ഒച്ചപ്പാടുകളില്ലാതെ, കയ്യടി വാങ്ങുന്ന, ലളിതമായി തുടരുന്ന ശോഭന..

മോഹന്‍ലാലും ശോഭനയും ഒന്നിച്ചെത്തിയ സിനിമകളില്‍ നായകനൊപ്പമോ അതിന് മുകളിലോ ആഘോഷിക്കപ്പെട്ട നായികാവേഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും ആ പതിവ് തുടരുന്നു

dot image

തേന്മാവിന്‍ കൊമ്പത്തിലെ കാര്‍ത്തുമ്പി…മണിച്ചിത്രത്താഴിലെ ഗംഗ…ടി പി ബാലഗോപാലന്‍ എം എ യിലെ അനിത… നാടോടിക്കറ്റിലെ രാധ…മോഹന്‍ലാലിനൊപ്പം ശോഭന അഭിനയിച്ച് അവിസ്മരണീയമാക്കിയ എത്ര എത്ര കഥാപാത്രങ്ങള്‍. മോഹന്‍ലാല്‍ എന്ന നടനൊപ്പമോ അല്ലെങ്കില്‍ ചിലപ്പോള്‍ അതിനേക്കാള്‍ ഉയരത്തിലോ ശോഭനയുടെ ഈ കഥാപാത്രങ്ങള്‍ നിന്നിട്ടുണ്ട്. ലാല്‍ ശോഭന കോമ്പിനേഷന്‍ എല്ലാ കാലത്തും മലയാളിക്ക് വമ്പന്‍ ഹിറ്റുകള്‍ സമ്മാനിക്കാന്‍ കാരണവും ഒരുപക്ഷെ നായകന് ഒപ്പം നില്‍ക്കാന്‍ കെല്‍പ്പുള്ള നായികാ എന്നത് തന്നെയാകാം.

മോഹന്‍ലാലിനൊപ്പം നിരവധി നായികമാര്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരു പെര്‍ഫെക്റ്റ് ജോഡി അല്ലെങ്കില്‍ മോഹന്‍ലിന്റെ ചാമിനോട് ഏറ്റവും ഇണങ്ങി നില്‍ക്കുന്നത് ശോഭന ആണെന്നതില്‍ എതിരഭിപ്രായമുള്ള ലാല്‍ ആരാധകര്‍ ചുരുക്കമായിരിക്കും. മോഹന്‍ലാലിനൊപ്പം എത്തിയില്ല എന്ന് പല അഭിനേതാക്കളോടും പ്രേക്ഷകര്‍ പറഞ്ഞിട്ടുണ്ടെങ്കിലും ശോഭനയ്ക്ക് അങ്ങനെയൊരു പ്രതികരണം നേരിടേണ്ടി വന്നിട്ടുണ്ടായിരിക്കില്ല. സൂപ്പര്‍താരങ്ങള്‍ക്കൊപ്പം നായികമാര്‍ മാറി മാറി വരുന്ന കാലത്തും, ശോഭന-മോഹന്‍ലാല്‍ ജോഡിയില്‍ 55 ല്‍ കൂടുതല്‍ ചിത്രങ്ങളാണ് തിയേറ്ററില്‍ എത്തിയത്. ഇതില്‍ ഭൂരിഭാഗവും സൂപ്പര്‍ ഹിറ്റുകളാണ്. ഈ കോമ്പിനേഷന്‍ ഒരിക്കലും ആരാധകര്‍ക്ക് ബോര്‍ അടിക്കില്ല എന്നതിന് ഉദാഹരമാണ് ആ സിനിമകളുടെ വിജയം.

2009 ല്‍ സാഗര്‍ ഏലിയാസ് ജാക്കി എന്ന സിനിമയ്ക്ക് ശേഷം ശോഭന കരിയറില്‍ ഒരു വലിയ ബ്രേക്ക് എടുത്തു. പിന്നീട് 2013ല്‍ വിനീത് ശ്രീനിവാസന്‍ സംവിധാനത്തില്‍ എത്തിയ തിര എന്ന സിനിമയിലൂടെയാണ് ശോഭനയുടെ രണ്ടാം വരവ്. ഡോ.രോഹിണി പ്രതാപ് എന്ന കഥാപാത്രം രണ്ടാം വരവില്‍ ശോഭനയ്ക്ക് ലഭിച്ച ശക്തമായ വേഷമായിരുന്നു. ഇടവേള കഴിഞ്ഞ് ശോഭന തിരിച്ച് എത്തിയപ്പോഴും തന്റെ ഉള്ളിലെ ആ ഫയറിന് ഒട്ടും കുറവിലെന്ന് തെളിയിച്ചു. തിര എന്ന സിനിമയെ മുഴുവന്‍ താങ്ങി നിര്‍ത്തി, പതിവ് ക്ലീഷേകളെ ബ്രേക്ക് ചെയ്ത നായികയായി ശോഭന. സാധാരണ സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്ത് പോയ നായികമാര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തുമ്പോള്‍ അവര്‍ക്കുള്ള ഫാന്‍ ബെയിസിന് ഇടിവ് സംഭവിക്കാറാണ് പതിവ്. എന്നാല്‍ ശോഭനയുടെ ഫാന്‍സ് ഒന്നുകൂടി കൂടി എന്നല്ലാതെ ഒരിക്കലും കുറവ് സംഭവിച്ചിട്ടില്ല.

പിന്നീട് സുരേഷ് ഗോപിയ്ക്ക് നായികയായി വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ ശോഭന എത്തി. ശോഭനയിലെ റൊമാന്റിക് നായികയെ വളരെ കാലത്തിന് ശേഷം സ്‌ക്രീനില്‍ എത്തിച്ച കഥാപാത്രം കൂടിയായിരുന്നു നീന എന്ന കഥാപാത്രം. സുരേഷ് ഗോപിക്കൊപ്പമുള്ള നര്‍മ്മ മുഹൂര്‍ത്തങ്ങളും കല്യാണി പ്രിയദര്‍ശനൊപ്പമുള്ള ഇമോഷണല്‍ നിമിഷങ്ങളും ശോഭനയിലെ അഭിനേതാവിന് ഒരു കോട്ടവും തട്ടിയിട്ടില്ലെന്ന് തെളിയിച്ചു.

ഇനി തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന തുടരും സിനിമയിലേക്കു വന്നാല്‍ മോഹന്‍ലാലിന്റെ ഷണ്മുഖമെന്ന ബെന്‍സിന്റെ നിഴലായി മാത്രമല്ല, അയാളുടെ പോയ കാലം പ്രതിഫലിക്കുന്ന കണ്ണാടിയായാണ് ലളിത എത്തുന്നത്. വീട്ടിലെ കാര്യങ്ങളും മില്ലും നോക്കിനടത്തുന്നുമുണ്ട്. തമിഴ്നാട്ടുകാരിയായ, എന്നാല്‍ ഇപ്പോള്‍ വര്‍ഷങ്ങളായി കേരളത്തില്‍ താമസിക്കുന്ന ലളിതയെ സുന്ദരമായ സ്വാഭാവികതയോടെയാണ് ശോഭന അവതരിപ്പിക്കുന്നത്. തമിഴും മലയാളവും കലര്‍ന്ന പേച്ചും ആ സാരികളും കൂസലില്ലാത്ത നടപ്പുമെല്ലാമായി ലളിതയെ സിംപിളി ബ്യൂട്ടിഫുള്ളാക്കാന്‍ ശോഭനയ്ക്ക് കഴിയുന്നുണ്ട്. ജീവിതത്തില്‍ പല പ്രതിസന്ധികളെയും നേരിട്ട് നേടിയ കരുത്ത് അവരിലുണ്ട് എന്ന് തുടക്കം മുതലേ എവിടെയൊക്കെയോ സിനിമ പറയാതെ പറയുന്നുമുണ്ട്.

ഷണ്‍മുഖത്തിന്റെ വളര്‍ച്ചയിലും വീഴ്ചയിലും ലളിത കൂടെയുണ്ട്, കുട്ടികളെ ചേര്‍ത്ത് പിടിച്ചു ഒരു കരുതലിന്റെ തണല്‍ പോലെ. കുഞ്ഞിനെ ചേര്‍ത്ത് പിടിച്ച് കോടതിയിലും പോലീസ് സ്റ്റേഷനിലും നില്‍ക്കുമ്പോള്‍ ശോഭനയില്‍ നിന്ന് വരുന്ന രണ്ട് നോട്ടങ്ങള്‍ ഉണ്ട്. ഉള്ളില്‍ എരിയുന്ന എല്ലാ സങ്കടവും പകയും ആ കണ്ണുകളിലൂടെ ശോഭന പ്രേക്ഷകരിലേക്കും എത്തിച്ചിട്ടുണ്ട്.

ഇനി ഷണ്‍മുഖത്തെയും ലളിതയെയും ഒരല്‍പം മാറ്റി നിര്‍ത്താം. 'കുറച്ചു കഞ്ഞി എടുക്കട്ടേ' എന്നും 'വെട്ടിയിട്ട വാഴത്തണ്ട് പോലെ' എന്നൊക്കെയുള്ള മോഹന്‍ലാല്‍ ട്രോളുകള്‍ അനായാസം ആ മുഖത്തു നോക്കി പറയാനും അത് അപകടമില്ലാത്ത വിധം സേഫ് ആക്കാനും ശോഭനയെന്ന നടിക്കല്ലാതെ മറ്റാര്‍ക്കെങ്കിലും കഴിയുമോ. മാടമ്പള്ളിയിലെ ആ മനോരോഗിയെ മോഹന്‍ലാല്‍ തിരിച്ച് ട്രോളുണ്ട്, അതും മലയാളികള്‍ ഒരു പുഞ്ചിരിയോടെയാണ് കണ്ടിരുന്നത്.

എല്ലാകാലത്തും നായകന്റെ നിഴല്‍ മാത്രമാകുന്ന നായികമാരാല്‍ സമ്പന്നമായ മലയാളസിനിമകളുടെ കഥ പറച്ചിലുകളില്‍ എപ്പോഴും വേറിട്ട് നില്‍കാറുണ്ട് ശോഭനയുടെ കഥാപാത്രങ്ങള്‍. മോഹന്‍ലാലും പ്രകാശ് വര്‍മയും കയ്യടി വാരി കൂട്ടുമ്പോള്‍ വലിയ ഒച്ചപ്പാടുകള്‍ ഇല്ലാതെ തുടരുമിന്റെ മൂന്നാം തൂണാകുന്നത് ശോഭനയാണ്. തുടര്‍ന്ന് തുടര്‍ന്ന് വന്നതെല്ലാം ലളിതയുടെ കഥയാണ്. ആ കഥയ്ക്ക് ഉള്ളിലേക്കു വന്നു കയറിയവരാണ് ഷണ്മുഖനും ജോര്‍ജ് സാറും എല്ലാം.

സിനിമയിലെ ഈ അഭിനയമുഹൂര്‍ത്തങ്ങള്‍ക്കൊപ്പം തന്നെ മോഹന്‍ലാലും ശോഭനയും ചേര്‍ന്ന് മറ്റൊരു സ്‌പെഷ്യല്‍ ട്രീറ്റും മലയാളികള്‍ക്കായി നല്‍കിയിട്ടുണ്ട്. അതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന കൊണ്ടാട്ടം എന്ന തുടരും പ്രൊമോ സോംഗ്. മോഹന്‍ലാലും ശോഭനയും ഒന്നിച്ചെത്തി സ്‌ക്രീനില്‍ ആടിതിമിര്‍ത്ത ഡാന്‍സ് നമ്പറുകള്‍ ഏറെയാണ്. മിന്നാരത്തിലെ 'ഒരു വല്ലം പൊന്നും പൂവും', തേന്മാവിന്‍ കൊമ്പത്തെ 'മാനം തെളിഞ്ഞേ വന്നാല്‍', കറുത്ത പെണ്ണേ തുടങ്ങിയ അവയില്‍ ചിലത് മാത്രം. ഈ എനര്‍ജറ്റിക് കോംബോയുടെ തകര്‍പ്പന്‍ ഡാന്‍സുകള്‍ വീണ്ടും കാണാന്‍ കാത്തിരിക്കുകയായിരുന്നു ഓരോ പ്രേക്ഷകനും. വര്‍ഷങ്ങള്‍ക്കിപ്പുറം, കൊണ്ടാട്ടവുമായി ഇരുവരും എത്തിയതോടെ ആ കാത്തിരിപ്പ് ആഘോഷമായി മാറിയിരിക്കുകയാണ്.

അപ്പൊ നിങ്ങള്‍ തന്നെ പറ, ലളിതയായി എത്തി നമ്മുടെ ഹൃദയം തൊട്ട, ആട്ടവും പാട്ടുമായെത്തി നമ്മുടെ ഹൃദയത്തെ കൊണ്ടാടുന്ന ശോഭനയക്ക് ഒരു കയ്യടി കൊടുക്കണ്ടേ..

Content Highlights:  Shobhana continues to act in Malayalam cinema.. and will continue to do so

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us