ജമ്മുവും കടന്നു; സന്തോഷ് ട്രോഫിയില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് കേരളം
ഇതോടെ 12 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്ന കേരളം ഫൈനല്‍ റൗണ്ട് പ്രതീക്ഷകള്‍ സജീവമാക്കി.
5 Jan 2023 3:55 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോളില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് കേരളം. ജമ്മു കാശ്മീരിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ത്താണ് കേരളം തുടര്‍ച്ചയായ നാലാം ജയം ഉറപ്പിച്ചത്. ഇതോടെ 12 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്ന കേരളം ഫൈനല്‍ റൗണ്ട് പ്രതീക്ഷകള്‍ സജീവമാക്കി.
ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം 51-ാം മിനുട്ടിലാണ് കേരളത്തിന്റെ ആദ്യ ഗോള്‍ പിറക്കുന്നത്. നിജോ ഗില്‍ബര്‍ട്ടിന്റെ പാസ് പിടിച്ചെടുത്ത വിഘ്നേഷാണ് കേരളത്തിനായി ആദ്യം വല കുലുക്കിയത്. 76-ാം മിനുട്ടില്‍ റിസ്വാന് അലിയും അധിക സമയത്ത് നിജോ ഗില്‍ബര്‍ട്ടും ഗോള്‍ നേടി.
ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാര്‍ക്ക് ഫൈനല്‍ റൗണ്ടിലേക്ക് നേരിട്ട് യോഗ്യത ലഭിക്കും. മികച്ച മൂന്ന് റണ്ണറപ്പുകളും യോഗ്യത നേടും. എട്ടിന് നടക്കുന്ന അടുത്ത മത്സരത്തില്‍ കരുത്തരായ മിസോറാമിനെ സമനിലയില്‍ തളച്ചാല്‍ പോലും കേരളത്തിന് ഫൈനല്‍ ഉറപ്പിക്കാം.
STORY HIGHLIGHTS: Kerala won against Jammu Kashmir on Santhosh Trophy