്റ ഗോള്‍കീപ്പര്‍ തട്ടിയകറ്റി. ഈ പെനാല്‍റ്റിയിലും റഫറിയുടെ തീരുമാനം ശരിയായിരുന്നു.
എന്നാല്‍ നാല് മിനുട്ട് പിന്നിട്ടപ്പോഴേക്കും ഒരു പെനാല്‍റ്റി കൂടി റയലിന് അനുവദിച്ചു. ഇത്തവണ ഫെര്‍ലാന്‍ഡ് മെന്‍ഡിയെ വാസ്ക്വസ് ബോക്സിനുള്ളില്‍ വീഴ്ത്തിയതിനാണ് പെനാല്‍റ്റി നല്‍കിയത്. എന്നാല്‍ അത് പെനാല്‍റ്റി അനുവദിക്കാന്‍ മാത്രമുള്ള ഫൗളല്ലെന്നു റീപ്ലേകളില്‍ നിന്നു വ്യക്തമായിരുന്നു. കെല്‍റ്റ താരങ്ങളുടെ പ്രതിഷേധം മുഖവിലയ്ക്കെടുക്കാതെ വാര് പോലും പരിശോധിക്കാതെ റഫറി തന്റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ഇക്കുറി പിഴവില്ലാതെ ബെന്‍സേമ കിക്ക് വലയിലാക്കിയതോടെ റയല്‍ വീണ്ടും ലീഡ് നേടുകയും ചെയ്തു.
വിവാദ പെനാല്‍റ്റിയില്‍ ജയിച്ച റയല്‍ ലീഗില്‍ 30 മത്സരങ്ങളില്‍ നിന്നും 69 പോയിന്റുമായി ഒന്നാം സ്ഥാനത്തു തുടരുകയാണ്. 29 മത്സരങ്ങള്‍ കളിച്ച സെവിയ്യ 57 പോയിന്റുമായി രണ്ടാമതും 30 മത്സരങ്ങളില്‍ നിന്നും 57 പോയിന്റുള്ള അത്ലറ്റികോ മാഡ്രിഡ് മൂന്നാമതുമുണ്ട്. 28 മത്സരങ്ങളില്‍ 54 പോയിന്റുള്ള ബാഴ്സലോണയാണ് നാലാമത്.